

തിരുവനന്തപുരം: ആരോഗ്യമേഖലയിലെ പിഴവുകള്‍ നിയമസഭയില്‍ എണ്ണിപ്പറഞ്ഞ് പി സി വിഷ്ണുനാഥ് എംഎല്‍എ. വേണുവിനെയും ബിന്ദുവിനെയും ബിസ്മീറിനെയും സിസ്റ്റം കൊന്നതാണ്. ഇവരടക്കം നിരവധിപ്പേര്‍ സിസ്റ്റത്തിന്റെ ഇരകളായിട്ടുണ്ട്. ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തങ്ങള്‍ പറയില്ല. സര്‍ക്കാരിനെതിരെ നടപടി സ്വീകരിക്കാന്‍ ജനം തയ്യാറായി നില്‍ക്കുകയാണെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് പി സി വിഷ്ണുനാഥ് പറഞ്ഞു.
'രണ്ടു പിഞ്ചു മക്കളുടെ അച്ഛനാണ്. ഒന്ന് തുറക്കൂ. ദയവായി രക്ഷിക്കൂ. കൂട്ടുകാരാ എനിക്ക് മരണം സംഭവിച്ചാല്‍ എന്റെ ഈ ശബ്ദം പുറത്തുവിടണം. അമ്മേ എന്റെ ഒരു കൈ എവിടെ പോയി. ഇവിടെ വരുമ്പോള്‍ രണ്ടു കൈ ഉണ്ടായിരുന്നല്ലോ. മറുപടി പറയാന്‍ കഴിയാതെ അമ്മ ഹൃദയംപൊട്ടി കരയുന്നുണ്ടായിരുന്നു. ഇത് സിസ്റ്റത്തിന്റ ഇരകളായ മൂന്ന് പേര്‍ പറഞ്ഞ വാക്കുകളാണ്. മരണത്തോട് മല്ലടിക്കുന്ന സമയത്താണ് തിരുവനന്തപുരത്ത് വച്ച് ബിസ്മിര്‍ ഈ വാക്കുകള്‍ പറഞ്ഞത്. ഒരു മണിക്ക് ശ്വാസതടസം ഉണ്ടായപ്പോള്‍ ഭാര്യ ഉടന്‍ തന്നെ സ്‌കൂട്ടറില്‍ വിളപ്പില്‍ശാല ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രി ഗ്രില്ലിട്ട് പൂട്ടിയിരിക്കുകയായിരുന്നു. മൂന്ന് പൂട്ടായിരുന്നു. സ്‌കൂട്ടറില്‍ നിന്ന് ഇറങ്ങി നടന്നയാള്‍ പെട്ടെന്ന് പുറകോട്ട് കുഴഞ്ഞുവീഴുകയാണ്. കരഞ്ഞു കൊണ്ട് പറയുകയാണ് രണ്ടു പിഞ്ചു മക്കളുടെ അച്ഛനാണ് രക്ഷിക്കണേ എന്ന്. ആശുപത്രി എന്തിനാണ് പൂട്ടിയിടുന്നത്? അപ്പോള്‍ ഡോക്ടര്‍ നല്‍കിയ വിശദീകരണമാണ്. വനിതാ ജീവനക്കാര്‍ ഉണ്ട്. പട്ടി വരും. അതുകൊണ്ട് ആശുപത്രി പൂട്ടിയിട്ടു എന്നാണ്. അതിന് ഒരു സെക്യൂരിറ്റിയെ വെച്ചാല്‍ പോരേ. പട്ടി വരുമെന്നത് കൊണ്ട് ആശുപത്രി പൂട്ടിയിടുകയാണോ ചെയ്യുന്നത്? അവിടെ നല്‍കിയ പ്രാഥമിക ചികിത്സയെ സംബന്ധിച്ച ആക്ഷേപങ്ങള്‍ അടങ്ങിയ പരാതി ഭാര്യ ഡിഎംഒയ്ക്ക് നല്‍കിയിട്ടുണ്ട്. ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോള്‍ ഭര്‍ത്താവിന്റെ ചുണ്ട് കറുക്കുകയും മൂക്കില്‍ നിന്ന് പത വരികയും അല്‍പ്പസമയത്തിനകം ബോധരഹിതനാവുകയും ചെയ്തു. സിപിആര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. നല്‍കിയില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തുന്നതിന് മുന്‍പ് അദ്ദേഹം മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ചോദിച്ചത് ഭര്‍ത്താവിന് സിപിആര്‍ നല്‍കിയിരുന്നോ എന്നാണ്. സംഭവത്തില്‍ ഭാര്യയുടെ മൊഴിയെടുക്കാതെ എന്തു റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ തയ്യാറാക്കി വെച്ചിരിക്കുന്നത്.'- പി സി വിഷ്ണുനാഥ് പറഞ്ഞു.
'കളിക്കുന്നതിനിടെ പരിക്ക് പറ്റി. മുറിവിന് മുകളില്‍ പ്ലാസ്റ്റര്‍ ചെയ്തു. അത് പഴുത്തു. രണ്ടാമതും ആശുപത്രിയില്‍ കൊണ്ടുപോയി. കുഴപ്പമില്ല എന്ന് പറഞ്ഞു വിട്ടു. ഒടുവില്‍ പഴുത്ത് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലായി. നാലാം ക്ലാസില്‍ പഠിക്കുന്ന കുഞ്ഞാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയപ്പോള്‍ കൈ മുറിച്ചു കളഞ്ഞു. ആ കുട്ടിയാണ് ചോദിക്കുന്നത് കൈ എവിടെ പോയി എന്ന്. സിസ്റ്റത്തിന്റെ ഇരയാണ് ആ കുട്ടി. നിരപരാധിയായ കുഞ്ഞിന് കൈ നഷ്ടപ്പെട്ടില്ലേ?. പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍ മുറിവില്‍ കത്രിക വെച്ചു കെട്ടി. എസ്എടിയില്‍ അണുബാധ ബാധിച്ച് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. മാനന്തവാടിയില്‍ പ്രസവ ശേഷം 75 ദിവസം കഴിഞ്ഞു വയറില്‍ നിന്ന് തുണി കിട്ടി. ശുചിമുറിയില്‍ നിന്നാണ് തുണി കിട്ടിയത്. ഇത്രയും ദിവസം തുണിയുമായി മരണ വേദന അനുഭവിച്ചു. ജനറല്‍ ആശുപത്രിയില്‍ സുമയ്യ എന്ന സ്ത്രീയുടെ ശരീരത്തില്‍ ഗൈഡ് വയര്‍ കുടുങ്ങി. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ഒന്നും രണ്ടും കേസുകള്‍ ആണോ ഉണ്ടാകുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്ന വേണുവിനെ അഞ്ചു ദിവസമായി ആരും തിരിഞ്ഞു നോക്കിയില്ല. ആരോഗ്യവകുപ്പ് കൊന്നതാണ് വേണുവിനെ. ഇവരെല്ലാവരും സിസ്റ്റത്തിന്റെ ഇരകളാണ്'- പി സി വിഷ്ണുനാഥ് പറഞ്ഞു.
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിന ഇന്ന് മുതല്‍ തിരുവനന്തപുരത്ത് സത്യാഗ്രഹം ഇരിക്കുകയാണ്. അവര്‍ക്ക് കൊടുത്ത ഒരു വാഗ്ദാനവും പാലിക്കപ്പെട്ടില്ല. റിപ്പോര്‍ട്ട് തേടലല്ലാതെ ഒരു നടപടിയും ആരോഗ്യ വകുപ്പില്‍ നിന്ന് ഉണ്ടാകുന്നില്ല. ഇടത് അനുഭാവിയായ ഹാരിസ് ഡോക്ടറെ പോലും വേട്ടയാടി. വേണുവിന്റെ വീട്ടില്‍ ആരോഗ്യമന്ത്രി പോയോ. നയാപൈസ ആരോഗ്യവകുപ്പ് കൊടുത്തോ. സര്‍ക്കാര്‍ നടപടി എടുക്കണം എന്ന് ഇനി പറയില്ല കാരണം സര്‍ക്കാരിനെതിരെ നടപടി എടുക്കാന്‍ ജനം ഒരുങ്ങി കഴിഞ്ഞുവെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates