

തിരുവനന്തപുരം: ഒരു സംരംഭക നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട്, നികുതി അടച്ച്, നികുതി റിട്ടേണില്‍ വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയാണ് എന്നു പറയുന്നത് ഒരു പ്രത്യേക മനോനിലയുടെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി. രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കള്‍ക്ക് ബിസിനസ് നടത്താനോ കരാറില്‍ ഏര്‍പ്പെടാനോ
പാടില്ലെന്ന് നിയമമുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. മാസപ്പടി വിവാദത്തില്‍ നിയമസഭയില്‍ മാത്യുകുഴല്‍ നാടന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സേവനം ലഭ്യമാക്കിയില്ല എന്ന് സിഎംആര്‍എല്‍ കമ്പനിക്ക് പരാതിയില്ല. പരിശോധനയുടെ ഭാഗമായി ഇതിനെപ്പറ്റി അറിയില്ലായെന്നു പറഞ്ഞ ഒരു പ്രസ്താവന പിന്നീട് തിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. സേവനം ലഭ്യമാക്കിയ കമ്പനിയുടെ ഭാഗം കേള്‍ക്കാതെയും, അവര്‍ക്ക് ആരോപണമുന്നയിക്കാന്‍ അടിസ്ഥാനമാക്കുന്ന പിന്‍വലിക്കപ്പെട്ട സത്യപ്രസ്താവനയുടെ പകര്‍പ്പ് നല്‍കാതെയും ആരോപണം ഉന്നയിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ നിങ്ങളിപ്പോള്‍ ചിലരുടെ കാര്യത്തില്‍ പറയുന്ന വേട്ടയാടലിന്റെ മറ്റൊരു രൂപം തന്നെയാണ്. രാഷ്ട്രീയ മുതലെടുപ്പ് നടത്താനായി പൊതുരംഗത്തില്ലാത്ത ഒരു സംരംഭകയുടെ പേര് വലിച്ചിഴച്ചുകൊണ്ട് തുടരെ നടത്തുന്ന അപവാദ പ്രചരണങ്ങളുടെ ഒരു ആവര്‍ത്തനം കൂടിയാണ് മാത്യു കുഴല്‍ നാടന്‍ ഇന്ന് നിയമസഭയില്‍ ഉന്നയിച്ച ആരോപണമെന്ന് പിണറായി പറഞ്ഞു.
ഒരു സംരംഭക, അവര്‍ ഒരു രാഷ്ട്രീയനേതാവിന്റെ ബന്ധുത്വമുണ്ടെന്ന ഒറ്റ കാരണത്താല്‍ കരാറില്‍ ഏര്‍പ്പെടുകയോ, ബിസിനസ്സ് നടത്തുവാനോ പാടില്ലെന്ന് ഏതെങ്കിലും നിയമമോ ചട്ടമോ നിലവിലുണ്ടോ? ഇവിടെ കരാറില്‍ ഏര്‍പ്പെട്ട കമ്പനികള്‍ക്ക് അധികാരത്തിലിരിക്കുന്ന ഏതെങ്കിലും ഒരു പൊതുസേവകന്‍ എന്തെങ്കിലും ഒരു വഴിവിട്ട സഹായം ചെയ്യുകയോ, നിയമപരമായി നിറവേറ്റേണ്ട ഒരു ബാധ്യതയില്‍ വീഴ്ചവരുത്തുകയോ ചെയ്തതായി ഒരു ചുണ്ടനക്കം പരിശോധന നടത്തിയ ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിലോ ഇന്ററിം സെറ്റില്‍മെന്റ് ഓര്‍ഡറിലോ ഉള്ളതായി പറയാന്‍ കഴിയുമോയോന്നും മുഖ്യമന്ത്രി ചോദിച്ചു.
സര്‍ക്കാരിന് പങ്കുള്ള കമ്പനിയെന്നാണ് മറ്റൊരു ആരോപണം പത്രമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചത്. കെഎസ് ഐഡിസിക്ക് സിഎംആര്‍എല്ലില്‍ ഓഹരിയുള്ളതിനെ അടിസ്ഥാനമാക്കിയാണ് ഈ പ്രചരണം. കെഎസ്‌ഐഡിസിക്ക് സി എംആര്‍എല്ലില്‍ മാത്രമല്ല നാല്‍പ്പതോളം കമ്പനികളില്‍ ഓഹരിയുണ്ട്. സിഎംആര്‍എല്ലില്‍ കെഎസ്‌ഐഡിസി ഓഹരിനിക്ഷേപം നടത്തിയത് 32 വര്‍ഷങ്ങള്‍ക്കുമുമ്പ് 1991 ലാണ്. അന്ന് ഞാനോ ഇന്നത്തെ മന്ത്രിസഭയിലെ അംഗങ്ങളോ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗങ്ങളായിരുന്നില്ല. സിഎംആര്‍എല്ലിന്റെ നയപരമായ കാര്യങ്ങളില്‍ കെഎസ്‌ഐഡിസിക്ക് യാതൊരു പങ്കുമില്ല എന്നതും ഇവിടെ കാണേണ്ടതുണ്ട്.
ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസ്സെടുക്കണമെന്ന ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിട്ടുണ്ട്. പ്രഥമദൃഷ്ടിയാല്‍ അടിസ്ഥാനമില്ലായെന്ന നിരീക്ഷണത്തോടെയാണ് കേസ് തള്ളിയിരിക്കുന്നത്. ഇതും ഇവിടെ പ്രസക്തമാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ പ്രചരണത്തെയും ആരോപണത്തെയും ശക്തിയായി നിഷേധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates