

കണ്ണൂർ: സ്ത്രീകൾ പൊതു രംഗത്ത് ഇറങ്ങുന്നത് വൻ നാശത്തിന് കാരണമാകുമെന്ന കാന്തപുരം എപി അബൂബക്കർ മുസലിയാരുടെ പ്രസ്താവനയ്ക്കെതിരെ സിപിഎം നേതാവ് പി ജയരാജൻ. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വേദിയിൽ സ്ത്രീകൾക്ക് സജീവമായി പ്രത്യക്ഷപ്പെടാനും പഠിക്കാനും മുന്നേറാനും കഴിയുമെങ്കിൽ, പൊതു വേദിയിൽ സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നതിനെ എന്തുകൊണ്ട് എതിർക്കണം?. പി ജയരാജൻ ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
സ്ത്രീകളുടെ സ്വാതന്ത്ര്യവും തുല്യതയും പൊതുജീവിതത്തിലെ പങ്കാളിത്തവും സംരക്ഷിക്കണമെന്നത് ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന കടമയാണ്. നടപ്പാക്കാൻ കഴിയാത്തതും കാലത്തിന്റെ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാത്തതുമായ നിയന്ത്രണങ്ങൾ മുന്നോട്ടുവയ്ക്കുമ്പോൾ, സ്വന്തം സ്ഥാപനങ്ങളിൽ സ്വീകരിക്കുന്ന സമീപനവും പൊതുവേദിയിൽ പറയുന്ന വാക്കുകളും തമ്മിലുള്ള വൈരുദ്ധ്യം കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്. പി ജയരാജൻ കുറിപ്പിൽ ഓർമ്മിപ്പിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
പൊതുവേദികളിലെ സ്ത്രീ സാന്നിധ്യത്തെ ചോദ്യം ചെയ്യുന്ന ബഹുമാനപ്പെട്ട കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ ശക്തമായ പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്. അതിന് മറുപടിയായി അദ്ദേഹം പറയുന്നത് മതപരമായ കാര്യങ്ങൾ പറയാനുള്ള അവകാശത്തെക്കുറിച്ചാണ്.
ഓരോ മതവിശ്വാസിക്കും തന്റെ വിശ്വാസത്തെക്കുറിച്ച് പറയാനുള്ള അവകാശമുണ്ട്. എന്നാൽ ഒരു മതവിശ്വാസത്തിന്റെ പേരിൽ സ്ത്രീകൾ പൊതുസമൂഹത്തിൽ എങ്ങനെ ജീവിക്കണം, എവിടെ പ്രത്യക്ഷപ്പെടണം, എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് പൊതുസമൂഹത്തിന് മാനദണ്ഡങ്ങൾ നിർദ്ദേശിക്കുമ്പോൾ, അതിനെക്കുറിച്ച് ജനാധിപത്യ സമൂഹത്തിൽ ചർച്ചയും വിമർശനവും ഉണ്ടാകുന്നത് സ്വാഭാവികമാണ്.
കാന്തപുരം മുസ്ലിയാർ നേതൃത്വം നൽകുന്ന മർകസിന്റെ കീഴിലുള്ള വിദേശ വിദ്യാഭ്യാസ സ്ഥാപനമായ Fustat-ന്റെ പ്രചാരണ വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കങ്ങളും കാണുമ്പോൾ, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും അവരുടെ മുന്നേറ്റത്തിനും നൽകുന്ന പ്രാധാന്യം വ്യക്തമാണ്. മർകസുമായി ബന്ധപ്പെട്ട ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഡയറക്ടറായി പ്രവർത്തിക്കുന്നത് എന്റെ സുഹൃത്ത് അബ്ദുൽ ഹക്കീം അസ്ഹരിയാണ്.
ആ സ്ഥാപനത്തിന്റെ പ്രചാരണത്തിൽ മുഖം മറയ്ക്കാതെ ആത്മവിശ്വാസത്തോടെ പ്രത്യക്ഷപ്പെടുന്ന ഡോ. ബിസ്ന ബദേരി ഉൾപ്പെടെയുള്ള വനിതകളെ കാണാം. അതായത്, വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും ലോകത്ത് സ്ത്രീകൾ സജീവമായി മുന്നോട്ടുവരുന്നത് അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സമീപനം അവിടെ കാണുന്നു.
വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വേദിയിൽ സ്ത്രീകൾക്ക് സജീവമായി പ്രത്യക്ഷപ്പെടാനും പഠിക്കാനും മുന്നേറാനും കഴിയുമെങ്കിൽ, പൊതു വേദിയിൽ സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നതിനെ എന്തുകൊണ്ട് എതിർക്കണം?
മതവിശ്വാസത്തിന്റെ സംരക്ഷണം പ്രധാനമാണെന്ന് വിശ്വസിക്കുന്നവർക്ക് അതിനുള്ള അവകാശം നിഷേധിക്കാനാവില്ല. അതേസമയം, സ്ത്രീകളുടെ സ്വാതന്ത്ര്യവും തുല്യതയും പൊതുജീവിതത്തിലെ പങ്കാളിത്തവും സംരക്ഷിക്കണമെന്നത് ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന കടമയാണ്.
ഇവിടെയാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളുടെ നിലപാടിനും പ്രസക്തിയുള്ളത്. മുസ്ലിം സമൂഹത്തിലെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് മാത്രമല്ല, ഏത് മതവിഭാഗത്തിലായാലും സ്ത്രീകളെ രണ്ടാംതരക്കാരായി കാണുന്ന, അവരെ മാറ്റിനിർത്തുന്ന, പൊതുജീവിതത്തിൽ നിന്ന് അകറ്റിനിർത്താൻ ശ്രമിക്കുന്ന സമീപനങ്ങൾക്കെതിരെ നിലകൊണ്ടിട്ടുള്ള പ്രസ്ഥാനത്തിൻ്റെ പ്രതിനിധികളാണ് അവർ.
അതേ നിലപാടിന്റെ മറ്റൊരു വശമാണ് സ്ത്രീകളുടെ കാര്യത്തിൽ മനുസ്മൃതിയെ ഉയർത്തിപ്പിടിക്കുന്ന സംഘപരിവാർ ശക്തികളോടുള്ള അവരുടെ എതിർപ്പിലും കാണുന്നത്.
അതുകൊണ്ട് ഈ വിഷയത്തെ ഒരു മതവിരുദ്ധ നിലപാടായി വക്രീകരിച്ച് കാണേണ്ടതില്ല.
മതത്തിന് അതിന്റെ വിശ്വാസങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം വേണം. അതുപോലെ തന്നെ സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾക്കായി സംസാരിക്കാനും പൊതുസമൂഹത്തിൽ തുല്യമായി ഇടപെടാനുമുള്ള സ്വാതന്ത്ര്യവും വേണം.
നടപ്പാക്കാൻ കഴിയാത്തതും കാലത്തിന്റെ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാത്തതുമായ നിയന്ത്രണങ്ങൾ മുന്നോട്ടുവയ്ക്കുമ്പോൾ, സ്വന്തം സ്ഥാപനങ്ങളിൽ സ്വീകരിക്കുന്ന സമീപനവും പൊതുവേദിയിൽ പറയുന്ന വാക്കുകളും തമ്മിലുള്ള വൈരുദ്ധ്യം കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്.
സ്ത്രീകളെ പൊതുസമൂഹത്തിൽ നിന്ന് മാറ്റിനിർത്തുന്നതല്ല,
അവർക്ക് തുല്യമായ ഇടവും അവകാശവും നൽകുന്നതാണ് ജനാധിപത്യ സമൂഹത്തിന്റെ വഴി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates