പാലക്കാട്: പാലക്കാട്ടെ കൊലപാതകങ്ങള്‍ക്ക് തീവ്രവാദ സ്വഭാവമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ഇത്തരം കൊലപാതകങ്ങള്‍ തടയല്‍ എളുപ്പമല്ല. കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ പൊലീസ് നടപടി ആരംഭിക്കുമെന്നും സര്‍വകക്ഷി യോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സമാധാനശ്രമം തുടരാന്‍ ജില്ലാ ഭരണകൂടം തുടര്‍ച്ചര്‍ച്ചകള്‍ നടത്തും. ബിജെപി യോഗത്തിനെത്തിയത് ഇറങ്ങിപ്പോകാന്‍ തീരുമാനിച്ചാണ്. അങ്ങനെ ചര്‍ച്ചയ്ക്ക് എത്തിയാല്‍ ഒന്നും ചെയ്യാനാകില്ല. എല്ലാവരെയും യോജിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കും. യോഗത്തില്‍ തര്‍ക്കമുണ്ടായില്ലെന്നും ജനങ്ങളുടെ ഭീതി അകറ്റുകയാണ് സര്‍വകക്ഷിയോഗത്തിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ജില്ലയില്‍ സമാധാനന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിന്ന് ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയി. മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലായിരുന്നു സര്‍വകക്ഷിയോഗം. സര്‍വകക്ഷി യോഗം പ്രഹസനമെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ ആരോപിച്ചു. ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ ആരും സര്‍വകക്ഷിയോഗം വിളിച്ചില്ലെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
സര്‍വകക്ഷിയോഗത്തിലും പൊലീസിന്റെ വീഴ്ചകള്‍ ബിജെപി നേതാക്കള്‍ ആവര്‍ത്തിച്ചു. അതിനിടെ, പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുബൈറിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇവരെ രഹസ്യകേന്ദ്രത്തില്‍ എത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
നേരത്തെ കേസുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പുറമേയാണ് മൂന്ന് പേരെ കൂടി പിടികൂടിയിരിക്കുന്നത്. ഇവര്‍ കൊലയാളി സംഘത്തില്‍ ഉള്ളവരാണ് എന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്യുന്നതോടെ കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കേസില്‍ അന്വേഷണം അവസാനഘട്ടത്തിലെന്ന് എഡിജിപി വിജയ് സാക്കറെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഉടന്‍ തന്നെ ഇവര്‍ അറസ്റ്റിലാകുമെന്നും പ്രതികള്‍ പൊലീസിന്റെ നിരീക്ഷ പരിധിയിലെന്നും വിജയ് സാക്കറെ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates