

പാലക്കാട്: മണ്ണാർക്കാടിന് സമീപം തത്തേങ്ങലത്ത് വീണ്ടും പുലിയിറങ്ങി. തിരച്ചിലിനായി ആളുകൾ ഇറങ്ങിയ സമയത്ത് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് പുലി ഇറങ്ങി ഓടിയത് പരിഭ്രാന്തി പരത്തി.
ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് തത്തേങ്ങലം കൽക്കടി ഭാഗത്ത് റോഡിൽ പുലിയെ കണ്ടത്. വിവരം അറിഞ്ഞ് ആളുകൾ കൂടിയതോടെ പുലി കുറ്റിക്കാട്ടിൽ മറഞ്ഞു. നാട്ടുകാർ അറിയിച്ചതനുസരിച്ച് ആർആർടി സംഘം എത്തി തിരച്ചിൽ ആരംഭിച്ചു. തിരച്ചിലിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതോടെ ആളുകൾ കൂടി നിന്നിരുന്ന റോഡിനോടു ചേർന്നുള്ള കുറ്റിക്കാട്ടിൽ നിന്ന് പുലി ഇറങ്ങിയോടി.
ഇതോടെ തിരയാനെത്തിയവരും നാട്ടുകാരും പരിഭ്രാന്തിയിലായി. വനം വകുപ്പും നാട്ടുകാരും സെർച് ലൈറ്റും മറ്റും ഉപയോഗിച്ച് മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രദേശത്ത് പുലി ശല്യം രൂക്ഷമാണ്. ഒട്ടേറെ പേരുടെ വളർത്തു മൃഗങ്ങളെ പുലി പിടിച്ചു. പുലിയെ പിടികൂടാൻ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്കത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ രണ്ട് തവണ ഡിഎഫ്ഒ ഓഫീസിലെത്തിയിരുന്നു. ഉടൻ സ്ഥാപിക്കുമെന്ന് പറയുന്നതല്ലാതെ നടപടി ഉണ്ടാകുന്നില്ലെന്ന് ഇവർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
