

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന്റെ അവസാന ദിവസമായ ഇന്ന് ദേവ രഥസംഗമം. രാവിലെ ശ്രീലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രത്തിൽ നിന്നും കൃഷ്ണ രഥം ഗ്രാമവീഥിയിൽ പ്രയാണം ആരംഭിക്കും. ഏതാണ്ട് ഒരേ സമയം തന്നെ ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലെ രഥവും ഗ്രാമപ്രദക്ഷിണത്തിനിറങ്ങും. സ്ത്രീകളാണ് പ്രധാനമായും തേര് വലിക്കുക.
വൈകുന്നേരം ആറിന് കൽപ്പാത്തിയിലെ നാല് ക്ഷേത്രങ്ങളിലെ ആറ് രഥങ്ങൾ ശ്രീ വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രത്തിന് മുന്നിൽ സംഗമിക്കും. ശിവ-പാർവതിയും ഗണപതിയും മുരുകനും കൃഷ്ണനും ഗ്രാമവീഥിയിൽ പരസ്പരം കാണുന്ന അപൂർവ നിമിഷമാണിത്. മൂന്നു ദിവസം നീണ്ടുനിൽക്കുന്നതാണ് ചരിത്ര പ്രസിദ്ധമായ കൽപ്പാത്തി രഥോത്സവം.
തമിഴ്നാട്ടിൽ നിന്നുള്ള തച്ചുശാസ്ത്ര വിദഗ്ധരാണ് കൽപ്പാത്തി ഉൾപ്പെടെയുള്ള അഗ്രഹാരങ്ങളിൽ തേരൊരുക്കിയിട്ടുള്ളത്. കൽപ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിയുടെ തിരു കല്യാണത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. അവസാനത്തെ മൂന്നു ദിവസം അലങ്കരിച്ച രഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തിച്ചേരുന്നത്. കൽപ്പാത്തി രഥോത്സവത്തോടെയാണ് ജില്ലയിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അടുത്ത ഏപ്രിൽ മാസത്തിലെ വിഷുവരെ ഉത്സവക്കാലം നീളും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates