തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ മുൻകൂർ അനുമതിയോടെ വാഹനങ്ങളിൽ ഏഴ് തരത്തിലുള്ള രൂപമാറ്റങ്ങൾ വരുത്താൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ഗതാഗത കമ്മീഷണറുടെ ശുപാർശ പ്രകാരമാണ് നിശ്ചിത വ്യവസ്ഥകളോടെ ഏഴ് തരം മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകാൻ തീരുമാനമായത്. രേഖാമൂലം അനുമതി വാങ്ങിയ ശേഷം മാത്രമേ ഇത്തരം മാറ്റങ്ങൾ വരുത്താൻ പാടുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ ഉത്തരവ് പ്രകാരം അനുവദനീയമായ പരിധിക്കുള്ളിൽ നിന്നുകൊണ്ട് വാഹനങ്ങളുടെ നിറം മാറ്റാം. വാഹനങ്ങളിൽ എൻജിൻ ടൈപ്പ് മാറ്റുന്നതിനും അനുമതിയുണ്ടാകും. കൂടാതെ വാഹനത്തിന്റെ ചേസിസിൽ എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ പരിഹരിക്കാനോ വ്യവസ്ഥകൾക്ക് വിധേയമായി മാറ്റം വരുത്താനോ സാധിക്കും. ബോഡി സ്ട്രക്ചറിൽ നിയമാനുസൃതമായ തരത്തിലുള്ള ചെറിയ മാറ്റങ്ങൾ വരുത്താനും, ഡീസൽ അല്ലെങ്കിൽ പെട്രോൾ വാഹനങ്ങളെ സിഎൻജി ഉൾപ്പെടെയുള്ള മറ്റ് ഇതര ഇന്ധനങ്ങളിലേക്ക് മാറ്റുന്നതിനും അനുവാദമുണ്ട്. ഇത്തരത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയുള്ള ഏഴ് ഇനം രൂപമാറ്റങ്ങളാണ് പ്രധാനമായും അനുവദിച്ചിട്ടുള്ളത്.
1. നിറം മാറ്റല്‍ : റജിസ്റ്ററിങ് അതോറിറ്റിയുടെ അനുമതിയോടെ, ആര്‍സിയില്‍ രേഖപ്പെടുത്തിക്കൊണ്ട് മാത്രമേ നിറം മാറ്റാന്‍ പാടുള്ളൂ. പുതിയ നിറം സി.എം.വി.ആര്‍. ചട്ടം 121 പ്രകാരമോ കാലാകാലങ്ങളില്‍ നിലവിലുള്ള എസ്ടിഎ. തീരുമാനങ്ങള്‍ പ്രകാരമോ നിരോധിക്കപ്പെട്ടതാകാന്‍ പാടില്ല.
2. എന്‍ജിന്‍ മാറ്റല്‍ : വാഹനത്തില്‍ ഉപയോഗിച്ചിട്ടുള്ള അതേ സ്‌പെസിഫിക്കേഷനിലുള്ള (ഒരേ മോഡല്‍, കപ്പാസിറ്റി, പവര്‍ മുതലായവ) എന്‍ജിന്‍ മാത്രമേ മാറ്റിവയ്ക്കാവൂ. പഴയ എന്‍ജിന്‍ നിര്‍മിച്ച അതേ കമ്പനിയുടെ എന്‍ജിനായിരിക്കുകയും വേണം. ഇത് ആര്‍.സിയില്‍ രേഖപ്പെടുത്തുയും വേണം. മറ്റേതെങ്കിലും വാഹനത്തിന്റെ എന്‍ജിന്‍ മാറ്റിവയ്ക്കുന്നത് അനുവദിക്കില്ല.
3. ഷാസി ഫ്രെയിം മാറ്റിസ്ഥാപിക്കല്‍ : നിലവിലെ ഷാസിയുടെ അതേ തരത്തിലുള്ളതും അതേ കമ്പനിയുടെയും പുതിയ ഷാസി മാറ്റിവയ്ക്കാം. ഇതും ആര്‍സിയില്‍ രേഖപ്പെടുത്തണം. ഒരു തരത്തിലുള്ള വാഹനത്തിനായി നിര്‍മ്മിച്ച ഷാസി മറ്റൊരു തരത്തിലുള്ള വാഹനത്തിനായി മാറ്റിയെടുക്കാന്‍ പാടില്ല.
4. ബോഡി ഘടനയില്‍ മാറ്റം വരുത്തല്‍: സി.എം.വി.ആര്‍. ചട്ടം 112 കര്‍ശനമായി പാലിച്ചുകൊണ്ടുമാത്രമേ ബോഡി ഘടനയില്‍ മാറ്റം വരുത്താവൂ. ഇതും ആര്‍.സിയില്‍ ചേര്‍ക്കണം.
5. അംഗീകൃത റിട്രോഫിറ്റ്മെന്റ് കിറ്റ് ഉപയോഗിച്ച് ഇന്ധനം മാറ്റല്‍: ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്ചറര്‍, വാഹന കമ്പനി ഡീലര്‍, സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച വര്‍ക്ഷോപ്പ്, സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച സര്‍വീസ് സ്റ്റേഷന്‍ എന്നിവര്‍ മുഖേന മാത്രമേ ഇന്ധനം മാറ്റല്‍ ചെയ്യാവൂ. അതും അംഗീകൃത റിട്രോഫിറ്റ്മെന്റ് കിറ്റ് ഉപയോഗിച്ച് മാത്രം. ഇതും ആര്‍.സിയില്‍ ഉള്‍പ്പെടുത്തണം.
6. പ്രൊപ്പല്‍ഷന്‍ സിസ്റ്റം മാറ്റല്‍ : അംഗീകൃത കണ്‍വേര്‍ഷന്‍ കിറ്റുകള്‍ ഉപയോഗിച്ച് മാത്രമേ പ്രൊപ്പല്‍ഷന്‍ സിസ്റ്റം മാറ്റാവൂ. എല്ലാ പ്രവൃത്തികളും കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുള്ള വ്യവസ്ഥകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയമായിരിക്കണം. വര്‍ക്ക് പൂര്‍ത്തിയായശേഷം ആര്‍.സിയില്‍ രേഖപ്പെടുത്തുകയും വേണം.
7. ഭിന്നശേഷി സൗഹൃദ വാഹനമാക്കി മാറ്റല്‍ : ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്ചറര്‍, വാഹന നിര്‍മ്മാതാവിന്റെ ഡീലര്‍, അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള വര്‍ക്ക്ഷോപ്പ് അല്ലെങ്കില്‍ സര്‍വീസ് സ്റ്റേഷന്‍ എന്നിവര്‍ മുഖേന മാത്രമേ സാധാരണ വാഹനങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കാവൂ. ഇതിനും കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത വ്യവസ്ഥകള്‍ ബാധകമായിരിക്കും.
റജിസ്റ്ററിങ് അതോറിറ്റികള്‍ നിര്‍മ്മാതാവിന്റെ സ്‌പെസിഫിക്കേഷനുകളുടെയും വാഹനത്തിന്റെ ടൈപ്പ് അപ്രൂവല്‍/പ്രോട്ടോടൈപ്പ് അപ്രൂവലിന്റെയും അടിസ്ഥാനത്തിലായിരിക്കും മോഡിഫിക്കേഷന്‍ അപേക്ഷകളില്‍ നടപടി സ്വീകരിക്കുക. അനുവദിച്ച മാറ്റങ്ങള്‍ ആര്‍.സിയില്‍ രേഖപ്പെടുത്തേണ്ട ചുമതലയും റജിസ്റ്റിങ് അതോറിറ്റിക്കാണ്.
പ്രൊപ്പൽഷൻ സിസ്റ്റം പരിഷ്കരിക്കുന്നതിനും വാഹനം ഭിന്നശേഷി സൗഹൃദമാക്കുന്നതിനും അനുമതിയുണ്ട്. ആര്‍ടിഒ ഓഫീസില്‍ എത്തി അപേക്ഷ നല്‍കി ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് വാഹനങ്ങള്‍ക്ക് രൂപമാറ്റം നടത്താം. മാറ്റങ്ങളെല്ലാം വാഹനത്തിന്റെ ആര്‍സി ബുക്കില്‍ രേഖപ്പെടുത്തുകയും വേണം. ഇനി ആര്‍സിയില്‍ വാഹനത്തിന്റെ മാറ്റങ്ങള്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ പിഴ ഈടാക്കുമെന്നുമാണ് അറിയിപ്പ്.
വാഹനപ്രേമികളും ഓട്ടോമൊബൈൽ രംഗത്തുള്ളവരും നിരന്തരമായി ആവശ്യപ്പെട്ടിരുന്ന പ്രധാന മോഡിഫിക്കേഷനുകളായ വലിയ ടയറുകൾ, സസ്‌പെൻഷൻ മാറ്റങ്ങൾ, ലൈറ്റുകൾ തുടങ്ങിയവയെക്കുറിച്ചൊന്നും ഉത്തരവിൽ പ്രതിപാദിക്കുന്നില്ല. ഇപ്പോൾ അനുവദിച്ചിട്ടുള്ള ഏഴ് മാറ്റങ്ങളിൽ ഭൂരിഭാഗവും നിലവിൽ തന്നെ നിയമപ്രകാരം അനുമതിയോടെ ചെയ്യാവുന്ന കാര്യങ്ങളാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates