

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) തങ്ങളുടെ ആയുധ പരിശീലന വിഭാഗം വഴി, പ്രവര്‍ത്തകര്‍ക്ക് ആയുധ പരിശീലനം നല്‍കിയിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി. യോഗ പരിശീലനം, രക്ഷാപ്രവര്‍ത്തന-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ആയോധനകലകള്‍, ശാരീരിക വികസന പരിപാടികള്‍ തുടങ്ങിയവയുടെ മറവിലാണ് ആയുധ പരിശീലനം നല്‍കിയിരുന്നത്. എന്‍ഐഎ എറണാകുളം പ്രത്യേക കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.
വിവിധ ഘട്ടങ്ങളിലൂടെ കേഡറിനെ ഫില്‍ട്ടര്‍ ചെയ്യുകയും, തെരഞ്ഞെടുത്ത അംഗങ്ങള്‍ക്ക് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കൈകാര്യം ചെയ്യാന്‍ പരിശീലനം നല്‍കുകയുമാണ് പിഎഫ്ഐ ചെയ്തിരുന്നത്. 'ട്രസ്റ്റുകളുടെ' പേരില്‍ പ്രവര്‍ത്തിക്കുന്നവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും, അനുബന്ധ സൗകര്യങ്ങളുമാണ് ഇതിനായി വിനിയോഗിച്ചത്. പരിശീലന ക്യാംപുകള്‍ക്ക് പുറമേ, രഹസ്യയോഗങ്ങളും ചേര്‍ന്നിരുന്നുവെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു.
നേതൃത്വം എടുക്കുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ പരിശീലനം ലഭിച്ച കേഡറുകളെ പിഎഫ്‌ഐ ഉപയോഗിച്ചു. അവരുടെ കോടതിയായി പരിഗണിക്കുന്ന 'ദാറുല്‍ ഖസ' എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാനും പരിശീലനം സിദ്ധിച്ച കേഡറുകളെ ഉപയോഗിച്ചിരുന്നു. കേരളത്തില്‍ നിരവധി വ്യക്തികളെ ഇല്ലാതാക്കാന്‍ പിഎഫ്ഐ അവരുടെ 'റിപ്പോര്‍ട്ടര്‍മാരെയും' 'സര്‍വീസ്' വിഭാഗങ്ങളെയും ഉപയോഗിച്ചുവെന്നും എന്‍ഐഎ പറയുന്നു.
സമൂഹത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുക ലക്ഷ്യമിട്ട്, മറ്റു സമുദായങ്ങളില്‍പ്പെട്ട തെരഞ്ഞെടുത്ത വ്യക്തികളെ വധിക്കാനും മറ്റും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭാരവാഹികളും പരിശീലനം സിദ്ധിച്ച കേഡറും ചേര്‍ന്ന് ഗൂഢാലോചന നടത്തിയിരുന്നതായും എന്‍ഐഎ പറയുന്നു. പിഎഫ്ഐ വിദ്യാഭ്യാസ വിഭാഗത്തിന്റെ ദേശീയ ചുമതലക്കാരനും അനുബന്ധ സംഘടനയായ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ അഷ്റഫ് എന്ന അഷ്റഫ് മൗലവിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് എന്‍ഐഎ ഇക്കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്. പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് അഷ്‌റഫ്.
ഹിന്ദു സമൂഹത്തിലും പൊതുജനങ്ങളിലും ഭീതി സൃഷ്ടിക്കുന്നതിനായി 2022 ഏപ്രില്‍ 16 ന് പാലക്കാട്ട് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ അഷ്‌റഫും പങ്കാളിയാണെന്ന് എന്‍ഐഎ വാദിച്ചു. എന്‍ഐഎയുടെ വാദങ്ങള്‍ പരിഗണിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയും ഹര്‍ജിക്കാരന്‍ പിഎഫ്ഐയുടെ നേതാവാണെന്ന് പ്രഥമദൃഷ്ട്യാ തെളിയിക്കുന്ന തെളിവുകള്‍ തെളിവുകള്‍ കാണിക്കുന്നുണ്ടെന്ന് നിരീക്ഷിക്കുകയും ചെയ്തു. ഗൂഢാലോചന നടന്ന സ്ഥലത്തും സംഭവസ്ഥലത്തും അഷ്‌റഫിന്റെ സാന്നിധ്യവും കുറ്റകൃത്യത്തില്‍ അദ്ദേഹത്തിന്റെ പങ്കും കോടതി ചൂണ്ടിക്കാട്ടി.
പിഎഫ്ഐയുടെ അര്‍ദ്ധ-ഇന്റലിജന്‍സ് വിഭാഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'റിപ്പോര്‍ട്ടേഴ്സ്' വിഭാഗം വഴി, മറ്റ് സമുദായങ്ങളിലെ നേതാക്കള്‍, പ്രത്യേകിച്ച് ഹിന്ദു സമൂഹം ഉള്‍പ്പെടെയുള്ളവയിലെ പ്രമുഖ വ്യക്തികളെക്കുറിച്ചുള്ള സ്വകാര്യവും വ്യക്തിപരവുമായ വിവരങ്ങള്‍ സംഘടന ശേഖരിച്ചു. ഈ ഡാറ്റ ജില്ലാ തലത്തില്‍ സമാഹരിച്ച് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഈ വിശദാംശങ്ങള്‍ പതിവായി അപ്ഡേറ്റ് ചെയ്യുകയും ആവശ്യാനുസരണം വ്യക്തികളെ ലക്ഷ്യം വയ്ക്കാന്‍ ഉപയോഗിക്കുകയും ചെയ്തു. റിപ്പോര്‍ട്ടേഴ്‌സ് വിംഗ് ശേഖരിക്കുന്ന വിവരങ്ങള്‍ വിലയിരുത്തുന്ന നേതൃത്വം, പദ്ധതി നടപ്പാക്കാനായി 'സര്‍വീസ്' വിഭാഗത്തിന് കൈമാറുകയുമാണ് ചെയ്തിരുന്നതെന്നും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates