

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം വരും മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമാണ്. കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി ഡി സതീശന്‍ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി കരുക്കള്‍ നീക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു ആശങ്കകളും ആശയക്കുഴപ്പങ്ങളും ഇടതുപക്ഷ ക്യാമ്പില്‍ ഇല്ല. അടുത്ത മാസം 81 വയസ്സ് തികയുന്ന, കണ്ണൂരുകാരനായ പിണറായി വിജയനാണ് എല്‍ഡിഎഫിന്റെ ഏകമുഖം.
ഒരു ദശാബ്ദത്തിലേറെയായി സി പി എമ്മിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവാണ് പിണറായി വിജയന്‍. തുടര്‍ഭരണം ലഭിച്ചതോടെ, ഇടതുമുന്നണിയുടെ പ്രധാന മുഖമായും പിണറായി മാറി. പിണറായി 3.0 സര്‍ക്കാര്‍ എന്നതാണ് എല്‍ഡിഎഫ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. എന്നിരുന്നാലും, അതിനേക്കാള്‍ വലിയൊരു ചോദ്യം അവശേഷിക്കുന്നുണ്ട് - വിജയമായാലും പരാജയമായാലും, പിണറായി വിജയന്‍ അല്ലാതെ എല്‍ഡിഎഫിനെ നയിക്കാന്‍ മറ്റാരുണ്ട്?
സിപിഎമ്മിലെ രണ്ടാം നിര നേതൃത്വത്തിന്റെ ദൗര്‍ബല്യത്തിലേക്കും, സംസ്ഥാനത്തുടനീളം സ്വാധീനമുള്ള നേതാക്കളുടെ കുറവിലേക്കുമാണ് ഈ ചോദ്യം വിരല്‍ ചൂണ്ടുന്നത്. പാര്‍ട്ടിയുടെ അനുസരിച്ച് എല്‍ഡിഎഫ് 72 മുതല്‍ 76 വരെ സീറ്റുകള്‍ നേടും. അതിനാല്‍ തന്നെ പരാജയപ്പെട്ടാല്‍ ആര് നയിക്കും എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഞങ്ങളുടേത് ഒരു കൂട്ടായ നേതൃത്വമാണ്. ആവശ്യമെങ്കില്‍ നേതൃത്വം യഥാസമയം ഉയര്‍ന്നുവരും. ഒരു പിന്‍ഗാമിയെ അന്വേഷിക്കാനുള്ള സമയമായിട്ടില്ല.' ഒരു മുതിര്‍ന്ന സിപിഎം നേതാവ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
'ഇത് എല്ലാവരുടെയും മനസ്സിലുള്ള ചോദ്യമാണ്, എന്നാല്‍ ഉത്തരമില്ലാത്ത ഒന്നാണ്' എന്നാണ് മറ്റൊരു നേതാവ് അഭിപ്രായപ്പെട്ടത്. ഇത്തരമൊരു ചര്‍ച്ചയ്ക്ക് സമയമായിട്ടില്ല എന്ന് ഇടത് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും, സി.പി.എമ്മിലെ പിന്‍ഗാമി ആരെന്ന കാര്യത്തില്‍ വളരെക്കാലമായി ഒരു അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ ജീവിച്ചിരുന്നപ്പോള്‍ സാഹചര്യം ഇതല്ലായിരുന്നു. പിണറായി വിജയന്റെ പിന്‍ഗാമിയായി കോടിയേരി വരുമെന്നത് പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. കോടിയേരിക്ക് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദന്, കോടിയേരിയുടെ വിടവ് നികത്താന്‍ സാധിച്ചിട്ടില്ല.
എം വി ഗോവിന്ദന്‍, പി രാജീവ്, കെ എന്‍ ബാലഗോപാല്‍, കെ കെ ശൈലജ എന്നിവരുള്‍പ്പെടെ നിരവധി നേതാക്കള്‍ പാര്‍ട്ടിയിലും സര്‍ക്കാരിലുമായി ഉണ്ടെങ്കിലും, അവരില്‍ ആരെയും പിണറായിയുടെ സ്വാഭാവിക പിന്‍ഗാമിയായി കരുതാനാവില്ല. തെരഞ്ഞെടുപ്പ് ഫലം അടുത്തതോടെ, അടുത്തത് എന്താണെന്നതിനെക്കുറിച്ച് സിപിഎമ്മിനുള്ളില്‍ രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും പിണറായി ഏക നേതാവായി തുടരുമെന്ന് മുതിര്‍ന്ന ഇടതുപക്ഷ നേതാക്കള്‍ കരുതുന്നു.
'പരാജയപ്പെട്ടാലും, പിണറായിയായിരിക്കും ആദ്യ ചോയ്സ്. അതല്ലാതെ പരിഗണിക്കാന്‍ ഇപ്പോള്‍ പാര്‍ട്ടിയിലോ മുന്നണിയിലോ മറ്റാരുമില്ല. വാസ്തവത്തില്‍, ഇത് സിപിഎമ്മിനും എല്‍ഡിഎഫിനും ഒരു പ്രധാന ആശങ്കയാണ്. യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. സിപിഎമ്മിനുള്ളില്‍ ഒരു രണ്ടാം നിര നേതൃത്വം വളര്‍ത്തിയെടുത്തിട്ടില്ല. ഒരു പിന്‍ഗാമിയെക്കുറിച്ച് സംസാരിക്കാന്‍ പോലും അവരില്‍ പലര്‍ക്കും പേടിയാണ്.' ഒരു മുതിര്‍ന്ന ഇടതുപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
യഥാര്‍ത്ഥത്തില്‍, ഇത്തരമൊരു വെല്ലുവിളി വരാനിരിക്കുന്നുണ്ടെന്ന് സിപിഎം നേതൃത്വം നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് എം. സ്വരാജ്, പി കെ ബിജു, മുഹമ്മദ് റിയാസ് തുടങ്ങിയവരെ 2022-ല്‍ സിപിഎം സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുവന്നത്. എന്നിരുന്നാലും, പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇവരാരും വരുന്നില്ല. മറ്റൊന്ന്, കണ്ണൂരില്‍ നിന്നുള്ള 'ജയരാജന്‍ ത്രയം' (ഇ.പി. ജയരാജന്‍, പി. ജയരാജന്‍, എം.വി. ജയരാജന്‍) എന്നിവര്‍ ഈ ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നതാണ്.
സിപിഎമ്മിനെ ദീര്‍ഘകാലമായി നയിച്ചുകൊണ്ടിരിക്കുന്നത് കണ്ണൂരില്‍ നിന്നുള്ള നേതാക്കളാണ്. ഇപ്പോള്‍ എം വി ഗോവിന്ദനാണ് പാര്‍ട്ടി സെക്രട്ടറി. പിണറായി വിജയന്‍ ജനസ്വാധീനമുള്ള കരുത്തനായ നേതാവ് മാത്രമല്ല, പാര്‍ട്ടിക്കുള്ളില്‍ ശക്തമായ നിയന്ത്രണമുള്ള ഏക വ്യക്തി കൂടിയാണ്. ഇടതു നിരീക്ഷകനായ എന്‍ എം പിയേഴ്‌സണ്‍ ചൂണ്ടിക്കാട്ടി. അപ്രതീക്ഷിത സംഭവങ്ങള്‍ ഒന്നുമുണ്ടായില്ലെങ്കില്‍, പിണറായി വിജയന്‍ തന്നെ ഇനിയും കുറച്ചുകാലം കൂടി നേതൃസ്ഥാനത്ത് തുടരുമെന്നാണ് കരുതേണ്ടത്.' പിയേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates