

ശബരിമല: ശബരിമല സര്‍വധര്‍മ സമഭാവനയുടെ പ്രതീകമാണെന്നും അവിടുത്തെ മതാതീത ആത്മീയത അത്യപൂര്‍വതയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 'കല്ലും മുള്ളും കാലുക്കുമെത്ത' എന്ന് ശരണം വിളിച്ചുകൊണ്ട് കഷ്ടപ്പെട്ട് കാനന പാതകള്‍ താണ്ടി, പതിനെട്ടാം പടി കയറി അവിടെ എത്തുന്ന ഭക്തജനങ്ങളെ സ്വാഗതം ചെയ്യുന്നത് 'തത്വമസി' എന്ന ഉപനിഷദ് വചനമാണ്. ഛാന്ദോക്യോപനിഷത്തിലെ ഈ വചനത്തിന്റെ പൊരുള്‍ 'അതു നീ തന്നെ' എന്നതാണ്. ഞാനും നീയും ഒന്നാകുന്നു എന്നു പറയുമ്പോള്‍ അന്യരില്ല എന്നുകൂടിയാണ് അര്‍ഥമെന്നും പിണറായി പറഞ്ഞു.
'അന്യരിലേക്കു കൂടി ഞാന്‍ എന്ന സങ്കല്‍പം ചേര്‍ന്നുനില്‍ക്കുകയാണ്. ഇങ്ങനെ അന്യരെക്കൂടി ഉള്‍ക്കൊള്ളുകയും, അന്യനോട് ചേര്‍ന്നുനില്‍ക്കുകയും ചെയ്യുമ്പോള്‍ അന്യത എന്നത് ഇല്ലാതാവുകയാണ്. അപരന്‍ എന്നൊരാള്‍ ഇല്ലാതാവുകയാണ്. എല്ലാവരും ഒന്ന് എന്ന ബോധം തെളിയുകയാണ്. അതു തെളിയിക്കുക എന്നതാണ് ശബരിമലയുടെ സന്ദേശം'.
ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും രമണ മഹര്‍ഷിയുമൊക്കെ നമുക്കു തെളിയിച്ചുതന്ന തത്വമാണിത്. ഇതിന്റെ പ്രഘോഷണം നടത്തുന്ന ലോകത്തെ തന്നെ അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ശബരിമല. അവിടെ അയ്യപ്പന് നിത്യവും ഉറക്കുപാട്ടാകുന്നത് 'ഹരിവരാസനം' ആണെന്ന് എല്ലാവര്‍ക്കുമറിയാം. ആ കൃതി ചിട്ടപ്പെടുത്തിയത് നിരീശ്വരവാദിയായ ദേവരാജന്‍ മാസ്റ്ററാണ്. അത് ആലപിച്ചതാകട്ടെ ജന്മംകൊണ്ട് ക്രൈസ്തവനായ യേശുദാസാണ്.
സന്നിധാനത്തിലേക്കുള്ള യാത്രാമദ്ധ്യേ അയ്യപ്പഭക്തന്മാര്‍ തൊഴുതുനീങ്ങുന്നത് വാവര്‍ നടയിലൂടെയാണ്. വാവര്‍ ആകട്ടെ ഇസ്ലാമാണ്. മധ്യകേരളത്തില്‍ നിന്ന് മല ചവിട്ടാന്‍ പോകുന്ന അയ്യപ്പഭക്തര്‍ ക്രൈസ്തവ ദേവാലയമായ അര്‍ത്തുങ്കല്‍ പള്ളിയിലും കാണിക്കയിടുന്നു. ഇങ്ങനെ സര്‍വധര്‍മ സമഭാവനയുടെ പ്രതീകമായിനില്‍ക്കുന്ന എത്ര ദേവാലയങ്ങളുണ്ട് ലോകത്തില്‍ അങ്ങനെ ആലോചിക്കുമ്പോഴാണ് ശബരിമലയ്ക്കുള്ള പ്രത്യേകത കൂടുതല്‍ കൂടുതല്‍ വ്യക്തമാവുകയെന്നും പിണറായി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
