'കോണ്‍ഗ്രസിന്റെ ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് ആത്മഹത്യാപരം; മുസ്ലീങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല; ലീഗ് കുടപിടിക്കുന്നു'

ഹിന്ദുത്വ എങ്ങനെയാണോ ഹിന്ദു മതരാഷ്ട്രവാദത്തെ ഉയര്‍ത്തിപ്പിടിക്കുന്നത്, അതുപോലെ ഇസ്ലാമിക രാഷ്ട്ര നിര്‍മ്മാണമാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം.
pinarayi vijayan
പിണറായി വിജയന്‍.
Updated on
2 min read

കൊച്ചി: ജമാഅത്തെ ഇസ്ലാമിയുമായി പരസ്യ രാഷ്ട്രീയസഖ്യമാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉണ്ടാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലിങ്ങളും അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിക്ക് രാഷ്ട്രീയ ദൃശ്യത നല്‍കുന്ന കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ നിലപാട് ആത്മഹത്യാപരമാണ്. യുഡിഎഫിന് വോട്ടു ചെയ്യുന്ന ബഹുഭൂരിപക്ഷം മുസ്ലിങ്ങള്‍ക്കും ജമാഅത്തെ ഇസ്ലാമി മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നിട്ടും ജമാഅത്തെ ഇസ്ലാമിയുമായി അവിശുദ്ധ സഖ്യമുണ്ടാക്കുന്നത് നാലു വോട്ടു കിട്ടാനാണ്.

ഹിന്ദുത്വ എങ്ങനെയാണോ ഹിന്ദു മതരാഷ്ട്രവാദത്തെ ഉയര്‍ത്തിപ്പിടിക്കുന്നത്, അതുപോലെ ഇസ്ലാമിക രാഷ്ട്ര നിര്‍മ്മാണമാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം. ഹിന്ദുത്വയ്ക്ക് ഹിന്ദുവിശ്വാസവുമായി ഒരു ബന്ധവുമില്ലാത്തതുപോലെ ജമാഅത്തെ ഇസ്ലാമി പോലുള്ള രാഷ്ട്രീയ ഇസ്ലാമിന് വിശ്വാസികളുടെ ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല എന്നത് നമ്മള്‍ കാണണം.

pinarayi vijayan
'രാഹുല്‍ ലൈംഗിക വൈകൃതമുള്ളയാള്‍; അറിഞ്ഞിട്ടും ഭാവിയിലെ നിക്ഷേപമായി അവതരിപ്പിച്ചു; കവചമൊരുക്കിയത് കോണ്‍ഗ്രസ്'

മുസോളിനി പ്രാചീന റോമിന്റെ പാരമ്പര്യവും ഹിറ്റ്‌ലര്‍ ആര്യവംശ പാരമ്പര്യവും ഇളക്കിവിട്ടതുപോലെ മതാത്മകമായ ദേശീയതയാണ് ഹിന്ദുത്വവാദികളും പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളും ഒരേപോലെ കൊണ്ട് നടക്കുന്നത്. അതായത്, മതരാഷ്ട്രവാദമാണ് ഇവര്‍ എല്ലാവരുടെയും അടിസ്ഥാന ആശയപരിസരം. മതം നിയന്ത്രിക്കുന്ന പരമാധികാര ഭരണകൂടമാണ് ഇവര്‍ സ്വപ്നം കാണുന്നത്.ഇന്ത്യന്‍ ഭരണഘടനയും മതനിരപേക്ഷതയും ബഹുസ്വരതയും അംഗീകരിക്കുന്ന മുസ്ലിങ്ങള്‍ ഇസ്ലാമിന് പുറത്താണെന്നാണ് മൗദൂദി പറയുന്നത്. 'ഖുതുബത്ത്' എന്ന തന്റെ ഗ്രന്ഥത്തില്‍ ജനാധിപത്യത്തെയും ആധുനിക പൗരനിയമങ്ങളെയും ഇസ്ലാമിക വിരുദ്ധമാണെന്ന് കല്പിച്ച് തള്ളിക്കളയാനും ആഹ്വാനം ചെയ്യുന്നു.

pinarayi vijayan
'അതൊക്കെ ജനം തീരുമാനിക്കേണ്ടത്, എന്റെ കാര്യം പാര്‍ട്ടിയും'; മൂന്നാം പിണറായി സര്‍ക്കാരിനെ കുറിച്ച് മുഖ്യമന്ത്രി

മതത്തെ രാഷ്ട്രമായി നിര്‍വചിക്കുകയാണ് മൗദൂദി ചെയ്തത്. മത ഭരണകൂടം സ്ഥാപിക്കണമെന്നും അതിനായി രക്തസാക്ഷിയാവണമെന്നുമാണ് മൗദൂദി കല്പിക്കുന്നത്. മൗദൂദിയന്‍ ആശയങ്ങള്‍ അങ്ങേയറ്റം ഇസ്ലാമിക വിരുദ്ധമാണെന്ന് ഇസ്ലാം മതപണ്ഡിതര്‍ തന്നെ ചൂണ്ടിക്കാണിക്കുകയുണ്ടായി. 1947ല്‍ ഇന്ത്യയും പാക്കിസ്ഥാനുമായി രാജ്യം വിഭജിക്കപ്പെട്ടതോടെ ജമാഅത്തെ ഇസ്ലാമിയും രണ്ടായി. മൗദൂദി പാക്കിസ്ഥാനിലേക്ക് കുടിയേറി. പാകിസ്ഥാനില്‍ വേരുറപ്പിക്കാന്‍ അഹമ്മദീയാ മുസ്ലിങ്ങളെ ഇസ്ലാമിന്റെ ശത്രുവായി അവതരിപ്പിച്ച് അവര്‍ക്കെതിരെ വിദ്വേഷം കുത്തിയിളക്കി. 1953 ല്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ അഹമ്മദീയാ മുസ്ലിങ്ങളെ ക്രൂരമായി വേട്ടയാടി.

അഹമ്മദീയാ മുസ്ലിങ്ങളെ അമുസ്ലിങ്ങളായി പ്രഖ്യാപിച്ച ജമാഅത്തെ ഇസ്ലാമി അവരെ കലാപത്തിലൂടെ വംശഹത്യ നടത്തുകയും അവരുടെ സ്വത്തുവകകള്‍ കയ്യേറുകയും ചെയ്തു. പിന്നീട് ഈ കുറ്റകൃത്യങ്ങളുടെ പേരില്‍ മൗദൂദിക്ക് കോടതി വധശിക്ഷ തന്നെ വിധിക്കുകയുണ്ടായി. പിന്നീട് ശിക്ഷായിളവ് കിട്ടി. എന്നാല്‍ അഹമ്മദീയാ വംശഹത്യയെക്കുറിച്ചന്വേഷിച്ച ജസ്റ്റീസ് മുനീര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് ജമാഅത്തെ ഇസ്ലാമിയുടെ ചെയ്തികള്‍ ഇസ്ലാമിക വിരുദ്ധവും അതിക്രൂരവും ആണെന്ന് വിലയിരുത്തി.

ബംഗ്ലാദേശ് വിമോചന സമരകാലത്ത് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ബംഗ്ലാദേശ് മുസ്ലിങ്ങളെ കൂട്ടക്കൊല നടത്താന്‍ നേതൃത്വം നല്‍കിയത് ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയാണ്. ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ വര്‍ഷങ്ങള്‍ക്കുശേഷം 2013 കാലഘട്ടത്തിലാണ് യുദ്ധക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടത്. ഇന്ത്യയില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളും ഹിന്ദുത്വവാദികളും ഒരേ തൂവല്‍പ്പക്ഷികളാണ്. പുറമേക്ക് വിരുദ്ധപക്ഷമായി തോന്നുമെങ്കിലും ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗ്ഗീയതകള്‍ കത്തിച്ച് പരസ്പര സഹകരണത്തിന്റെ സാധ്യതകള്‍ തേടിയവരാണ് ഇരുകൂട്ടരും. മതരാഷ്ട്രവാദത്തിലൂന്നിയ പ്രസ്ഥാനങ്ങളാണ് ഇവ രണ്ടും.

ജമാഅത്തെ ഇസ്ലാമി ഒരു രാഷ്ട്രീയ പാര്‍ടിക്ക് രൂപം കൊടുക്കുന്നത് 2011 ഏപ്രില്‍ 18 നാണ്. വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പ്രഖ്യാപന ചടങ്ങില്‍ അതിഥിയായി പങ്കെടുത്തവരില്‍ ജമാഅത്ത് പരിവാറില്‍ പെടാത്ത ഒരൊറ്റ വ്യക്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചടങ്ങില്‍ ആശംസ അര്‍പ്പിച്ച ആ വ്യക്തിയുടെ പേര് ഡോ. ജെകെ ജെയിന്‍ എന്നായിരുന്നു. ബിജെപി ദേശീയ ന്യൂനപക്ഷ മോര്‍ച്ചയുടെ അന്നത്തെ അധ്യക്ഷന്‍. അതിന് അഞ്ചു മാസങ്ങള്‍ക്ക് മുന്‍പ്, 2010 നവംബര്‍ 12 ന് ജമാഅത്തെ ഇസ്ലാമിക്കനുകൂലമായി ഇതേ ജെ. കെ. ജെയിന്‍ നല്‍കിയ പത്ര പ്രസ്താവന ഇന്നും ബിജെപി ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ ഉണ്ട്. അതിന്റെ തലക്കെട്ട് ഡല്‍ഹി രാം ലീല മൈതാനത്ത് ഗരിബി ഹടാവോ റാലി നടത്താന്‍ ജമാഅത്തെ ഇസ്ലാമിക്ക് അനുമതി നിഷേധിച്ച യു പി എ സര്‍ക്കാറിനെതിരെയായിരുന്നു ബിജെപി ന്യൂനപക്ഷ മോര്‍ച്ച അധ്യക്ഷന്റെ പ്രസ്താവന എന്നാണ്. ആര്‍എസ്എസുമായി ഈ അടുത്ത കാലത്തു കൂടി രഹസ്യ ചര്‍ച്ച നടത്തിയവരാണ് ജമാഅത്തെ ഇസ്ലാമി. 2023 ല്‍ ആയിരുന്നു അത്.

ഇക്കഴിഞ്ഞ ജമ്മു കാശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ഈ അവിശുദ്ധ ബന്ധം രാജ്യം കണ്ടതാണ്. ജമാ അത്തെ ഇസ്ലാമിയും ബിജെപിയും ഒരുമിച്ചാണ് സിപിഎം സ്ഥാനാര്‍ഥി മുഹമ്മദ് യൂസഫ് തരിഗാമിയെ പരാജയപ്പെടുത്താന്‍ നോക്കിയത്. എന്നാല്‍ ജനങ്ങള്‍ സിപിഎമ്മിനൊപ്പം നിലകൊണ്ടു. തരിഗാമി വിജയിച്ചു. ആര്‍എസ്എസ്-ബിജെപി പിന്തുണയില്‍ മത്സരിച്ച ജമാഅത്തെ സ്ഥാനാര്‍ഥി പരാജയപ്പെട്ടു. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗ്ഗീയതകളുടെ പൊതുശത്രു ഇടതുപക്ഷവും സിപിഐഎമ്മുമാണെന്നതിന്റെ ഏറ്റവും ഉറച്ച ദൃഷ്ടാന്തമായിരുന്നു തരിഗാമിക്കെതിരെയുണ്ടായ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ട്. തരിഗാമിയുടെ വിജയം മറ്റാരേക്കാളും ജമാ അത്തെ ഇസ്ലാമിക്കേറ്റ തിരിച്ചടി കൂടിയായിരുന്നു.

ഇവിടെ ജമാ അത്തെ ഇസ്‌ളാമിയെയും ബിജെപിയെയും ഒരു പോലെ സന്തോഷിപ്പിച്ചു കൂടെ നിര്‍ത്തുകയാണ് യു ഡി എഫ്. അതിനെതിരെ അവരുടെ അണികളില്‍ നിന്നുതന്നെ ഉയരുന്ന എതിര്‍പ്പുകള്‍ക്ക് ചെവി കൊടുക്കുന്നില്ല. എങ്ങനെയും വോട്ടു കിട്ടുക എന്ന ഒറ്റ അജണ്ടയില്‍ നാടിന്റെ സമാധാനവും മത നിരപേക്ഷ പാരമ്പര്യവും പണയം വെക്കുകയാണ് യു ഡി എഫ്. അതിനാകട്ടെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് കുടപിടിച്ചു കൊടുക്കുന്നു.

Summary

Pinarayi Vijayan criticized the Congress-Jamaat-e-Islami alliance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com