

തിരുവനന്തപുരം: കേരളത്തെക്കുറിച്ചുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമർശത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പിണറായിയുടെ മറുപടി.
'യുപി കേരളമായി മാറിയാൽ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ലഭിക്കും. മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകൾ കൊല്ലപ്പെടാത്ത യോജിപ്പുള്ള ഒരു സമൂഹമായി യുപിയും മാറും. കേരളം പോലെ ആകണമെന്നാണ് യുപിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. അങ്ങനെ സംഭവിക്കുമോ എന്ന ഭയമാണ് യോഗിക്കുള്ളത്'- പിണറായി ട്വീറ്റിൽ വ്യക്തമാക്കി.
വോട്ടർമാർക്ക് പിഴവ് പറ്റിയാൽ ഉത്തർപ്രദേശ്, കശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്നായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമർശം. യുപിയിൽ ആദ്യഘട്ട പോളിങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് യോഗിയുടെ വിവാദ പ്രസ്താവന.
ഭയരഹിതമായി ജീവിക്കാൻ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യണമെന്നും യോഗി ആവശ്യപ്പെട്ടു. ഉത്തർപ്രദേശ് ബിജെപിയാണ് യോഗിയുടെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. കഴിഞ്ഞ അഞ്ചു വർഷം സംസ്ഥാനത്ത് പല അദ്ഭുതങ്ങളും നടന്നുവെന്നും എന്തെങ്കിലും പിഴവ് നിങ്ങൾക്കു സംഭവിച്ചാൽ ഈ അഞ്ചു വർഷത്തെ പ്രയത്നവും വൃഥാവിലാകുമെന്നും യോഗി പറഞ്ഞു.
'എന്റെ അഞ്ച് വർഷത്തെ പരിശ്രമത്തിനുള്ള അനുഗ്രഹമാകും നിങ്ങളുടെ വോട്ട്. തീരുമാനമെടുക്കാനുള്ള സമയം സമാഗതമായിരിക്കുന്നു. എന്തെങ്കിലും പിഴവ് സംഭവിച്ചാൽ യുപി, കശ്മീരോ കേരളമോ ബംഗാളോ പോലെ ആയി മാറും. ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാർ പ്രതിബദ്ധതയോടെയും ആത്മാർഥതയോടെയുമാണ് പ്രവർത്തിച്ചത്. നിങ്ങൾക്കത് കാണാനും അനുഭവിക്കാനും കഴിഞ്ഞിട്ടുണ്ട്'- യോഗി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates