

വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്ടെത്തിയ യുവനേതാവ് ആണ് പി സി വിഷ്ണുനാഥ്. ആ നന്ദി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് വിഷ്ണുനാഥ് ആത്മാര്‍ഥമായി കാണിച്ചതും രാഷ്ട്രീയ കേരളം കണ്ടു. സോളാര്‍ കേസ് കൊടുമ്പിരിക്കൊണ്ടുനിന്ന നാളുകൡ പ്രതിരോധത്തിലായ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രതിരോധക്കോട്ട തീര്‍ത്തതോടെയാണ് വിഷ്ണുനാഥ് എന്ന നേതാവിന്റെ ഉയര്‍ച്ചയുടെ രണ്ടാം ഘട്ടം ആരംഭിച്ചത്. ഇത്തവണ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം വഹിക്കുമ്പോഴാണ് കുണ്ടറ എംഎല്‍എയ്ക്ക് മന്ത്രിയാകാനുള്ള നിയോഗം ലഭിച്ചത്.
ലാളിത്യം മുഖമുദ്രയാക്കിയ യുവനേതാവാണ് പി സി വിഷ്ണുനാഥ്. രാഷ്ടീയത്തിലും ജീവിതത്തിലും ഉമ്മന്‍ ചാണ്ടി ശൈലി പിന്തുടരുന്നു. ശാസ്താംകോട്ട ഡി ബി കോളേജ് ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയില്‍ നിന്ന് കേരളത്തിന്റെ മന്ത്രിയിലേക്കുള്ള വിഷ്ണുനാഥിന്റെ വളര്‍ച്ച പോരാട്ടങ്ങളുടേത് കൂടിയാണ്. തിരുവനന്തപുരം ലോ കോളജില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ഥി സമരങ്ങളുടെ മുന്‍നിരയില്‍ പിസി ഉണ്ടായിരുന്നു. 2006ല്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റായി. അതേവര്‍ഷം തന്നെ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി. അന്നത്തെ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ ആയി. 2011ലും വിജയം ആവര്‍ത്തിച്ചു. നര്‍മ്മം കലര്‍ന്ന വാക്ചാതുര്യം സഭാതലത്തിലും മൂര്‍ച്ചയുള്ള ആയുധമായി.
2016ല്‍ പരാജയപ്പെട്ടെങ്കിലും സംഘടന രംഗത്ത് വിഷ്ണുനാഥിന് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ പാര്‍ട്ടി നല്‍കി. കെപിസിസി ജനറല്‍ സെക്രട്ടറി, എഐസിസി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കര്‍ണാടക, തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നിര്‍ണായക ചുമതലകള്‍ വഹിച്ചു. ഇടത് തരംഗം ആഞ്ഞടിച്ച 2021ല്‍ മന്ത്രി ജെ മേഴ്‌സികുട്ടിഅമ്മയെ കുണ്ടറ മണ്ഡലത്തില്‍ തോല്‍പ്പിച്ച് പി സി വിഷ്ണുനാഥ് വമ്പന്‍ തിരിച്ചുവരവ് നടത്തി. ഇക്കുറിയും വന്‍ ഭൂരിപക്ഷത്തിലാണ് വിജയം ആവര്‍ത്തിച്ചത്. ജല അതോറിറ്റി ജീവനക്കാരനായിരുന്ന ചെല്ലപ്പന്‍ പിള്ളയുടെയും ലീലയുടെയും ഇളയ മകനാണ് കൊല്ലം പുത്തൂര്‍ മാവടി സ്വദേശിയായ പി സി വിഷ്ണുനാഥ്. കന്നഡ കവയിത്രി കനകഹാമ ആണ് ഭാര്യ. അന്നപൂര്‍ണ്ണേശ്വരി ദേവിയാണ് മകള്‍.
പ്രണയവിവാഹം
വിഷ്ണുനാഥിന്റേത് പ്രണയ വിവാഹമായിരുന്നു. ജീവിതത്തില്‍ യാദൃച്ഛികതയക്ക് വലിയ സ്ഥാനമുണ്ട്. അത്തരമൊരു യാദൃച്ഛികതയാണ് ഇവരെ തമ്മില്‍ ഒന്നിപ്പിച്ചത്. 2005 മാര്‍ച്ച് 12-ന് കനകഹാമ ഗുജറാത്തിലെ ആനന്ദിലായിരുന്നു. മഹാത്മാഗാന്ധി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ദണ്ഡി യാത്രയുടെ 75-ാം വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് അവര്‍ മുംബൈയില്‍ നിന്ന് എത്തിയത്. അവിടെവച്ച് കനകയെയും സഹപ്രവര്‍ത്തകരെയും കേരളത്തില്‍ നിന്നുള്ള ഒരു കൂട്ടം യുവാക്കള്‍ക്ക് പരിചയപ്പെടുത്തി. അതില്‍ കോണ്‍ഗ്രസ് രാഷ്ട്രീയക്കാരനായ പി സി വിഷ്ണുനാഥും ഉണ്ടായിരുന്നു.
അന്ന് രാത്രി 8 മണിക്ക്, കനക തന്റെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. ഒരു കിലോമീറ്റര്‍ അകലെയാണെങ്കിലും, റോഡില്‍ നല്ല വെളിച്ചമുണ്ടായിരുന്നതിനാല്‍ അവര്‍ നടന്നുപോകാന്‍ തന്നെ തീരുമാനിച്ചു. അന്ന് വിഷ്ണുനാഥിനോട് വരുന്നുണ്ടോ എന്ന് ചുമ്മാ ചോദിച്ചെങ്കിലും അദ്ദേഹം ഇല്ലെന്ന് പറഞ്ഞു. തുടര്‍ന്ന് കനകഹാമയും കൂട്ടുകാരും പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി.
അവിടെ നല്ല തിരക്കായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ കനക തിരിഞ്ഞുനോക്കിയപ്പോള്‍ വിഷ്ണുനാഥ് തൊട്ടടുത്ത് നില്‍ക്കുന്നത് കണ്ടു. കനകഹാമ തനിച്ചാണ് പോയതെന്ന തോന്നലിലാണ് വിഷ്ണുനാഥും അവിടേയ്ക്ക് പോയത്. അവരെ ശ്രദ്ധിക്കേണ്ടത് തന്റെ ഉത്തരവാദിത്തമായാണ് വിഷ്ണുനാഥ് കണ്ടത്.
അതിനുശേഷം, അടുത്ത 22 ദിവസങ്ങളില്‍ അവര്‍ അഹമ്മദാബാദില്‍ നിന്ന് ദണ്ഡി വരെ 268 കിലോമീറ്റര്‍ ഒരുമിച്ച് നടന്നു. കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ ലാളിത്യമുള്ള വിനയമുള്ള ഒരു വ്യക്തിയായാണ് വിഷ്ണുനാഥിനെ കനകഹാമയ്ക്ക് തോന്നിയത്. പിന്നീട് ഇവര്‍ സുഹൃത്തുക്കളായി.യാത്ര അവസാനിച്ചതിനുശേഷം അവര്‍ രണ്ടു വഴിക്കായെങ്കിലും പരസ്പരം ബന്ധം പുലര്‍ത്തിയിരുന്നു. ഇരുവരും ഫോണില്‍ സംസാരിക്കുകയും പരസ്പരം കത്തുകള്‍ എഴുതുകയും ചെയ്യുമായിരുന്നു. 2006-ല്‍ വിഷ്ണുനാഥ് ചെങ്ങന്നൂര്‍ എംഎല്‍എ ആയി.
കുറച്ചുകാലം കഴിഞ്ഞപ്പോള്‍ വിഷ്ണുനാഥിന്റെ വീട്ടില്‍ വിവാഹാലോചനകള്‍ തുടങ്ങി. അപ്പോള്‍ അദ്ദേഹം കനകയെ ഫോണില്‍ വിളിച്ച് തനിക്ക് ഇഷ്ടമാണെന്ന് പറയുകയും വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. കനക അതിനെക്കുറിച്ച് ആലോചിച്ച് സമ്മതം മൂളി. അതിനുശേഷമാണ് തനിക്ക് കനകയെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന കാര്യം വിഷ്ണുനാഥ് മാതാപിതാക്കളെ അറിയിച്ചത്. തുടക്കത്തില്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ എതിര്‍ത്തു. അവര്‍ നായര്‍ സമുദായത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെക്കൊണ്ട് അദ്ദേഹത്തെ വിവാഹം കഴിപ്പിക്കാനാണ് ആഗ്രഹിച്ചത്. ഷിമോഗ ജില്ലയിലെ മലയോര ഗ്രാമമായ ഹാലകെരെയില്‍ താമസിക്കുന്ന തന്റെ മാതാപിതാക്കളോട് പറഞ്ഞപ്പോള്‍, ഇതിനെക്കുറിച്ച് നന്നായി ചിന്തിക്കാന്‍ അവര്‍ കനകയോട് ആവശ്യപ്പെട്ടു. എങ്കിലും ഒടുവില്‍ പ്രണയം വിജയിച്ചു. 2007 ഓഗസ്റ്റ് 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് അവര്‍ വിവാഹിതരായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates