

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍. സ്വര്‍ണ്ണക്കൊള്ളയുടെ ദുരൂഹത വര്‍ദ്ധിപ്പിച്ച് രമേശ് ചെന്നിത്തല സൂചിപ്പിച്ച വിദേശ വ്യവസായി നല്‍കിയ മൊഴിയാണ് എസ്‌ഐടി അന്വേഷണത്തില്‍ നിര്‍ണായകമാകുന്നത്. ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം കൂടാതെ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി എന്ന് വ്യവസായി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
2019- 20 കാലഘട്ടങ്ങളിലായി നാല് വിഗ്രഹങ്ങളാണ് ഇത്തരത്തില്‍ രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് കൈമാറിയത് എന്നാണ് മൊഴിയില്‍ പറയുന്നത്. സ്വര്‍ണ്ണക്കൊള്ളയിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നു ഈ കച്ചവടത്തിന്റെയും ഇടനിലക്കാരന്‍. 'ഡി മണി' എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയാണ് വിഗ്രഹങ്ങള്‍ വാങ്ങിയത്. 2020 ഒക്ടോബര്‍ 26ന് തിരുവനന്തപുരത്ത് വെച്ച് പണം കൈമാറ്റം നടന്നു. ശബരിമലയുമായി ബന്ധപ്പെട്ട ഒരു ഉന്നതനും ഈ കച്ചവടത്തില്‍ പങ്കുണ്ടെന്നാണ് വ്യവസായിയുടെ മൊഴിയില്‍ പറയുന്നത്. ഉന്നതനും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഡി മണിയും മാത്രമാണ് തിരുവനന്തപുരത്ത് നടന്ന പണം കൈമാറ്റത്തില്‍ പങ്കെടുത്തതെന്നും വ്യവസായി മൊഴി നല്‍കി. മൊഴിയുടെ ആധികാരികത കേന്ദ്രീകരിച്ച് അന്വേഷിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം.
അതേസമയം, കേസിലെ പത്താം പ്രതിയായ സ്വര്‍ണവ്യാപാരി ഗോവര്‍ദ്ധന്റെ രണ്ട് ജാമ്യാപേക്ഷകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എസ് മുരളീകൃഷ്ണ അധ്യക്ഷനായ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജിയില്‍ ഹൈക്കോടതി എസ്ഐടിയോട് വിശദീകരണം തേടും. സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നാണ് ഗോവര്‍ദ്ധന്റെ വാദം. എസ്ഐടി ഭീഷണിപ്പെടുത്തിയാണ് സ്വർണം പിടിച്ചെടുത്തത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണ് ക്രമക്കേട് നടത്തിയത്. സ്വര്‍ണ്ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ദേവസ്വം ബോര്‍ഡ് നിയമവിരുദ്ധമായ അനുമതി നല്‍കി എന്നും ഗോവര്‍ദ്ധന്‍ ആരോപിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates