

തൃശൂര്‍: ചരിത്രത്തില്‍ ആദ്യമായി പഞ്ചാരിമേളം അവതരിപ്പിക്കപ്പെട്ട പെരുവനത്ത് പൂരം പെയ്തിറങ്ങി. 11 ദേവീദേവന്മാര്‍ അണിനിരന്ന പെരുവനം വിളക്ക് ആചാരപെരുമയില്‍ നടന്നു. കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രാമാണികത്തില്‍ പഞ്ചാരിമേളം, ചേര്‍പ്പ് ഭഗവതിയുടെ അയ്കുന്ന് ഭഗവതിയോടൊപ്പമുള്ള കിഴക്കോട്ടിറക്കം, പെരുവനം കുട്ടന്‍ മാരാര്‍ നയിക്കുന്ന പഞ്ചാരിമേളം എന്നിവയോടെ ശനിയാഴ്ച രാവിലെ പൂരത്തിന് സമാപനമായി.
ആറാട്ടുപുഴ, കല്ലേലി, മേടംകുളങ്ങര ശാസ്താക്കന്മാരുടെ ഒരുമിച്ചുള്ള എഴുന്നള്ളിപ്പും പഞ്ചാരിമേളവും കാഴ്ചയുടെ വിസ്മയമായി. പഴുവില്‍ രഘുമാരാര്‍ പ്രാമാണികനായി. തൊടുകുളം ഭാഗത്തുനിന്ന് ദേവസ്വം ശിവകുമാറിന്റെ പുറത്ത് ഊരകം അമ്മത്തിരുവടി ചാത്തക്കുടം ശാസ്താവിനൊപ്പം എഴുന്നള്ളി. പഞ്ചാരിമേളത്തോടെയായിരുന്നു നടവഴികയറ്റം. ചെറുശ്ശേരി കുട്ടന്‍മാരാര്‍ പ്രാമാണികനായ പഞ്ചാരിമേളം നടവഴിയില്‍ പതിനായിരങ്ങളില്‍ മേളാവേശം നിറച്ചു.
ചേര്‍പ്പ് ഭഗവതി ചോറ്റാനിക്കര സുഭാഷ് മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യത്തോടെ പടിഞ്ഞാറേനടയിലെത്തി. പഞ്ചവാദ്യം നടക്കുന്നത് ഇവിടെ മാത്രമാണ്. കടലാശ്ശേരി പിഷാരിക്കല്‍ ഭഗവതിയുടെ നടവഴികയറ്റമായിരുന്നു ആദ്യം. മച്ചാട് ജയറാം തിടമ്പേറ്റി. അഞ്ച് ആനകള്‍ അകമ്പടിയായി. പെരുവനം ശങ്കരനാരായണന്‍ മാരാര്‍ പ്രാമാണികനായ പഞ്ചാരിമേളമായിരുന്നു നടവഴിയിലെ മേളപ്പെരുക്കത്തിന് തുടക്കമിട്ടത്.
ആറാട്ടുപുഴ ശാസ്താവ് പാമ്പാടി രാജന്റെ പുറത്ത് പെരുവനം ക്ഷേത്രത്തിന്റെ തെക്കേനടയില്‍ നിരന്നപ്പോള്‍ പാണ്ടിമേളത്തിന് തുടക്കമായി. പെരുവനം കുട്ടന്‍ മാരാര്‍ പ്രാമാണികനായി. എഴുന്നള്ളിപ്പ് നടവഴിയിറങ്ങിയപ്പോള്‍ അഭിമുഖമായി തൊട്ടിപ്പാള്‍ ഭഗവതിയോടൊപ്പം ചാത്തക്കുടം ശാസ്താവിന്റെ എഴുന്നള്ളിപ്പ്. പഞ്ചാരിമേളത്തോടെ നടവഴികയറ്റം തുടങ്ങി. പതിനായിരങ്ങളാണ് ദേവസംഗമം കാണാനും മേളം ആസ്വദിക്കാനുമായി പെരുവനത്ത് എത്തിയത്. മേളത്തിന് പേരുകേട്ട തറക്കല്‍ പൂരം നാളെയാണ്. പിടിക്കപ്പറമ്പ് ആനയോട്ടവും നാളെയാണ്. മാര്‍ച്ച് 30നാണ് പ്രശസ്തമായ ആറാട്ടുപുഴ പൂരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates