

കൊച്ചി: റോഡപകടത്തില്‍ ഇരുചക്ര വാഹനത്തിന്റെ പിന്നിലിരുന്ന ആളുകള്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്നുണ്ടായ നഷ്ടപരിഹാരത്തുക വെട്ടിക്കുറയ്ക്കാനാകില്ലെന്ന് ഹൈക്കോടതി. അപകട കാരണം വാഹനം ഓടിച്ചയാളുടെ അശ്രദ്ധയാണെങ്കില്‍ പോലും പിന്‍സീറ്റിലിരിക്കുന്ന ആളിന്റെ നഷ്ടപരിഹാരം കുറയ്ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
മോട്ടോര്‍ സൈക്കിള്‍ ഓടിച്ചയാളുടെ അശ്രദ്ധയ്ക്ക് നിരപരാധിയായ യാത്രികനെ കുറ്റക്കാരനാക്കാനോ ഉത്തരവാദിയാക്കാനോ കഴിയില്ലെന്ന് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ നിരീക്ഷിച്ചു. സഞ്ചരിച്ചിരുന്ന ബൈക്ക് ബസുമായി കൂട്ടിയിടിച്ച് പരിക്കേറ്റ സന്തോഷ് എന്നയാള്‍ നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. എറണാകുളം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ 57,922 രൂപ നഷ്ടപരിഹാരമായി വിധിച്ചിരുന്നുവെങ്കിലും, മോട്ടോര്‍ സൈക്കിള്‍ ഓടിച്ചയാള്‍ക്കും അശ്രദ്ധയുണ്ടായിരുന്നു എന്ന് കാണിച്ച് തുകയുടെ 50 ശതമാനം വെട്ടിക്കുറച്ചു. ഇതോടെ സന്തോഷിന് 28,961 രൂപ മാത്രമാണ് ലഭിച്ചത്. താന്‍ പിന്‍സീറ്റിലാണിരുന്നതെന്നും ട്രൈബ്യണല്‍ നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് സന്തോഷ് ഹൈക്കോടതിയെ സമീപിച്ചത്. അതുകൊണ്ടു തന്നെ തുക വര്‍ദ്ധിപ്പിച്ച് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2004 ജൂണ്‍ 28 നാണ് കേസിനാസ്പദമായ റോഡപകടം നടന്നത്. സന്തോഷ് സഞ്ചരിച്ചിരുന്ന മോട്ടോര്‍ സൈക്കിളില്‍ ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ സന്തോഷിന്റെ വലത് തുടയെല്ലിന് പൊട്ടൽ ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റു. അപകടത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്‌ഐആറും കുറ്റപത്രവും പരിശോധിച്ചതില്‍ നിന്ന്, പ്രാഥമികമായി ബസ് ഡ്രൈവറുടെ ഭാഗത്താണ് അശ്രദ്ധയെന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. ബൈക്ക് ഓടിച്ചയാളെ കേസില്‍ പ്രതിയാക്കിയിരുന്നില്ല, കൂടാതെ അദ്ദേഹത്തിന്റെ ഭാഗത്ത് അശ്രദ്ധയുണ്ടെന്ന് തെളിയിക്കാന്‍ തെളിവുകളൊന്നും ഹാജരാക്കിയിട്ടുമില്ല. അതിനാല്‍, സീന്‍ മഹസറിനെയും പരിശോധനാ റിപ്പോര്‍ട്ടിനെയും മാത്രം അടിസ്ഥാനമാക്കി ട്രൈബ്യൂണല്‍ എത്തിയ നിഗമനം ഗുരുതരമായ തെറ്റാണെന്ന് കോടതി കണ്ടെത്തി.
11 ദിവസത്തെ ആശുപത്രി വാസവും അസ്ഥി ഒടിവും ഉള്‍പ്പെടെയുള്ള പരിക്കുകള്‍ കണക്കിലെടുത്ത് വേതന നഷ്ടം, ചികിത്സാ ചെലവുകള്‍, പോഷകാഹാരം, വസ്ത്രങ്ങള്‍ക്കുണ്ടായ കേടുപാടുകള്‍ എന്നിവയ്ക്കുള്ള തുകയും കോടതി വര്‍ദ്ധിപ്പിച്ചു. അപകടം നടന്ന വര്‍ഷം (2004) മുതല്‍ ട്രൈബ്യൂണല്‍ വിധി വന്ന തീയതി (2010) വരെയുള്ള കാലയളവിലേക്ക് പ്രതിവര്‍ഷം 8% പലിശസഹിതം ഈ തുക നല്‍കണം. വിധി വന്ന് രണ്ടു മാസത്തിനകം ഈ തുക കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates