

തിരുവനന്തപുരം: മനുഷ്യന്റെയും മനുഷ്യത്വത്തിന്റെയും മഹത്വം തൊട്ടറിഞ്ഞ വ്യക്തിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാരുണ്യത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും സാമൂഹ്യനീതിയോടുള്ള ആഴത്തിലുള്ള പ്രതിബദ്ധതയുടേയും സന്ദേശമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തിപ്പിടിച്ചത്. പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളോടുള്ള ഐക്യദാര്‍ഢ്യവും മറ്റുമതങ്ങളോടുള്ള സൗഹാര്‍ദ്ദപൂര്‍ണ്ണമായ പാരസ്പര്യവും ആഗോള മുതലാളിത്തത്തിനെതിരെ പുലര്‍ത്തിയ കണിശതയാര്‍ന്ന വിമര്‍ശനവും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സവിശേഷതകളായിരുന്നു.
ദരിദ്രരും പാര്‍ശ്വവല്‍കൃതരുമായ ജനവിഭാഗങ്ങളുടെ വിമോചനത്തിനായി അടിയുറച്ച നിലപാടുകള്‍ അദ്ദേഹം മുന്നോട്ടു വച്ചു. ഭവനരഹിതരും നിര്‍ധനരും സമൂഹത്തില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ടവരുമായ മനുഷ്യരെ സേവിക്കുക എന്നതായിരിക്കണം സഭയുടെ ധര്‍മ്മമെന്ന് നിരന്തരം പ്രഖ്യാപിച്ചു. ജീവിച്ച ചുറ്റുപാടുകള്‍ അദ്ദേഹത്തിന് അസമത്വത്തേയും ദാരിദ്ര്യത്തേയും കുറിച്ച് ഉള്‍ക്കാഴ്ച നല്‍കി. ലോകമാകെ പടരുന്ന നിസ്സംഗതയെ ജീവസ്സുറ്റ കാരുണ്യം കൊണ്ട് നേരിടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
പാര്‍ശ്വവല്‍കൃതരായ എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്കു വേണ്ടി നിലകൊണ്ട അദ്ദേഹം എല്ലാവരേയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന നിലയിലേയ്ക്ക് സഭയെ വളര്‍ത്താന്‍ യത്‌നിച്ചു. ലൈംഗിക ആഭിമുഖ്യമല്ല മനുഷ്യരുടെ അന്തസ്സിന്റെ അളവുകോലെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ഈ നിലപാട് സഭയുമായി അകന്നു നിന്നവരെപോലും ആകര്‍ഷിക്കുകയുണ്ടായി.
പാലസ്തീന്‍ ജനതയുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനും ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണ നല്‍കി. അവരുടെ യാതനകള്‍ അദ്ദേഹത്തെ സ്പര്‍ശിച്ചു. പാലസ്തീനില്‍ സമാധാനം പുലരുന്നതിനായുള്ള പരസ്പര ധാരണകള്‍ ഉണ്ടായി വരണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും അക്കാര്യം ലോകത്തോടു പറയുകയും ചെയ്തു. മറ്റു മതവിഭാഗങ്ങളുമായി സ്‌നേഹവും സഹകരണവും വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്കും ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കി. മനുഷ്യന്റെയും മനുഷ്യത്വത്തിന്റെയും മഹത്വം തൊട്ടറിഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത.
ദാരിദ്ര്യവും പരിസ്ഥിതിനാശവും കാലാവസ്ഥവ്യതിയാനവും നേരിടാന്‍ ലോകം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. അത്തരം കൂട്ടായ്മകള്‍ക്ക് മതങ്ങളുടെ വേലിക്കെട്ടുകള്‍ തടസ്സം സൃഷ്ടിക്കരുത് എന്ന് നിഷ്‌കര്‍ഷിച്ചു. ലോകസമാധാനത്തിനു മതങ്ങള്‍ തമ്മിലുള്ള സംവാദവും സഹവര്‍ത്തിത്വവും അനിവാര്യമാണെന്ന് മാര്‍പാപ്പ വിശ്വസിച്ചു. മുതലാളിത്തത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത വിമര്‍ശനാത്മക നിലാപാടാണ് മാര്‍പാപ്പ കൈക്കൊണ്ടത്. മുതലാളിത്തം അസമത്വത്തിന്റെയും ദാരിദ്ര്യത്തിന്റേയും മൂലകാരണമാണെന്ന കാഴ്ചച്ചപ്പാട് ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നോട്ടുവച്ചു. ലാഭത്തിനു പകരം മനുഷ്യന്റെ ക്ഷേമവും അഭിമാനവും കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുന്ന സാമ്പത്തികവ്യവസ്ഥിതിക്കായി അദ്ദേഹം വാദിച്ചു.
നീതിയിലും സമാധാനത്തിലും സമത്വത്തിലും അധിഷ്ഠിതമായ ലോകത്തിനു വേണ്ടിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നിലകൊണ്ടത്. കാരുണ്യം നിറഞ്ഞ മനസ്സോടെ അതിനായി അദ്ദേഹം നിരന്തരം പ്രയത്‌നിച്ചു. അദ്ദേഹത്തിന്റെ ജീവിതം സമാധാനവും സന്തോഷവും പുലരുന്ന ലോകത്തിനായുള്ള പോരാട്ടത്തില്‍ ഏവര്‍ക്കും പ്രചോദനം പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates