

പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ പ്രതിഷേധിച്ച് മലബാറിലെ യുഡിഎഫ് എംപിമാര്‍ ഇന്ന് നിരാഹാരമിരിക്കും. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി നടത്തിയ നീക്കമാണ് ഡിവിഷന്‍ വിഭജനത്തിന് പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു.
പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം കേരളത്തിന് തിരിച്ചടിയാണ്. പനമ്പുര്‍ നഷ്ടമാകുന്നത് പാലക്കാട് ഡിവിഷന്റെ വരുമാനം ചോര്‍ത്തും. വാര്‍ഷിക വരുമാനത്തില്‍ 1100 കോടിയോളം രൂപയുടെ കുറവുണ്ടാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പാലക്കാടിന്റെ 90 ശതമാനം വരുമാനവും ചരക്ക് നീക്കത്തില്‍ നിന്നാണ്. മംഗലൂരു സെന്‍ട്രല്‍, മംഗലൂരു ജംഗ്ഷന്‍ സ്റ്റേഷനുകള്‍ പോകുന്നത് ടിക്കറ്റ് വരുമാനത്തെ ബാധിക്കുമെന്നും പാലക്കാട് ഡിവിഷന്റെ നിലനില്‍പ് പ്രതിസന്ധിയിലാകുമെന്നും യുഡിഎഫ് ആരോപിക്കുന്നു. അതേസമയം ഡിവിഷന്‍ വിഭജനം കര്‍ണാടകത്തിന് വന്‍ നേട്ടമാണ്. മൈസൂരു റെയില്‍വേ ഡിവിഷന്റെ വരുമാനം വര്‍ധിക്കും. വാര്‍ഷിക വരുമാനത്തില്‍ 500-600 കോടിയുടെ വര്‍ധനയാണ് ഉണ്ടാവുക.
അതേസമയം, പാലക്കാട് റെയില്‍വെ ഡിവിഷനില്‍ നിന്നും മംഗലുരു സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തിന്റെ റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തെയും ഭാവി വികസന സാധ്യതകളെയും ബാധിക്കാവുന്ന ഇത്രയും പ്രധാനപ്പെട്ട ഒരു തീരുമാനം സംബന്ധിച്ച് കേരള സര്‍ക്കാരുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് റെയില്‍വെ ബോര്‍ഡ് തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates