

കാര്‍ പ്രേമികള്‍ക്ക് പ്രിയങ്കരങ്ങളായ നിറങ്ങളാണ് പേള്‍ വൈറ്റും, പ്ലെയിന്‍ വൈറ്റുമൊക്കെ. ചൂടിനെ പ്രതിരോധിക്കുന്നത് പോലെയുള്ള ശാസ്ത്രീയ കാരണങ്ങളുണ്ടെങ്കിലും വൈറ്റ് നല്‍കുന്ന പ്രീമിയം ലുക്കാണ് പ്രധാന ആകര്‍ഷണം. പ്രീമിയം ലുക്കിലുള്ള 'പേള്‍ വൈറ്റ്' ഫിനിഷ് ശവപ്പെട്ടികളാണിപ്പോള്‍ കേരളത്തില്‍ ട്രെന്‍ഡിങ്. മുന്‍പൊക്കെ പണക്കാര്‍ ആര്‍ഭാടം എടുത്ത് കാണിക്കുന്ന പെട്ടികള്‍ക്കാണ് മുന്‍തൂക്കം നല്‍കിയിരുന്നത്. എന്നാലിപ്പോള്‍ എലഗന്റ് ലുക്കുള്ള പെട്ടികള്‍ക്കാണ് ഡിമാന്‍ഡെന്ന് ചെങ്ങന്നൂരില്‍ 'ഗോള്‍ഡന്‍ കോഫിന്‍ സെന്റര്‍' നടത്തുന്ന സുജീഷ് ചാക്കോ പറയുന്നു.
കോഫിന്‍ നിര്‍മാണവും വില്‍പനയും സുജീഷ് നടത്തുന്നുണ്ട്. '4000 രൂപ മുതല്‍ വിലയുള്ള പെട്ടികള്‍ ഞങ്ങള്‍ വില്‍ക്കുന്നുണ്ട്. കസ്റ്റം മെയ്ഡ് പെട്ടികള്‍ക്ക് ഡിമാന്റുണ്ട്. കാറുകള്‍ക്ക് ഉപയോഗിക്കുന്ന ഓട്ടോമോട്ടീവ് പെയിന്റടിച്ച പെട്ടികള്‍ ട്രെന്‍ഡിങ്ങാണ്. പേള്‍ വൈറ്റ് കളറാണ് കൂടുതലാളുകളും തെരഞ്ഞെടുക്കുന്നത്. കൈകൊണ്ടുള്ള ഗോള്‍ഡ് കളര്‍ ആര്‍ട് വര്‍ക്ക്, ലൈനിങ് എന്നിവ പെട്ടികള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കുന്നു,' സുജീഷ് പറഞ്ഞു.
കസ്റ്റം മെയ്ഡ് പ്രീമിയം പെട്ടികള്‍ക്ക് കൂടുതല്‍ വിലയാകും. 'അപൂര്‍വമായാണ് അത്തരം ഓര്‍ഡറുകള്‍. കസ്റ്റമര്‍ തെരഞ്ഞെടുക്കുന്ന തടി, ഡിസൈന്‍, ആര്‍ട് വര്‍ക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് വില,' സുജീഷ് പറയുന്നു. വിദേശ മാതൃകയില്‍ നാല് വശങ്ങള്‍ മാത്രമുള്ള കാസ്‌കറ്റ് ടൈപ്പിനും ആവശ്യക്കാരുണ്ട്. പക്ഷെ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നത് ആറ് വശങ്ങളുള്ള ട്രഡീഷണല്‍ ടൈപ്പ് പെട്ടികളാണ്,' സുജീഷ് പറയുന്നു. മധ്യനിരയില്‍ വിലയുള്ള പെട്ടികളുടെ നിര്‍മാണത്തിന് മഹാഗണിയുടെ തടിയാണ് ഉപയോഗിക്കുന്നത്. തേക്ക് തടിയില്‍ നിര്‍മ്മിച്ച പെട്ടികളുടെ വില തുടങ്ങുന്നത് 20,000 ലാണ്. ഈട്ടിയുടേത് 60,000 ത്തിലും.
കോവിഡ് കാലത്ത് അവതരിപ്പിക്കപ്പെട്ട 'സീ-ത്രൂ ഫേസ് പാനലു'ള്ള പെട്ടികള്‍ക്ക് ഇപ്പോഴും ആവശ്യക്കാരുണ്ടെന്ന് തിരുവനന്തപുരത്തെ 'രഞ്ജിത്ത്' സ്ഥാപന ഉടമ മഞ്ജിത്ത് രാജന്‍ പറയുന്നു. മരണാനന്തര ചടങ്ങുകള്‍ ഇവന്റ് മാനേജ്മന്റ് ഏജന്‍സികളെ ഏല്‍പ്പിക്കുന്നരുടെ എണ്ണം കൂടുകയാണ്. 'പ്രധാനമായും വിദേശ മലയാളികളാണ് ഏജന്‍സികളെ ഏല്‍പ്പിക്കുന്നത്. അവരാണ് പെട്ടി ഒക്കെ തെരഞ്ഞെടുക്കുന്നത്. പ്രീമിയം മോഡല്‍സ് മാത്രമേ അവര്‍ വാങ്ങാറുള്ളൂ,' മഞ്ജിത്ത് പറഞ്ഞു.
ഒരുപാട് പണം മുടക്കി ആര്‍ഭാട ശവപ്പെട്ടികള്‍ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണെന്ന് പറയുന്നു പുനലൂര്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി റെവ. മോത്തി വര്‍ക്കി. 'മുമ്പൊക്കെ പത്ത് പന്ത്രണ്ട് മണിക്കൂറുകള്‍ ശവശരീരം പെട്ടിയില്‍ വെക്കുമായിരുന്നു. മൊബൈല്‍ മോര്‍ച്ചറികള്‍ വന്നതോടെ പെട്ടിയില്‍ വയ്ക്കുന്ന സമയം കുറഞ്ഞു. ഇപ്പോള്‍ പ്രാര്‍ത്ഥനയുടെ സമയത്താണ് ശരീരം പെട്ടിയിലേക്ക് മാറ്റുന്നത്. കഷ്ടിച്ച് രണ്ടു മണിക്കൂര്‍ നേരത്തെ ഉപയോഗമായി ചുരുങ്ങിയതോടെ ആര്‍ഭാടവും കുറഞ്ഞു,' അദ്ദേഹം പറഞ്ഞു.
'മെയ്ഡ് ഇന്‍ ചൈന' പാളിപ്പോയ വിപണി
വിലക്കുറവുള്ള ഈസിലി ഡിസ്‌പോസിബിള്‍ ഒട്ടേറെ ചൈനീസ് ഉത്പന്നങ്ങള്‍ സംസ്ഥാനത്ത് പ്രചാരത്തിലുണ്ട്. എന്നാല്‍ നീണ്ടകാലം നിലനില്‍ക്കുന്ന ക്വാളിറ്റിയുള്ള സാധനം അവതരിപ്പിച്ചിട്ട് ചൈന പരാജയപ്പെട്ട അപൂര്‍വം വിപണികളിലൊന്നാണ് കേരളത്തിലെ ശവപ്പെട്ടി മാര്‍ക്കറ്റ്. 2012 ലാണ് ചെങ്ങന്നൂര്‍ കേന്ദ്രമായുള്ള ഒരു സംരംഭം ചൈനീസ് ശവപ്പെട്ടികള്‍ കേരളത്തിലേക്ക് ഇമ്പോര്‍ട്ട് ചെയ്ത് വില്പന തുടങ്ങിയത്. ആദ്യ വര്‍ഷങ്ങളില്‍ നല്ല കച്ചവടമായിരുന്നെങ്കിലും പിന്നീട് പള്ളികള്‍ ചൈനീസ് പെട്ടികള്‍ക്കെതിരെ നിലപാടെടുത്തതോടെ കച്ചവടം മുടങ്ങി. ഉയര്‍ന്ന ക്വാളിറ്റിയുള്ള ട്രീറ്റഡ് വൂഡില്‍ നിര്‍മ്മിച്ച പെട്ടികള്‍ ലോക്കല്‍ പെട്ടികളെപ്പോലെ എളുപ്പം നശിക്കാത്തതായിരുന്നു എതിര്‍പ്പിന്റെ കാരണം.
ചൈന പരാജയപ്പെട്ട കേരളത്തിലെ കോഫിന്‍ മാര്‍ക്കറ്റ് പക്ഷെ വളരുകയാണ്. പ്രാദേശിക നിര്‍മാതാക്കളുടെ കുത്തകയാണ് ഈ വിപണി. സംസ്ഥാനത്ത് ക്രിസ്ത്യന്‍ സമുദായമാണ് പെട്ടികളുടെ പ്രധാന ഉപഭോക്താക്കള്‍. ക്രിസ്ത്യന്‍ സമുദായത്തിലെ മരണങ്ങളുടെ എണ്ണത്തില്‍ ഒരു ദശാബ്ദത്തിനിടെ 26 ശതമാനം വര്‍ധനയുണ്ടായെന്നാണ് സര്‍ക്കാരിന്റെ കണക്ക്. 2014 ല്‍ മരണസംഖ്യ 50,095 ആയിരുന്നത് 2024 ല്‍ 63,172 ആയാണ് ഉയര്‍ന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates