

കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് 99 രൂപയ്ക്ക് ഷര്‍ട്ടു ലഭിക്കുമെന്ന് ഓഫര്‍ പ്രഖ്യാപിച്ച കടയിലേക്ക് ആളുകള്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന് കടയുടെ മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്നുവീണ് ഒട്ടേറെപ്പേര്‍ക്ക് പരിക്ക്. നാദാപുരം കസ്തൂരിക്കുളത്ത് ഈയിടെ തുറന്ന വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ ഉന്തിലും തള്ളിലും കടയുടെ ചില്ലു തകര്‍ന്നാണ് അപകടം. സാരമായി പരിക്കേറ്റ മുടവന്തേരി വണ്ണാറത്തില്‍ ഷബീലിനെ(22) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും നാദാപുരം സ്വദേശി സജിത്തിനെ(16) കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷബീലിന് ശസ്ത്രക്രിയ നടത്തി.
കൈനാട്ടി സ്വദേശി മുഹമ്മദ് ഷാമില്‍(18), വളയം സ്വദേശി നയനില്‍(14), വേറ്റുമ്മല്‍ സ്വദേശി അദ്വൈത്(15), വളയം സ്വദേശി ആദിഷ്(15), ചെക്യാട് സ്വദേശി ശാല്‍വിന്‍(15) എന്നിവര്‍ നാദാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പരിക്കുകളോടെ എത്തിയ ഒട്ടേറെപ്പേരെ ആശുപത്രികളില്‍നിന്നു പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ഒരു ഷര്‍ട്ടിന് 99 രൂപയെന്നായിരുന്നു പ്രചാരണം. സാമൂഹിക മാധ്യമങ്ങള്‍ വഴി ഓഫര്‍ പ്രഖ്യാപനം വ്യാപിച്ചതോടെ ആളുകള്‍ കടയിലേക്ക് ഇരച്ചുകയറി. കട തുറക്കുന്നതിനു മുന്‍പേ തന്നെ ഒട്ടേറെ പേര്‍ മുന്നില്‍ കാത്തുനിന്നു. കട തുറന്നതോടെ യുവാക്കള്‍ ഇരച്ചുകയറിയതോടെ കൂറ്റന്‍ ചില്ലു തകര്‍ന്നു. കടയില്‍നിന്നു പുറത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചിലര്‍ തളര്‍ന്നുവീണു. പൊലീസും നാട്ടുകാരും ഏറെ പണിപ്പെട്ടാണു സ്ഥിതി നിയന്ത്രിച്ചത്. അപകട ശേഷവും കടയിലേക്ക് കയറാനുള്ള ശ്രമത്തിനിടെ ചിലര്‍ക്കു ചില്ലുകൊണ്ടു പരിക്കേറ്റു. കടയ്ക്കകത്ത് രക്തം തളം കെട്ടിനിന്നതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചു. പലര്‍ക്കും പരിക്കേറ്റതിനിടയിലും കട പൂട്ടാന്‍ തയാറാകാതിരുന്നത് ഏറെ നേരം സംഘര്‍ഷത്തിനും വാക്കേറ്റത്തിനും ഇടയാക്കി.
വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലം പ്രസിഡന്റും വാര്‍ഡ് മെംബറുമായ കണേക്കല്‍ അബ്ബാസിന്റെ നേതൃത്വത്തില്‍ വ്യാപാരികളെത്തി കട പൂട്ടിച്ചു. സ്ഥാപനത്തിന് എതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും അതിനാല്‍ കേസെടുത്തിട്ടില്ലെന്നും എസ്‌ഐ എംപി വിഷ്ണു അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates