

തിരുവനന്തപുരം: പൂഞ്ഞാര്‍ മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പി സി ജോര്‍ജിന് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കാമെന്ന് വാഗ്ദാനം. ബിജെപി കേന്ദ്രനേതൃത്വമാണ് ഈ ഓഫര്‍ നല്‍കിയിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പുതിയ വാഗ്ദാനമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
'ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് അദ്ദേഹത്തിന് ഓഫര്‍ ലഭിച്ചിട്ടുണ്ടെന്നത് ശരിയാണ്. എന്നിരുന്നാലും, ത്രികോണ മത്സരത്തില്‍ പി സി ജോര്‍ജിന്റെ വിജയസാധ്യത ശക്തമാണെന്ന ഇന്റലിജന്‍സ് സൂചനകളുണ്ട്. അതുകൊണ്ട് നേതൃത്വം അദ്ദേഹത്തെ മത്സരിപ്പിക്കാനും ആഗ്രഹിക്കുന്നുണ്ട്.' പി സി ജോര്‍ജിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
പൂഞ്ഞാറില്‍ സ്ഥാനാര്‍ത്ഥിത്വവുമായി മുന്നോട്ട് പോകാനും പി സി ജോര്‍ജിന് പാര്‍ട്ടി കേന്ദ്രനേതൃത്വം അനുമതി നല്‍കിയിട്ടുണ്ട്. ദീര്‍ഘകാലമായി കേരള കോണ്‍ഗ്രസ്സിന്റെ വിവിധ വിഭാഗങ്ങളുടെ ഭാഗമായിരുന്ന പി സി ജോര്‍ജ്, യുഡിഎഫില്‍ ഉമ്മന്‍ചാണ്ടി സാര്‍ക്കാരിന്റെ കാലത്ത് ചീഫ് വിപ്പായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് കേരള ജനപക്ഷം പാര്‍ട്ടി രൂപീകരിച്ച പിസി ജോര്‍ജ്, ബിജെപിയില്‍ ചേര്‍ന്നു.
പൂഞ്ഞാറില്‍ നിന്ന് ഏഴ് തവണ നിയമസഭാംഗമായ ജോര്‍ജ് 1980, 1982, 1996, 2001, 2006, 2011, 2016 വര്‍ഷങ്ങളില്‍ വിജയിച്ചിട്ടുണ്ട്. 2021-ലെ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (മാണി) യുടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുംകലിനോട് 16,817 വോട്ടുകള്‍ക്കാണ് പി സി ജോര്‍ജ് പരാജയപ്പെട്ടത്. മണ്ഡലത്തിലെ പി സി ജോര്‍ജിന്റെ ജനപ്രീതി കണക്കിലെടുത്ത്, തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം പച്ചക്കൊടി കാണിച്ചിട്ടുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates