

ഉഴുന്നുവടയും പഴംപൊരിയും പൊരിക്കാന്‍ പ്ലാസ്റ്റിക് ഉരുക്കിച്ചേര്‍ത്ത എണ്ണ. കൊല്ലം റെയില്‍വേ സ്റ്റേഷനു സമീപത്തെ കട കോര്‍പറേഷന്‍ അധികൃതര്‍ പൂട്ടിയവാര്‍ത്ത വലിയ പ്രാധാന്യത്തോടെയാണ് മലയാളികള്‍ കേട്ടത്. അടുത്തിടെയായി ഇത്തരം വാര്‍ത്തകള്‍ നിരന്തരം പുറത്തുവരുകയും ചെയ്യുന്നുണ്ട്. പാമൊലിന്‍ എണ്ണയുടെയും മറ്റു ബേക്കറി പലഹാരങ്ങളുടെയും പ്ലാസ്റ്റിക് പോളിത്തീന്‍ കവറുകള്‍, പൊരിക്കാന്‍ ഉപയോഗിക്കുന്ന എണ്ണയോടൊപ്പം ഇട്ടു തിളപ്പിക്കുന്നതാണ് പതിവ്. പലഹാരങ്ങള്‍ നന്നായി മൊരിയാനും മിനുസം കിട്ടാനുമാണത്രെ ഇതു ചേര്‍ക്കുന്നത്. പെട്ടെന്നു ചീത്തയാകുകയുമില്ല. ചിപ്‌സ് തയാറാക്കുന്നതിനും ഇത് ചിലര്‍ ഉപയോഗിക്കുന്നതായി ആരോഗ്യവകുപ്പ് നേരത്തേ കണ്ടെത്തിയിരുന്നു.
പ്ലാസ്റ്റിക് ഉരുകി ചേര്‍ന്ന എണ്ണയുടെ ഉപയോഗം ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കാന്‍സര്‍ ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇത്തരം എണ്ണപ്പലഹാരങ്ങള്‍ കാരണമാകുമെന്നു വിദഗ്ധര്‍ പറയുന്നു. എന്നിട്ടും എന്തുകൊണ്ട് ഈ പ്രവണത തുടരുന്നു എന്നതും ചര്‍ച്ചയാകേണ്ട വിഷയമാണ്. പലഹാരങ്ങള്‍ ഉണ്ടാക്കുന്ന എണ്ണയില്‍ പ്ലാസ്റ്റിക് ചേരുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. യാസിര്‍ നാദാപുരം എന്ന പ്രൊഫൈലില്‍ പങ്കുവച്ച കുറിപ്പിലാണ് പ്ലാസ്റ്റിക് ചേര്‍ത്ത എണ്ണയുടെ ഉപയോഗം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വിശദമായി ചൂണ്ടിക്കാട്ടുന്നത്.
പ്ലാസ്റ്റിക് എണ്ണയില്‍ ലയിക്കുമോ
വലിച്ചാല്‍ വലിയുന്ന ടൈപ് സോഫ്റ്റ് & ക്ലിയര്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലോ ഡെന്‍സിറ്റി പോളി എതിലിന്‍ നൂറ് ഡിഗ്രിയില്‍ അധികം ചൂടാകുമ്പോള്‍ കട്ടിയുള്ള ദ്രാവക രൂപത്തിലേക്ക് മാറും. എന്നാല്‍ അപ്പോഴും ഇത് പൂര്‍ണമായി എണ്ണയുമായി ലയിക്കില്ല. താരതമ്യേനെ പൂരിത കൊഴുപ്പ് കൂടുതലുള്ള തിളച്ച (120 ഡിഗ്രിയില്‍ കൂടുതല്‍ ഉള്ള) വെളിച്ചെണ്ണയില്‍ നന്നായി ബ്ലെണ്ട് ആവുമെങ്കിലും പൂര്‍ണമായി ലയിക്കുന്ന നിലയുണ്ടാകില്ല. ഇത് തിളച്ച വെളിച്ചെണ്ണയെ (വിസ്‌കോസിറ്റി) കൂടുതല്‍ കട്ടിയുള്ളതുമാക്കുന്നു.
ഇത്തരത്തില്‍ പ്ലാസ്റ്റിക് ചേര്‍ത്ത് കട്ടികൂടുന്ന ഓയിലില്‍ വറുക്കുമ്പോള്‍ പലഹാരങ്ങള്‍ക്ക് തുല്യമായ രീതിയില്‍ ചൂട് കിട്ടുകയും കരിയാതെ ഫ്രൈ ആവുകയും ചെയ്യുന്നു. തുല്യമായ ചൂട് കിട്ടുന്നത് വഴി എണ്ണക്കടികള്‍ ഗോള്‍ഡന്‍ ബ്രൗണ്‍ കളര്‍ നല്‍കുന്ന മൈലാര്‍ഡ് രാസപ്രവര്‍ത്തനം ത്വരിതപ്പെടുകയും ചെയ്യുന്നു.
പ്ലാസ്റ്റിക് എണ്ണയില്‍ ചേര്‍ക്കുന്നതോടെ പലഹാരങ്ങള്‍ പൊടിയുന്നത് തടയുന്നു. ഇത് വീണ്ടും വീണ്ടും ഉപയോഗിക്കുന്നതിലൂടെ എണ്ണയുടെ നിറം മാറാതെ സൂക്ഷിക്കുകയും ചെയ്യുന്നു. ഒരു തലവണ ഉപയോഗം കഴിഞ്ഞ എണ്ണ അരിപ്പയില്‍ അരിച്ചെടുത്ത് പ്ലാസ്റ്റിക് വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. എണ്ണയുടെ ചൂട് കുറയുന്നതോടെ പ്ലാസ്റ്റിക് വീണ്ടും എണ്ണയില്‍ നിന്ന് വേറിട്ട് നില്‍ക്കുകയും ചെയ്യുന്നു. അതായത് 120 ഡിഗിയില്‍ കൂടുതല്‍ ചൂടുള്ളപ്പൊ മാത്രമേ പ്ലാസ്റ്റിക് വെളിച്ചെണ്ണ/പാം ഓയില്‍ എന്നിവയുമായി ബ്ലെണ്ട് ആയി നില്‍കൂ എന്ന് സാരം.
പലഹാര നിര്‍മാണം ലാഭകരമാകുമോ?
വെളിച്ചെണ്ണയെ അപേക്ഷിച്ച് വളരെ വിലക്കുറവാണ് കമേഴ്ഷ്യലി കിട്ടുന്ന പോളി എതിലിന്‍ പദാര്‍ഥങ്ങള്‍ക്ക്. എന്നാല്‍ ഇവയുടെ അമിത ഉപയോഗം ലാഭം ഉണ്ടാക്കാന്‍ ഇടയില്ല. മാത്രവുമല്ല തണുക്കുമ്പോള്‍ ഇത് സെപറേറ്റ് ആവുന്നതിനാല്‍ ലാഭം ഉണ്ടാക്കാന്‍ മാത്രം ഒരു അളവിലധികം ചേര്‍ക്കുന്നത് അപകടരവുമാണ്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ഇത്തരം എണ്ണ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
പലഹാരങ്ങള്‍ എണ്ണയില്‍ വറുക്കുമ്പോള്‍ എണ്ണ അകത്ത് കടക്കുന്നത് തടയുകയാണ് പ്ലാസ്റ്റിക് ഉപയോഗത്തിലൂടെ ഉണ്ടാകുന്നത്. ഇതോടെ പലഹാരങ്ങളുടെ പുറം ഭാഗം ആദ്യം മൊരിഞ്ഞുകിട്ടുന്നു. പലഹാരങ്ങള്‍ക്ക് അകത്ത് കടക്കുന്ന എണ്ണയും കുറയുന്ന. ഇതോടെ എണ്ണച്ചിലവ് കുറയുകയും പലഹാരങ്ങള്‍ കൂടുതല്‍ രുചികരവമാവുകയും കൂടുതല്‍ സമയം കേടാകാതെ ഇരിക്കുകയും ചെയ്യുന്നു.
യാസിറിന്റെ പോസ്റ്റിന് താഴെ നിരവധി പേര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ആശങ്ക രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കടക്കാർ ഇത്തരം അശാസ്ത്രീയതകള്‍ എവിടെ നിന്ന് പഠിക്കുന്നു എന്നുള്‍പ്പെടെയുള്ള സംശയങ്ങളാണ് ആളുകള്‍ ഉന്നയിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
