നാളെ പ്രധാനപ്പെട്ട ദിനം, സ്‌കൂള്‍ തുറക്കുന്നത് ഉണര്‍വാകും, എല്ലാ കുട്ടികള്‍ക്കും ഹോമിയോ പ്രതിരോധമരുന്ന് നല്‍കണം; മുഖ്യമന്ത്രി 

തിങ്കളാഴ്ച വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ദിനമെന്നാണ് പിണറായി വിജയന്‍ വിശേഷിപ്പിച്ചത്
മുഖ്യമന്ത്രി പിണറായി വിജയന്‍ / ഫയല്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ / ഫയല്‍
Updated on
2 min read

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്നരവര്‍ഷം അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കാനിരിക്കേ, ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിങ്കളാഴ്ച വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ദിനമെന്നാണ് പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. 

സ്‌കൂള്‍ തുറക്കുന്നത് വിദ്യാഭ്യാസരംഗത്ത് വന്‍ ഉണര്‍വുണ്ടാക്കും. കോവിഡ് കാലത്ത് ഏറ്റവുമധികം പ്രയാസം നേരിട്ടത് കുട്ടികളാണ്. വളര്‍ച്ചയുടെ നാളുകളാണ് അവര്‍ക്ക് നഷ്ടമായത്. ഇനി ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. കോവിഡില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ എല്ലാ കുട്ടികള്‍ക്കും ഹോമിയോ പ്രതിരോധമരുന്ന് നല്‍കണമെന്നും പിണറായി വിജയന്‍ നിര്‍ദേശിച്ചു. 


കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടഞ്ഞു കിടന്ന സ്‌കൂളുകള്‍ പ്രവേശനോത്സവത്തോടെ തന്നെ കുട്ടികളെ സ്വീകരിക്കും. സംസ്ഥാനം പൂര്‍ണ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മാതാപിതാക്കളുടെ സമ്മതപത്രത്തോടെ വേണം കുട്ടികളെ അയക്കാന്‍. ആശങ്കയുള്ള രക്ഷാകര്‍ത്താക്കള്‍ സാഹചര്യം വിലയിരുത്തിയ ശേഷം പിന്നീട് കുട്ടികളെ അയച്ചാല്‍ മതിയെന്നും മന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരും അനധ്യാപകരും രണ്ടാഴ്ചത്തേക്ക് സ്‌കൂളില്‍ വരുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. അധ്യാപകരില്ലാത്തയിടങ്ങളില്‍ താത്കാലിക അധ്യാപകരെ നിയമിക്കാന്‍ അനുമതി നല്‍കി. ലോവര്‍ പ്രൈമറി സ്‌കൂളുകളില്‍ പ്രഥമാധ്യാപകരെ കോടതി ഉത്തരവുപ്രകാരം നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനതല പ്രവേശനോത്സവം കോട്ടണ്‍ഹില്‍ സ്‌കൂളില്‍

സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ തിങ്കളാഴ്ച രാവിലെ 8.30ന് നടക്കും. മന്ത്രിമാരായ വി ശിവന്‍കുട്ടി, വീണാ ജോര്‍ജ്, ആന്റണി രാജു, ജിആര്‍ അനില്‍ എന്നിവര്‍ പങ്കെടുക്കും.

കൃത്യമായ മുന്നൊരുക്കങ്ങളുമായാണ് സ്‌കൂള്‍ തുറക്കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. 2400 തെര്‍മല്‍ സ്‌കാനറുകള്‍ സ്‌കൂളുകളിലേക്ക് വിതരണം ചെയ്തു. ആദ്യ രണ്ടാഴ്ച ഹാജര്‍ രേഖപ്പെടുത്തില്ല. ആത്മവിശ്വാസം കൂട്ടുന്നതിനായുള്ള പഠനം മാത്രമാകും ആദ്യ ആഴ്ചകളില്‍. ഇനിയും വാക്‌സിനെടുക്കാത്ത 2282 അധ്യാപകരോട് തത്കാലത്തേക്ക് സ്‌കൂളിലേക്ക് വരരുത് എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രണ്ട് ഡോസ് വാക്‌സിനെടുക്കാത്ത രക്ഷിതാക്കളുടെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. 8, 9  ക്ലാസുകള്‍ ഒഴികെ മുഴുവന്‍ ക്ലാസുകളും ഒന്നിന് തന്നെ തുടങ്ങും. 15 മുതല്‍ 8, 9 ക്ലാസുകളും പ്ലസ് വണും കൂടി തുടങ്ങും.

ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകള്‍. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികള്‍ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാകും ക്ലാസുകള്‍ നടത്തുക. ബാച്ചുകള്‍ സ്‌കൂളുകള്‍ക്ക് തിരിക്കാം. ഒരോ ബാച്ചിനും തുടര്‍ച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാകും പഠനം.

രാവിലെ 9 മുതല്‍ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസുകള്‍ തുടങ്ങണം. കുട്ടികളെ കൊണ്ട് വരുന്ന രക്ഷിതാക്കള്‍ സ്‌കൂളില്‍ പ്രവേശിക്കരുത്. ഉച്ചഭക്ഷണം കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചായിരിക്കണം. ഇതൊക്കെയാണ് പൊതു നിര്‍ദ്ദേശങ്ങള്‍.  ആദ്യരണ്ടാഴ്ചക്ക് ശേഷം ക്ലാസിലെത്തേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് എന്നിവയിലടക്കമുള്ള മാറ്റമുണ്ടാകും.

ഒപ്പമുണ്ട് ആരോഗ്യ വകുപ്പ്

പ്രതീക്ഷയോടെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് പോകുമ്പോള്‍ കരുതലോടെ ആരോഗ്യ വകുപ്പും ഒപ്പമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. കുട്ടികളുടെ ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും അധ്യാപകരും രക്ഷിതാക്കളും ഉറപ്പ് വരുത്തേണ്ടതാണ്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരേയോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിലോ, ഇ സഞ്ജീവനിയുമായോ ബന്ധപ്പെടാവുന്നതാണ്. 

അധ്യാപകര്‍ കോവിഡ് പ്രതിരോധത്തിന്റെ ബാലപാഠങ്ങള്‍ വിദ്യാര്‍ത്ഥികളെ ഇടയ്ക്കിടയ്ക്ക് പറഞ്ഞ് ഓര്‍മ്മപ്പെടുത്തണം. വിദ്യാര്‍ത്ഥികളിലൂടെ അത്രയും കുടുംബത്തിലേക്ക് അവബോധം എത്തിക്കാനാകും. ഇടവേളയ്ക്ക് ശേഷം സ്‌കൂളിലെത്തുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മന്ത്രി ആശംസ അറിയിച്ചു.

ഒന്നാം ക്ലാസിലെ ചെറിയ കുട്ടികള്‍ മുതല്‍ ഉള്ളതിനാല്‍ വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും മറ്റ് പല വകുപ്പുകളുമായി നിരന്തരം ചര്‍ച്ച ചെയ്താണ് മാര്‍ഗ രേഖ തയ്യാറാക്കിയത്. രക്ഷകര്‍ത്താക്കളുടേയും അധ്യാപകരുടേയും മികച്ച കൂട്ടായ്മയിലൂടെ സ്‌കൂളുകള്‍ നന്നായി കൊണ്ടുപോകാനാകും. മാര്‍ഗ നിര്‍ദേശമനുസരിച്ച് ഓരോ സ്‌കൂളും പ്രവര്‍ത്തിച്ചാല്‍ കോവിഡിനെതിരെ ശക്തമായ പ്രതിരോധം ഒരുക്കാനാകും. മാത്രമല്ല മറ്റ് പല രോഗങ്ങളില്‍ നിന്നു കുട്ടികളെ സംരക്ഷിക്കാനുമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com