

കണ്ണൂർ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ ആഗോള ഷിപ്പിംഗ് കമ്പനിയായ എംഎസ് സിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സെബിക്കും സ്റ്റോക്ക് എക്സ്ചേഞ്ച് അധികൃതർക്കും കത്തയച്ചു. അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ , വിഴിഞ്ഞം പോർട്ടിന്റെ 49 ശതമാനം ഓഹരികൾ 140 കോടി ഡോളറിന് എം.എസ്.സിക്ക് കൈമാറാൻ ഒരുങ്ങുന്നത് സംസ്ഥാന സർക്കാരുമായുള്ള കരാറിന്റെ ലംഘനമാണെന്ന് അദ്ദേഹം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സെബിയുടെ 2015-ലെ ലിസ്റ്റിംഗ് ബാധ്യതകളും വെളിപ്പെടുത്തൽ ആവശ്യകതകളും അനുസരിച്ച് ഇത്തരം വലിയ ഇടപാടുകളുടെ സുതാര്യമായ വിവരങ്ങൾ കൃത്യസമയത്ത് അധികൃതരെ അറിയിക്കേണ്ടതുണ്ട്. എന്നാൽ, ഈ വിവരങ്ങൾ അദാനി ഗ്രൂപ്പ് കൃത്യമായ ഘട്ടത്തിൽ സെബിയെ ധരിപ്പിച്ചിട്ടില്ലെന്നും ഇതിന് പിന്നിൽ മുൻകൂട്ടി ആസൂത്രണം ചെയ്ത വാണിജ്യ തന്ത്രമുണ്ടെന്നും പിണറായി വിജയൻ ആരോപിച്ചു. അദാനി ഗ്രൂപ്പ് ഈ നിർദ്ദിഷ്ട ഓഹരി കൈമാറ്റത്തെക്കുറിച്ച് സെബിയെ അറിയിച്ചിട്ടുണ്ടെങ്കിലും, കേരള സർക്കാരിനെ അറിയിക്കുകയോ മുൻകൂർ അനുമതി വാങ്ങുകയോ ചെയ്തിട്ടില്ല.
വിഴിഞ്ഞം പദ്ധതിയുടെ കരാറിലെ 5.3.1 വകുപ്പ് പ്രകാരം 25 ശതമാനത്തിലധികം ഓഹരി കൈമാറ്റം ചെയ്യണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണം. ഇത് വെറുമൊരു സാങ്കേതിക പ്രശ്നമല്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ കാണിക്കേണ്ട അടിയന്തര ജാഗ്രത കാണിച്ചില്ലെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. അടിസ്ഥാനപരമായ ഒരു നടപടി പോലും സ്വീകരിക്കാൻ വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ തയ്യാറായിട്ടില്ല. സെബിയെ സമീപിക്കാൻ പോലും സർക്കാർ മടിക്കുന്നത് അദാനി ഗ്രൂപ്പിനോടുള്ള അവിഹിത ആനുകൂല്യത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ജൂലൈ ഒന്നിന് നിയമസഭയിൽ താൻ ഈ വിഷയം ഉന്നയിച്ചപ്പോൾ ഓഹരി കൈമാറ്റത്തെക്കുറിച്ച് ഒരു അപേക്ഷയും ലഭിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി വിഡി സതീശൻ സഭയെ അറിയിച്ചത്. എന്നാൽ, അദാനി ഗ്രൂപ്പ് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. തുറമുഖം, നിയമം, ധനകാര്യം എന്നീ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഈ കത്ത് ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. അല്ലാത്തപക്ഷം അദാനി ഗ്രൂപ്പും സംസ്ഥാന സർക്കാരും തമ്മിൽ എന്തോ ഒത്തുകളി നടന്നിട്ടുണ്ടെന്ന് ജനങ്ങൾ സംശയിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യ പദ്ധതികൾ കോർപ്പറേറ്റുകൾക്ക് കൈമാറുന്നതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും മുൻപ് ഉന്നയിച്ച വിമർശനങ്ങൾ പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ഓർമ്മിപ്പിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പ് സ്വാധീനം ചെലുത്തുന്നു എന്ന് ആരോപിച്ച കോൺഗ്രസ്, ഇപ്പോൾ കേരളത്തിൽ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണം.
എംഎസ്സി എന്ന ആഗോള ഷിപ്പിംഗ് കമ്പനിയോട് തനിക്ക് വ്യക്തിപരമായ എതിർപ്പില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ തുറമുഖത്തിന്റെ വലിയൊരു ഓഹരി പങ്കാളിത്തം ഇത്തരം ഒരു കമ്പനിക്ക് നൽകുന്നത് വിഴിഞ്ഞത്ത് ഭാവിയിൽ ഒരു കുത്തക ഘടന രൂപപ്പെടാൻ കാരണമാകുമെന്നും ഇത് തുറമുഖത്തിന്റെ ദീർഘകാല വികസനത്തെയും മത്സരസാധ്യതയെയും ബാധിക്കുമെന്നും മുന്നറിയിപ്പ് നൽകി. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ച വിഴിഞ്ഞം പദ്ധതിയിൽ ജനതാൽപര്യം സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates