'സ്വരാജ് തര്‍ക്കബുദ്ധിയില്‍ ആത്മരതി അനുഭവിക്കുന്നയാള്‍; പയ്യന്നൂരിലെ ശവംതൂക്കികളെ വെളുപ്പിക്കുന്നു'

അനർഗ്ഗള നിർഗ്ഗളം പൊഴിക്കുന്ന വാക്‌ സാമർത്ഥ്യത്തിൽ വീണുപോകരുത്‌. കാരണം വാക്കുകളിൽ പുറമേ കാണുന്ന മാനവികതയുടെ കുത്തൊഴുക്ക് പ്രവർത്തിയിൽ കാണണമെന്നില്ല.
m swaraj
m swaraj
Updated on
3 min read

കണ്ണൂര്‍: തര്‍ക്കബുദ്ധയില്‍ ആത്മരതി അനുഭവിക്കന്നയാളാണ് സിപിഎം നേതാവ് എം സ്വരാജ് എന്ന് പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണന്‍. സഖാവ് ധനരാജ് രക്തസാക്ഷി ഫണ്ട് കട്ട പാര്‍ട്ടിയിലെ ശവം തൂക്കികളെ വെളുപ്പിക്കാന്‍ യാതൊരു മടിയും കാണിച്ചില്ലെന്ന മാത്രമല്ല, അത് വെളിച്ചത്ത് കൊണ്ടുവന്ന തന്നെ അപഹസിക്കുകയും ചെയ്‌തെന്ന് വി കുഞ്ഞികൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

m swaraj
എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി സ്പീക്കറുടെ റോഡ് ഷോ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ഷിബു ബേബി ജോണ്‍

'സഖാവ് ധനരാജിന്റേതടക്കമുള്ള വിഷയങ്ങള്‍ ആദ്യമുന്നയിച്ചത് പാര്‍ട്ടിക്കുള്ളിലാണ്. നിരന്തരമായി ഈ വിഷയത്തിനുമേല്‍ നടന്ന ഉള്‍പാര്‍ട്ടി പോരാട്ടത്തിന്റെ അനന്തര ഫലമെന്നോണമാണ് പരസ്യമായി ജനങ്ങളുടെ മുന്നില്‍ പിന്നീടത് ഉന്നയിക്കേണ്ടി വന്നത്. സ്വരാജ് ബോധപൂര്‍വ്വം അത് തമസ്‌കരിച്ചു. തന്റെ തന്നെ നേതാവിന്റെ മുന്‍ പ്രസ്താവനകളെ അടിസ്ഥാനപ്പെടുത്തി ചിന്തിച്ചാല്‍ ഈ പോരാട്ടത്തിന്റെ ആരംഭം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ ആരംഭിച്ചതായി തിരിച്ചറിയാന്‍ സാധിക്കാത്തതല്ല. പക്ഷേ അങ്ങനെ ചെയ്താല്‍ തര്‍ക്കബുദ്ധിക്കാരന്റെ കള്ളി വെളിച്ചത്താവും'- വി കുഞ്ഞികൃഷ്ണന്റെ കുറിപ്പില്‍ പറയുന്നു.

m swaraj
ലൗജിഹാദിനോട് പോലും കണ്ണടയ്ക്കുന്ന സർക്കാർ; കേരളത്തിൽ സ്ത്രീ സുരക്ഷയില്ല : ആരോപണവുമായി ആർ ശ്രീലേഖ

കുറിപ്പിന്റെ പൂര്‍ണരൂപം

ചട്ട കണ്ട്‌ പുസ്തകത്തെ വിലയിരുത്തരുത്‌ എന്ന ഒരു വാക്യമുണ്ട്‌. അനർഗ്ഗള നിർഗ്ഗളം പൊഴിക്കുന്ന വാക്‌ സാമർത്ഥ്യത്തിൽ വീണുപോകരുത്‌. കാരണം വാക്കുകളിൽ പുറമേ കാണുന്ന മാനവികതയുടെ കുത്തൊഴുക്ക് പ്രവർത്തിയിൽ കാണണമെന്നില്ല.

കേരളത്തിലെ മാധ്യമങ്ങൾക്ക് മുൻപിൽ കാർക്കശ്യക്കാരനും ധാർമ്മികത വാരി വിതറുകയും സാധാരണ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി പടവാളുയർത്തുകയും ചെയ്യുന്ന സ്വരാജ്, പാർട്ടിയുടെ ഘടനാരൂപത്തിൽ അഭിരമിക്കുന്ന, പാർട്ടിയുടെ ദാർശനിക തലത്തിൽ വാചാടോപം നടത്തുന്ന ഒരു വ്യക്തി മാത്രമാണ്.

യഥാർത്ഥത്തിൽ വൈരുധ്യങ്ങളുടെ വിഹായസ്സിൽ അഭിരമിച്ച്; തന്റേതന്നെ കുയുക്തിയിൽ ഉടലെടുക്കുന്ന തർക്കബുദ്ധിയിൽ ആത്മരതി അനുഭവിക്കുന്ന വ്യക്തി മാത്രമാണ് സഖാവ് എം സ്വരാജ്.

സ്വരാജിനെ വായിക്കേണ്ടത് സമാനമായ വിഷയത്തിൽ സ്വരാജ് നടത്തിയ പ്രസ്താവനകളെ താരതമ്യപ്പെടുത്തിയാണ്.

വൈകാരികമായി ശവംതൂക്കികൾ എന്ന പ്രയോഗത്തിനെ തന്റെ തന്നെ ആധികാരികമെന്ന് തോന്നുന്ന ശൈലിയിൽ തൊട്ട് തലേ ദിവസം അവതരിപ്പിച്ച അതേ സ്വരാജ്‌, സഖാവ് ധനരാജ് രക്തസാക്ഷി ഫണ്ട് കട്ട പാർട്ടിയിലെ ശവം തൂക്കികളെ വെളുപ്പിക്കാൻ യാതൊരു മടിയും കാണിച്ചില്ല എന്ന് മാത്രമല്ല, അത് വെളിച്ചത്ത് കൊണ്ടുവന്ന എന്നെ അപഹസിക്കുകയും ചെയ്തു!

പയ്യന്നൂരിൽ പാർട്ടിയിലെ ആശ്രിത ന്യായീകരണ കുതുകികൾ ചർദ്ദിച്ച് പാളിയ പ്രതിരോധ വചനങ്ങളെ സവിശേഷമായ കണ്ടുപിടിത്തമായി പുന:രവതരിപ്പിച്ചു എന്നത്‌ മാത്രമാണ് ഈ മഹാന്റെ സംഭാവന.

ഫണ്ട് കട്ട വിഷയം ചോദ്യമായി ഉന്നയിച്ചപ്പോൾ ഒരു ചോദ്യത്തിനുത്തരം മറുചോദ്യമല്ല എന്ന വിതണ്ഡ വാദമാണ് സ്വരാജിൽ നിന്നാദ്യമുണ്ടായത്. പിന്നീട് ആ ചോദ്യത്തെ കോൺഗ്രസ്സിനെതിരെ സ്വരാജ്‌ തന്നെ ഉന്നയിച്ച ചോദ്യത്തിലേക്ക്‌ കൊണ്ടുപോകാനുള്ള ശ്രമം മാത്രമായിരുന്നു കണ്ടത്‌.

സഖാവ് ധനരാജിന്റേതടക്കമുള്ള വിഷയങ്ങൾ ആദ്യമുന്നയിച്ചത് പാർട്ടിക്കുള്ളിലാണ്.

നിരന്തരമായി ഈ വിഷയത്തിനുമേൽ നടന്ന ഉൾപാർട്ടി പോരാട്ടത്തിന്റെ അനന്തര ഫലമെന്നോണമാണ് പരസ്യമായി ജനങ്ങളുടെ മുന്നിൽ പിന്നീടത് ഉന്നയിക്കേണ്ടി വന്നത്. സ്വരാജ്‌ ബോധപൂർവ്വം അത്‌ തമസ്കരിച്ചു. തന്റെ തന്നെ നേതാവിന്റെ മുൻ പ്രസ്താവനകളെ അടിസ്ഥാനപ്പെടുത്തി ചിന്തിച്ചാൽ ഈ പോരാട്ടത്തിന്റെ ആരംഭം വർഷങ്ങൾക്ക്‌ മുൻപേ തന്നെ ആരംഭിച്ചതായി തിരിച്ചറിയാൻ സാധിക്കാത്തതല്ല. പക്ഷേ അങ്ങനെ ചെയ്താൽ തർക്കബുദ്ധിക്കാരന്റെ കള്ളി വെളിച്ചത്താവും!

20299 എന്ന എസ്‌ബി എക്കൗണ്ട്‌ സാങ്കേതികമായി പയ്യന്നൂർ ഏരിയാ സെക്രട്ടറിയുടെ അക്കൗണ്ട്‌ ആണെന്ന് പറഞ്ഞാലും, ഏരിയ സെക്രട്ടറി ആയിരിക്കെ ഞാനത്‌ പിന്നീട്‌ ഉപയോഗിച്ചു എന്ന് പറഞ്ഞാലും, ആ എക്കൗണ്ടിലേക്ക്‌ വന്ന തുക എങ്ങനെയാണ് സഖാവ്‌ ധനരാജിന്റെ വീട്‌ നിർമ്മാണത്തിനുള്ള ധനവിനിയോഗത്തിൽ ഉൾപ്പെടുത്തുകയുണ്ടായത്‌? സ്വരാജ്‌ ഒരക്ഷരം മിണ്ടുന്നില്ല. പകരം ഇരുട്ട്‌ കൊണ്ട്‌ ഓട്ടയടക്കുന്നതിൽ വ്യഗ്രത കാട്ടുകയായിരുന്നു.

ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് സ്ഥിര നിക്ഷേപമാക്കി മാറ്റിയ 40 ലക്ഷത്തിൽ 20 ലക്ഷം രൂപ എങ്ങോട്ട് പോയി എന്നതിൻ്റെ കണക്ക് ചോദിക്കുമ്പോൾ ഒരു നയാ പൈസ നഷ്ടപ്പെട്ടിട്ടില്ല എന്നാണ് ഉത്തരമെങ്കിൽ അതിൻ്റെ കണക്ക് ഏരിയ കമ്മറ്റിയുടെ കണക്കിൽ കാണേണ്ടതല്ലേ, കണക്ക് ഓഡിറ്റ് ചെയ്ത ഞാൻ അത് കണ്ടിട്ടില്ലെന്ന് മാത്രമല്ല, സ്ഥിര നിക്ഷേപത്തിൻ്റെ മുഴുവൻ പലിശയും, ചെക്ക് വഴി മാറ്റിയ 2 ലക്ഷം രൂപയും 8035 എന്ന വ്യക്തിഗത എസ്‌ബി എക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവുകൾ ഉണ്ട് സ്വരാജേ. പിന്നെങ്ങനെയാണ് ഒരു നയാ പൈസ നഷ്ടപ്പെട്ടിട്ടില്ലെന്ന് നിങ്ങൾക്ക് പറയാൻ സാധിക്കുക. തെളിവുകൾ ബോധപൂർവ്വം ഒളിപ്പിച്ച്‌ വച്ച്‌ കൊണ്ടല്ലേ നിങ്ങളുടെ വാക്പ്രയോഗങ്ങൾ.

സ്വരാജ് വാക്കുകളാൽ തീർക്കുന്ന മായാവലയത്തിൽ വീണുപോകുന്നവരുടെ കൂട്ടത്തിൽ ആധികാരികമായ രേഖകളെ നേരിട്ട് പരിശോധിച്ച് അതിലെ ഉള്ളുകളികളെ തിരിച്ചറിഞ്ഞ വ്യക്തികൾ ഉണ്ടാവില്ല. സ്വരാജ്‌ കണ്ണടച്ചാൽ സ്വരാജിനു മാത്രമേ ഇരുട്ടാകൂ.

തർക്കബുദ്ധി വലിയ ശേഷിയാണ്. അതേ സമയം ഇരുതല മൂർച്ചയുള്ള വാളുമാണ്.

പ്രയാസമനുഭവിക്കുന്നവന്റെ ആവലാതികൾക്ക് തീർപ്പ് കണ്ടെത്തുന്നതിനായി പോരാടാൻ തർക്കബുദ്ധി ഉപയോഗിക്കാം, അത് പോലെ ആവലാതികൾ ഉന്നയിക്കുന്നവന്റെ ചോദ്യങ്ങളെ നിഷ്പ്രഭമാക്കാനും തർക്കബുദ്ധി ഉപകാരപ്പെടും.

ആ അത്ഥത്തിൽ തർക്കബുദ്ധി എന്ന വ്യക്തിഗത ഗുണത്തേക്കാൾ പ്രാധാന്യമർഹിക്കുന്നത് അത് എങ്ങനെ പ്രയോഗിക്കുന്നു എന്നതാണ്. ഉത്തരവാദിത്തങ്ങളിൽ നിന്ന് കൈകഴുകാനും വിഷയങ്ങളെ വക്രീകരിക്കാനും അത്‌ ഉപയോഗിക്കുമ്പോൾ, കല്പനകൾ വസ്തുതകളുടെ വെളിച്ചത്തിൽ തച്ചുടക്കപ്പെടും!

നിസ്സഹായതയുടെ സാഹചര്യത്തിൽ പ്രതികരിക്കുന്നതിൽ മിതത്വം പാലിക്കേണ്ടി വരുന്ന സഖാവ്‌ രക്തസാക്ഷി ധനരാജിന്റെ കുടുംബത്തിനോട്‌ ചോദിക്കാൻ പറഞ്ഞ സ്വരാജിന്റെ കുറുക്കന്റെ ബുദ്ധിയോട്‌ പുച്ഛം മാത്രം. പാർട്ടിക്ക്‌ വേണ്ടി നടത്തിയ പോരാട്ടത്തിന്റെ പാതയിൽ വീണു പോയവരുടെ ആശ്രിതരുടെ നിസ്സഹായതയെ പറ്റിയും, അവരുടെ നിലനിൽപ്പിനെ പറ്റിയും ഉത്തമമായ ബോധ്യം നമുക്കുണ്ട്‌.

കുടുംബത്തിനായി ധനസമാഹരണം നടത്തി, അതിൽ സിംഹഭാഗവും തിരിമറി നടത്തി എന്ന ബോധ്യത്തിൽ നിന്ന്, സഖാവ്‌ ധനരാജിന്റെ കുടുംബത്തിനു നീതിയുറപ്പാക്കുക എന്നതിൽ നിന്നാണു ഈ പോരാട്ടം ആരംഭിക്കുന്നത്‌ തന്നെ. അതിനെ അനീതിയെ ഉരുക്ക് മുഷ്ടികൊണ്ട് ഇല്ലാതാക്കാം എന്നാണ് അധികാരത്തിന്റെ കങ്കാണിമാർ കരുതുന്നതെങ്കിൽ അതിന് കീഴ്പ്പെടാൻ ഞങ്ങൾക്ക്‌ സമ്മതമല്ല.

അധികാരത്തിന്റെ സ്വഭാവം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ മുകൾ തട്ടിന്റെ സ്വഭാവത്തിന്റെ ഉൽപന്നമാണെന്ന ബോധ്യത്തിൽ നിന്ന് ചെറുമുകുളങ്ങളായി പരസ്പര ബന്ധമില്ലാത്ത വിവിദങ്ങളായ പ്രദേശങ്ങളിൽ ആരംഭിക്കുകയും പിന്നീട്‌ പരസ്പരം ചേർന്നുകൊണ്ട്‌ ഏകീക്രിത സ്വഭാവത്തിലേക്ക്‌ രൂപാന്തരം പ്രാപിക്കുന്ന ഒരു മുന്നേറ്റമാണ് ഞങ്ങൾ നയിക്കുന്നത്‌.

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനുണ്ടായ മൂല്യശോഷണത്തിനെതിരെയുള്ള ഈ പോരാട്ടത്തിൽ സത്യത്തെ ആയുധമാക്കി നാം മുന്നോട്ട്‌ പോകും. അഴിമതിക്കെതിരായ സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണിത്.

Summary

Payyannur UDF candidate V Kunhikrishnan responds to M Swaraj

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com