നേട്ടങ്ങളുടെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും കേരളത്തെ ശിക്ഷിക്കുന്നു; അവകാശ ലംഘനങ്ങള്‍ക്കെതിരായ സമരമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിമാരായ കെജരിവാളും ഭ​ഗവന്ത് മന്നും പ്രതിഷേധത്തിൽ അണിചേർന്നു
മുഖ്യമന്ത്രി പ്രതിഷേധ സമരത്തിൽ പ്രസം​ഗിക്കുന്നു
മുഖ്യമന്ത്രി പ്രതിഷേധ സമരത്തിൽ പ്രസം​ഗിക്കുന്നുടിവി ദൃശ്യം
Updated on
2 min read

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിന് എതിരായ സമരമാണ് ജന്തര്‍മന്തറില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന ദുര്‍വ്യാഖ്യാനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ വായ്പാ പരിധി വെട്ടിക്കുറയ്ക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര അവഗണനക്കെതിരെ ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തിയ ഡല്‍ഹി പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ ലംഘനത്തിനെതിരെയുള്ള ഒരു പുതിയ സമരമാണിത്. സംസ്ഥാനങ്ങളുടെ നികുതി മുഴുവന്‍ സ്വീകരിച്ച് ബാധ്യത സംസ്ഥാനങ്ങളുടെ ചുമലില്‍ കെട്ടി വയ്ക്കുകയാണ്. ജനങ്ങളുടെ നികുതിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. പാവങ്ങളുടെ വീട് ഔദാര്യമാണ് എന്ന് ബ്രാന്‍ഡ് ചെയ്യുന്നത് അനുവദിക്കാന്‍ ആവില്ല. ഏകപക്ഷീയമായി ധനകാര്യ കമ്മിഷന്റെ പരിഗണന വിഷയങ്ങള്‍ തീരുമാനിക്കുന്നു.

ഓരോ തവണയും കേരളത്തിന്റെ വിഹിതം കുത്തനെ കുറയ്ക്കുന്നു. കേന്ദ്ര വിഹിതത്തില്‍ 57,000 കോടിയുടെ കുറവുണ്ടായി. യുക്തിരഹിതമായി പൊടുന്നനെ വരുത്തുന്ന കുറവുകള്‍ വലിയ പ്രതിസന്ധിയായി മാറും. ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്തു വായ്പ എടുക്കുന്നത് പരിമിതപ്പെടുത്തുന്നു. പ്രളയകാലത്തും കേന്ദ്രം സംസ്ഥാനത്തോട് വിരുദ്ധ നിലപാട് സ്വീകരിച്ചു. നല്‍കിയ ഭക്ഷ്യധാന്യങ്ങളുടെ വില പോലും പിടിച്ചുപറിച്ചു. വിദേശ സഹായം പോലും വിലക്കി.

ഇടക്കാല ബജറ്റിലും കേരളത്തോട് വിവേചനം അനീതി കാണിച്ചു. എയിംസ്, കെ റെയില്‍, ശബരി പാത എന്നത് കേട്ടതായി നടിച്ചില്ല. റബര്‍ വില സ്ഥിരത കൊണ്ടുവരാന്‍ ഒന്നും ചെയ്തില്ല. ലൈഫ് മിഷനില്‍ വീടുകള്‍ ഔദാര്യമായി നല്‍കുന്നു എന്ന പ്രതീതി കേന്ദ്രം ഉണ്ടാക്കുന്നു. ബ്രാന്‍ഡിങ് ഇല്ലെങ്കില്‍ നാമമാത്ര വിഹിതം നല്‍കില്ലെന്ന് കേന്ദ്രം ശഠിക്കുന്നു. ഇത് അനുവദിക്കാനാവില്ല. ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണണെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ധൂര്‍ത്തില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, തനത് വരുമാനം കൂട്ടി ക്ഷേമപ്രവര്‍ത്തനം നടത്തിയതാണോ സാമ്പത്തിക കെടുകാര്യസ്ഥതയെന്ന് ചോദിച്ചു. നേട്ടങ്ങളുടെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ശിക്ഷിക്കുകയാണ്. ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയത് സംസ്ഥാനത്തിന് ശിക്ഷയായി മാറുന്നു. നേട്ടത്തിന് ശിക്ഷ, ലോകത്ത് മറ്റൊരിടത്തും കാണാത്ത പ്രതിഭാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പ്രതിഷേധ സമരത്തിൽ പ്രസം​ഗിക്കുന്നു
'ഫെഡറലിസം സംരക്ഷിക്കാന്‍...'; കേന്ദ്രത്തിനെതിരെ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധം

സമരം രാഷ്ട്രീയപ്രേരിതമാണെന്ന പ്രതിപക്ഷ ആരോപണം മനുഷ്യത്വമില്ലായ്മയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. കേരളത്തിന്റെ സ്ഥിതി ബോധ്യപ്പെടുത്താന്‍ ഒരുവര്‍ഷമാണ് ശ്രമിച്ചത്. പ്രത്യയ ശാസ്ത്ര വ്യത്യാസം കൊണ്ട് കേരളത്തെ കേന്ദ്രം ശിക്ഷിക്കുകയാണ്. ജനാധിപത്യ രീതിയിലൂടെ അധികാരത്തില്‍ എത്തിയ സര്‍ക്കാരുകള്‍ക്ക് അവരുടെ നയങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഫെഡറലിസം സംരക്ഷിക്കണമെന്ന മുദ്രാവാക്യവുമായിട്ടാണ് ഡൽഹി ജന്തർ മന്തറിൽ സമരം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും കേരള ഹൗസില്‍ നിന്നും പ്രകടനമായിട്ടാണ് സമരവേദിയായ ജന്തര്‍ മന്തറിലെത്തിയത്. പ്രതിഷേധത്തില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും, പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മന്നും, തമിഴ്നാട് മന്ത്രി പഴനിവേല്‍ ത്യാഗരാജനും പങ്കെടുത്തു.

കറുത്ത വസ്ത്രം ധരിച്ചാണ് ഡിഎംകെയുടെ പ്രതിനിധിയായി തമിഴ്‌നാട് മന്ത്രി സമരത്തിനെത്തിയത്. സിപിഎം കേന്ദ്രനേതാക്കളായ സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ സമരത്തില്‍ അണിചേര്‍ന്നു.നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയും സമരവേദിയിലെത്തി.സമരത്തിന് പിന്തുണയുമായി വിവിധ സംഘടനകളും വിദ്യാര്‍ത്ഥികളും ജന്തര്‍ മന്തറിലെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com