തിരുവനന്തപുരം: ഉദ്ഘാടനം ഉറപ്പായ പദ്ധതികളുടെ അടുത്തുപോയി ഫോട്ടോ എടുത്തുമടങ്ങുന്ന കേന്ദ്രമന്ത്രിമാര്‍ ദേശീയ പാതകളിലെ കുഴി എണ്ണാന്‍ കൂടി സമയം കണ്ടെത്തണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. വി മുരളീധരന്‍ നടത്തുന്ന പത്രസമ്മേളനങ്ങളെക്കാള്‍ കുഴികള്‍ സംസ്ഥാനത്തെ ദേശീയപാതയിലുണ്ടെന്ന് റിയാസ് നിയമസഭയില്‍ പരിഹസിച്ചു.
'സംസ്ഥാനത്തെ പൊതുവെ കുഴികള്‍ പരിശോധിച്ചാല്‍ ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള റോഡുകളില്‍ നിറെയ കുഴികളുണ്ട്. ഈ സംസ്ഥാനത്ത് ജനിച്ച് ഇവിടെ കളിച്ചു വളര്‍ന്ന് മറ്റൊരു സംസ്ഥാനത്തുനിന്ന് രാജ്യസഭാ അംഗമായ ഒരു കേന്ദ്രമന്ത്രിയുണ്ട്. അത് നല്ലകാര്യം. അദ്ദേഹം എല്ലാ ദിവസവും പത്രസമ്മേളനം നടത്താറുണ്ട്. അതും നല്ലത്. അദ്ദേഹം നടത്തുന്ന പത്രസമ്മേളനത്തെക്കാള്‍ കുഴി കേരളത്തിലെ ദേശീയപാതയിലുണ്ട് എന്നത് ഒരു വസ്തുതയാണ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അതില്‍ ഇടപെടാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ഒരുപാട് കേന്ദ്രമന്ത്രിമാര്‍ നമ്മുടെ സംസ്ഥാനത്ത് വരുന്നുണ്ട്. ഉദ്ഘാടനം ഉറപ്പായ പദ്ധതികളുടെ അടുത്തുപോയി ഫോട്ടോ എടുത്തുമടങ്ങുന്നുമുണ്ട്. ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള റോഡുകളിലെ കുഴി എണ്ണാനും അടയ്ക്കാനും തയ്യാറാകണം' - റിയാസ് പറഞ്ഞു.
ദേശീയ പാതവികസനവുമായി ബന്ധപ്പെട്ട് 98 ശതമാനവും ഏറ്റെടുക്കാനായി. അത് സര്‍ക്കാരിന്റെ നേട്ടമാണെന്നും റിയാസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കേന്ദ്ര വിദേശ കാര്യമന്ത്രി എസ് ജയശങ്കർ തിരുവനന്തപുരത്തെത്തി കഴക്കൂട്ടം മേൽപ്പാലത്തിന്റെ നിർമാണം വിലയിരുത്തിയിരുന്നു. ഇതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ലോക കാര്യങ്ങൾ നോക്കേണ്ട വിദേശകാര്യ മന്ത്രി കഴക്കൂട്ടത്തെ മേൽപാലം നോക്കാൻ വന്നതിനു പിന്നിലുള്ള ചേതോവികാരം എന്തെന്നു നാട്ടുകാർക്കു മനസ്സിലാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
എന്നാൽ മുഖ്യമന്ത്രിയുടെ പരാർശത്തിനെതിരെ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പ്രതികരിച്ചു. വിദേശകാര്യമന്ത്രിയെന്നാൽ വിദേശത്ത് താമസിക്കുന്ന മന്ത്രിയല്ലെന്നും മുഖ്യമന്ത്രി ധാരണ മാറ്റണമെന്നും മുരളീധരൻ പറഞ്ഞു. ഈ സാഹചര്യത്തിലാണ് മുഹമ്മദ് റിയാസ് നിയമസഭയിൽ കേന്ദ്രത്തെ വിമർശിച്ചു സംസാരിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
