

രാഷ്ട്രീയ നാടകങ്ങള്‍ ഏറെ അരങ്ങേറിയിട്ടുള്ള പാലായില്‍ യുഡിഎഫ് നടത്തിയ രാഷ്ട്രീയ പരീക്ഷണത്തിന് ആറു മാസങ്ങള്‍ മാത്രമാണ് ആയുസുണ്ടായത്. കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ നെടുംതൂണായിരുന്ന കെ എം മാണിയുടെ മകന്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫ് വിട്ടതിനുശേഷം പാലാ മുനിസിപ്പാലിറ്റിയില്‍ ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമങ്ങളുടെ വിജയമായിരുന്നു ഏഴ് മാസങ്ങള്‍ക്ക് മുമ്പ് നടന്ന തദ്ദശേ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരുടെ പിന്തുണയോടെ യുഡിഎഫ് അധികാരത്തില്‍ എത്തിയത്. പാലാ മുനിസിപ്പാലിറ്റിയുടെ രൂപീകരണത്തിനു ശേഷം ആദ്യമായാണ് കേരളാ കോണ്‍ഗ്രസ് (എം)-ന് ഭരണം നഷ്ടമാകുന്നത്.
യുഡിഎഫിനും എല്‍ഡിഎഫിനും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്ന തെരഞ്ഞെടുപ്പില്‍ പുളിക്കകണ്ടം കുടുംബത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്വതന്ത്ര കൂട്ടായ്മയുടെ പിന്തുണയോടെ ആണ് യുഡിഎഫ് അധികാരത്തില്‍ എത്തിയത്. തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി ജയിച്ച ബിനു പുളിക്കകണ്ടം, മകള്‍ ദിയ പുളിക്കണ്ടം, ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കകണ്ടം എന്നിവര്‍ ചേരുന്നതാണ് സ്വതന്ത്ര കൂട്ടായ്മ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ ശേഷിക്കെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം)-ന്റെ ആസ്ഥാനമായ പാലായില്‍ ഏതുവിധേനയും അധികാരം പിടിക്കുന്നത് തങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയ മേധാവിത്വം നല്‍കുമെന്നതിനാല്‍ എന്ത് വിട്ടുവീഴ്ചയക്കും കോണ്‍ഗ്രസ് തയാറായിരുന്നു. അങ്ങനെയാണ് മൂന്നംഗങ്ങള്‍ മാത്രമുള്ള സ്വതന്ത്ര കൂട്ടായ്മയ്ക്ക് ആദ്യ രണ്ടര വര്‍ഷം ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കി യുഡിഎഫ് അധികാരത്തില്‍ എത്തുന്നത്.
ആകെ 26 അംഗങ്ങളുള്ള കൗണ്‍സിലില്‍ യുഡിഎഫിനു പത്തും എല്‍ഡിഎഫിന് പന്ത്രണ്ടും അംഗങ്ങളാണുള്ളത്. സ്വതന്ത്ര കൂട്ടായ്മയുടെ മൂന്നുപേരെ കൂടാതെ കോണ്‍ഗ്രസ് വിമതയായി മല്‍സരിച്ച മായാ രാഹുലും കൂടി പിന്തുണ നല്‍കിയതോടെ 14 അംഗങ്ങളുടെ പിന്‍ബലത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തി. എന്നാല്‍ തുടക്കം മുതല്‍തന്നെ അഭിപ്രായ വ്യത്യാസങ്ങളും ഉയര്‍ന്നു. ദിയ ചെയര്‍പേഴ്‌സണാവുന്ന ആദ്യ രണ്ടര വര്‍ഷം തന്നെ പിതാവ് ബിനുവിന് വൈസ് ചെയര്‍മാന്‍ സ്ഥാനം കൂടി വേണമെന്ന സ്വതന്ത്ര കൂട്ടായ്മയുടെ നിലപാട് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. തൂടര്‍ന്ന് ആദ്യ ആറ് മാസം കോണ്‍ഗ്രസ് വിമത മായാ രാഹുലിനെ വൈസ് ചെയര്‍പേഴ്‌സണാക്കുകയും തുടര്‍ന്ന് ബിനുവിനും നല്‍കാന്‍ തീരുമാനിച്ചു.
എന്നാല്‍ മായാ കാലാവാധി പൂര്‍ത്തിയാക്കാറായപ്പോഴേക്കും കോണ്‍ഗ്രസ് അംഗങ്ങളും സ്വതന്ത്രക്കൂട്ടായ്മയും തമ്മില്‍ തര്‍ക്കം രൂക്ഷമാകുകയും ഇരു കൂട്ടരും പരസ്പരം പൊലീസില്‍ പരാതികള്‍ നല്‍കുകയും ചെയ്തതോടെ പ്രതിസന്ധി രൂക്ഷമായി. തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ ദിയയില്‍ തങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടെന്നും പിന്തുണ പിന്‍വലിക്കുകയാണെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രഖ്യാപിക്കുകയും പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തതോടെ പരിഹരിക്കാനാവാത്ത വിധം ഇരുകൂട്ടരും അകന്നു.
ഇതിനിടെ കോണ്‍ഗ്രസ് അംഗങ്ങള്‍ കേരളാ കോണ്‍ഗ്രസു (എം)മായി രഹസ്യ ധാരണയിലെത്തിയതായും പറയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് കേരളാ കോണ്‍ഗ്രസ് (എം)-ന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ദിയക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസത്തെ എതിര്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഉള്‍പ്പടെയുള്ളവര്‍ നിര്‍ദ്ദേശിച്ചെങ്കിലും കോണ്‍ഗ്രസ് കൗണ്‍സലര്‍മാര്‍ വഴങ്ങിയില്ല. ഒടുവില്‍ പാര്‍ട്ടി വിപ്പും ലംഘിച്ചാണ് ഇന്ന് പ്രമേയത്തെ അനൂകൂലിച്ച് വോട്ട് ചെയ്ത് ദിയയെ പുറത്താക്കിയിരിക്കുന്നത്.
കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നു ലഭിക്കുന്ന സൂചന അനുസരിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പുതുതായി വരുന്ന ഭരണ സമിതിയെ കേരളാ കോണ്‍ഗ്രസ് (എം) പിന്തുണച്ചേക്കുമെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും ചര്‍ച്ചകള്‍ പുരോഗമിക്കുയാണ് എന്നാണ് അറിയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates