സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചാലൊന്നും സുരേഷ് ഗോപിയെ രക്ഷിക്കാന്‍ ഇഡിക്കോ ബിജെപിക്കോ കഴിയില്ല : മുഖ്യമന്ത്രി

കുറ്റം ചെയ്തവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണം. ഇതില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാരിനില്ല
suresh gopi, pinarayi vijayan
സുരേഷ് ​ഗോപി, പിണറായി വിജയൻ ഫെയ്സ്ബുക്ക്
Updated on
2 min read

തൃശൂര്‍: സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചാല്‍ തൃശൂരില്‍ സുരേഷ് ഗോപിക്ക് വല്ല രക്ഷയും കിട്ടുമോയെന്ന ആലോചന സ്വാഭാവികമായി ബിജെപിക്ക് ഉണ്ടാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉറപ്പായും സുരേഷ് ഗോപി തൃശൂര്‍ മണ്ഡലത്തില്‍ പരാജയപ്പെടുന്ന അവസ്ഥയിലേക്ക് എത്തും. ആര്‍ക്കും സംശയമില്ലാത്ത കാര്യമാണിത്. ഇതുകൊണ്ടൊന്നും സുരേഷ് ഗോപിയെ രക്ഷിക്കാന്‍ ഇഡിക്കോ ബിജെപിക്കോ കഴിയില്ല. സുരേഷ് ഗോപിയുടെ ഗ്രാഫ് ദിനംതോറും കുറഞ്ഞുവരികയാണെന്ന് മുഖ്യമന്ത്രി തൃശൂരില്‍ പറഞ്ഞു.

'സിപിഎം തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തനം നടത്തുന്നത് ഞങ്ങളുടെ കയ്യില്‍ കെട്ടിവെച്ച കാശിന്റെ മാത്രം ഉറപ്പിലല്ല. ഞങ്ങളുടെ കയ്യില്‍ കുറച്ച് കാശ് ഉണ്ടാകാറുണ്ട് അതു രഹസ്യമല്ല. ഇന്ത്യാസര്‍ക്കാരിന് കൊടുക്കുന്ന കണക്കിലും വ്യക്തമാക്കുന്ന കാര്യമാണ്. ആ പണം ചിലപ്പോള്‍ തെരഞ്ഞെടുപ്പില്‍ ചിലവഴിക്കാറുമുണ്ട്. എന്നാല്‍ സാധാരണ നിലയ്ക്ക് സിപിഎം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത് ജനങ്ങള്‍ നല്‍കുന്ന സംഭാവന ഉപയോഗിച്ചാണ്. അതു തടയാന്‍ ഒരു കൂട്ടര്‍ക്കും കഴിയില്ല. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചത് സുരേഷ് ഗോപിയെ രക്ഷിക്കാനാണെങ്കില്‍, ആ രക്ഷ കിട്ടാന്‍ പോകുന്നില്ല. ഞങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമായിത്തന്നെ നടക്കും. ഇടതുമുന്നണിയുടെ പ്രവര്‍ത്തനവും നടക്കും. അതിലൊന്നും ഒരു കുറവും ഉണ്ടാകില്ല.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'എക്‌സാലോജിക്‌സുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം അക്കൗണ്ടുകള്‍ വഴിയാണ് നടന്നത്. ഒരു കമ്പനി മറ്റൊരു കമ്പനിക്ക് നല്‍കിയ സേവനത്തിന് ഈടാക്കിയ ഫീസ് രഹസ്യമല്ലല്ലോ. സാധാരണ ഗതിയില്‍ കൊടുക്കുന്ന ഇന്‍കംടാക്‌സ് സ്‌റ്റേറ്റ്‌മെന്റുകളില്‍ ആ ഭാഗം അടക്കം ഉള്ളതാണല്ലോ. അതുവരെ കേസിന് ഉപയോഗിക്കാമെന്നത് പുതിയ കീഴ്വഴക്കമായി വരുന്നു. അത് എന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. അതു നടക്കട്ടെ. അതിനെപ്പറ്റി കൂടുതലൊന്നും പറയാനില്ലെന്നും' മുഖ്യമന്ത്രി പറഞ്ഞു.

'കരുവന്നൂര്‍ ബാങ്കിന്റെ കാര്യത്തില്‍, കേരളത്തിലെ സഹകരണ മേഖലയോട് ബിജെപിക്ക് പ്രത്യേക നിലപാടുണ്ട്. അത് കേരളത്തെ തകര്‍ക്കുക എന്ന നിലപാടിന്റെ ഭാഗം തന്നെയാണ്. എന്തുകൊണ്ടോ കടുത്ത വിരോധ സമീപനം തന്നെയാണ് കേരളത്തോട് ബിജെപി സ്വീകരിക്കുന്നത്. നോട്ടു നിരോധന കാലത്ത് കേരളത്തിലെ സഹകരണ മേഖലയെ വേട്ടയാടാന്‍ ശ്രമം നടന്നിരുന്നു. അന്ന് കേരള സര്‍ക്കാര്‍ സഹകരണ മേഖലയ്‌ക്കൊപ്പം നിന്നു'.

'കേരളത്തിലെ സഹകരണ മേഖല നല്ല നിലയില്‍ ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ച ഒരു മേഖലയാണ്. അതിന്റെ ഭാഗമായാണ് കോടാനുകോടി രൂപയുടെ നിക്ഷേപവും കോടാനുകോടി രൂപയുടെ വായ്പകളും ഓരോ സഹകരണ സ്ഥാപനങ്ങളിലും നടക്കുന്നത്. ഇത് വിശ്വാസ്യതയുടെ പ്രശ്‌നം കൂടിയാണ്. ആ വിശ്വാസ്യത നിലനിര്‍ത്തിപ്പോരാന്‍ സഹകാരികള്‍ നല്ല ശ്രമം നടത്തിയിട്ടുണ്ട്.'

'മനുഷ്യരാണ് ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത്. ആ മനുഷ്യരില്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നവരുണ്ടാകാം. ചിലര്‍ വഴിതെറ്റിയ നിലപാട് സ്വീകരിക്കും. ആ വഴിതെറ്റിയ നിലപാട് സ്വീകരിക്കുന്നവരോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും വകുപ്പിന്റെ ഭാഗത്തു നിന്നോ സര്‍ക്കാരിന്റെ ഭാഗത്തു നിന്നോ ഉണ്ടായിട്ടില്ല. വഴിതെറ്റിപ്പോകുന്നവരോട് കടുത്ത നടപടി ഉണ്ടായിട്ടുണ്ട്. അത്തരമൊരു സംഭവം എവിടെയെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ കേരളത്തിലെ സഹകരണമേഖലയെ ആകെ അപകീര്‍ത്തിപ്പെടുത്തുകയല്ല വേണ്ടതെന്നും' മുഖ്യമന്ത്രി പറഞ്ഞു.

suresh gopi, pinarayi vijayan
'എപ്പോഴും ഞാന്‍ വന്നിരിക്കുമ്പോഴാണ് പ്രശ്‌നം'; വീണ്ടും മൈക്ക് പിണങ്ങി; പൊട്ടിച്ചിരിയോടെ മുഖ്യമന്ത്രി

'കുറ്റം ചെയ്തവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണം. ഇതില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാരിനില്ല. കരുവന്നൂരിന്റെ കാര്യത്തിലും സര്‍ക്കാര്‍ ഇതാണ് സ്വീകരിച്ചത്. വിവിധ തലത്തിലുള്ള ഇടപെടലുകളുടെ ഭാഗമായി കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് 117 കോടി രൂപ തിരിച്ച് നല്‍കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ഇനിയും ആവശ്യപ്പെടുന്നവര്‍ക്ക് ആവശ്യപ്പെടുന്ന മുറയ്ക്ക് നിക്ഷേപം തിരിച്ചു നല്‍കാനുള്ള തയ്യാറെടുപ്പില്‍ തന്നെയാണ് ബാങ്ക് എത്തിയിട്ടുള്ളത്. ബാങ്ക് തകര്‍ന്നു പോകുകയല്ല, കൃത്യമായ ഇടപാടുകള്‍ നടത്തിക്കൊണ്ടാണ് ബാങ്ക് മുന്നോട്ടു പോകുന്നത്'. മുഖ്യമന്ത്രി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com