തൃശൂർ: ജില്ലയിലെ കുപ്രസിദ്ധ ചീട്ടുകളി സംഘം കട്ടൻ ബസാർ കാസിനോ സംഘത്തെ ഒടുവിൽ പൊലീസ് വലയിലാക്കി. ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമാണ് സംഘത്തെ പൊലീസ് പിടികൂടിയത്. പറയാട് കല്ലൂപ്പുറത്ത് നിജിത്ത്, കുട്ടമംഗലം സ്വദേശികളായ ബദറുദീൻ, മജീദ്, കൂളിമുട്ടം സ്വദേശി സലാം, വലിയ പാലംതുരുത്ത് ഷെറിൻ ലാൽ, എടത്തിരുത്തി സ്വദേശി യൂസഫ് എന്നിവരെയാണ് ഒരു ലക്ഷത്തി പതിനാറായിരം രൂപയും കളി സാമഗ്രികളും സഹിതമാണ് സംഘത്തെ പിടികൂടിയത്.
ജില്ലയിലെ പണം വെച്ചുള്ള ചീട്ടുകളിയുടെ കേന്ദ്രമായ കുപ്രസിദ്ധമായ കാസിനോ സംഘം നിരവധിപ്പേരെയാണ് ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. പൊലീസ് സ്റ്റേഷൻ മുതൽ കളി സ്ഥലത്ത് എത്തുന്ന എല്ലാ വഴികളിലും ചീട്ടുകളി സംഘം കാവൽക്കാരെ നിർത്തിയിരുന്നു. കളി സ്ഥലത്ത് എത്തുക എന്നത് ഏറെ പ്രയാസകരമായ കാര്യമായതിനാൽ പൊലീസ് സംഘം താടിയും മുടിയുമൊക്കി വളർത്തി കളി നടക്കുന്നതിനു മുൻപുതന്നെ വിവിധ സ്ഥലങ്ങളിൽ ഒളിച്ചിരിക്കുകയായിരുന്നു.
ഏക്കറുകൾ വരുന്ന പറമ്പിന്റെ അഞ്ചു ഭാഗത്തായി തീഷ്ണതയേറിയ ടോർച്ചുകളുമായി കാവൽക്കാർ ഉണ്ടായിരുന്നു. കളിക്കു മുൻപായി ഇവർ പരിസരം നിരീക്ഷിക്കുകയും കളിക്കാർക്ക് വേണ്ട മദ്യവും ഭക്ഷണവുംഎത്തിച്ച ശേഷം സിഗ്‌നൽ നൽകിയ ശേഷം മാത്രമേ ചീട്ടുകളി സംഘം എത്തുമായിരുന്നുള്ളൂ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു എത്തുന്ന ചീട്ടുകളി സംഘത്തിൽ പലർക്കും പരസ്പരം അറിയുക പോലും ഇല്ല.
വിവിധ സ്ഥലങ്ങളിൽ നിന്നു ഒരു വാഹനത്തിൽ സംഘത്തെ എത്തിക്കുന്ന സംഘാടകർ മൊബൈൽ ഫോണുകൾ ഓഫാക്കിയ ശേഷമേ ആളുകളെ വാഹനത്തിൽ കയറ്റാറുള്ളൂ. കളിക്കു ശേഷം വീണ്ടും പഴയ സ്ഥലത്ത് എത്തിക്കും. കളി നടത്തിപ്പുകാർക്ക് മാസം അഞ്ച് ലക്ഷത്തോളം രൂപയാണ് വരുമാനം, കാവൽക്കാർക്ക്, പണത്തിനു പുറമേ മദ്യവും കൂലിയായി നൽകും. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടിആർ രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സംഘത്തെ പിടികൂടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates