

തിരുവവനന്തപുരം: കോവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തുന്ന കർശനനിയന്ത്രണങ്ങളുടെ ഭാഗമായി പഞ്ചായത്തിന്റെ പൊതുജനസേവനങ്ങൾ ഓൺലൈൻ വഴിയാക്കി വകുപ്പുതല ഉത്തരവിറങ്ങി. പഞ്ചായത്ത് വകുപ്പിനെ അവശ്യസർവീസായി പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രവർത്തനം തടസപ്പെടാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഉത്തവരിൽ വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷകൾ പരമാവധി ഇ-മെയിൽ മുഖേന നൽകണമെന്നും സർട്ടിഫിക്കറ്റുകളും മറ്റും വെബ് വിലാസങ്ങൾ നൽകി അതിലൂടെ പരസ്യപ്പെടുത്തണമെന്നുമാണ് നിർദേശം.
ടെസ്‌റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള ഗ്രാമപഞ്ചായത്തുകളിൽ രോഗപ്രതിരോധ നടപടികൾക്കു മുൻഗണന നൽകി അടിയന്തര സേവനങ്ങൾ മാത്രം നൽകാമെന്നും ഉത്തരവിലുണ്ട്. ഒരുമാസത്തേക്ക് ഓഫീസ്, രോഗപ്രതിരോധം, സിഎഫ്‌എൽടിസി/ ഡിസിസി/ സിഎസ്‌എൽടിസി എന്നിവയുടെ പ്രവർത്തനങ്ങൾ തടസപ്പെടാത്തവിധം ടേണുകളായി തിരിച്ച് ജീവനക്കാരെ ഡ്യൂട്ടിക്കു നിയോഗിക്കണം. വകുപ്പിലെ എല്ലാ ഓഫീസുകളിലും ജൂനിയർ സൂപ്രണ്ട്/ ഹെഡ് ക്ലർക്ക് തസ്‌തികയിൽ കുറയാത്ത ഉദ്യോഗസ്‌ഥനെ കോവിഡ് പ്രോട്ടോക്കോൾ ഓഫീസറായി ചുമതലപ്പെടുത്തണം. സിഎഫ്‌എൽടിസി/ ഡിസിസി/ സിഎസ്‌എൽടിസികളുടെ മേൽനോട്ട ചുമതല അസിസ്‌റ്റന്റ് സെക്രട്ടറി, ഹെഡ് ക്ലർക്ക്/ ജൂനിയർ സൂപ്രണ്ട് വഹിക്കണം. രോഗപ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അധിക ജീവനക്കാരെ ആവശ്യമായി വന്നാൽ പെർഫോമൻസ് ഓഡിറ്റ് വിഭാഗത്തിൽനിന്ന് പ്രത്യേക ഉത്തരവ് വഴി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടർമാർ ഈ പഞ്ചായത്തുകളിലേക്ക് ജീവനക്കാരെ വിന്യസിക്കണം.
ഫ്രണ്ട് ഓഫീസിലൂടെ മാത്രമായിരിക്കും സേവനങ്ങൾ. അടിയന്തര ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്നവരും ഡ്യൂട്ടിയിലുള്ള ജീവനക്കാരും എസ് എം എസ് (സോപ്പ്, മാസ്‌ക്, സാനിട്ടൈസർ) പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അസുഖബാധിതരായ ജീവനക്കാർക്ക് സൗകര്യപ്രദമായി ഡ്യൂട്ടി ക്രമീകരിക്കണം. ജീവനക്കാർക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായാൽ ആരോഗ്യവകുപ്പിന്റെ മാർഗനിർദേശപ്രകാരമുള്ള നടപടികൾ സ്വീകരിച്ച് വിവരം ഓഫീസ് മേലധികാരിയെ അറിയിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates