യൂണിഫോം നിര്‍ബന്ധമില്ല; പ്രവേശനം ഒരു കവാടത്തിലൂടെ; എക്‌സാം ഹാള്‍ ലേ ഔട്ട്; കോവിഡ് പോസിറ്റിവായവര്‍ക്ക് പിപിഇ കിറ്റ്; പ്ലസ് വണ്‍ പരീക്ഷയുടെ മാര്‍ഗനിര്‍ദേശങ്ങള്‍

കുട്ടികള്‍ക്ക് പരസഹായം കൂടാതെ പരീക്ഷാഹാളില്‍ എത്തിച്ചേരാനായി പ്രവേശന കവാടത്തില്‍ തന്നെ എക്‌സാം ഹാള്‍ ലേ ഔട്ട് പ്രദര്‍ശിപ്പിക്കും
ഉന്നതതലയോഗത്തില്‍ പങ്കെടുക്കുന്ന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി
ഉന്നതതലയോഗത്തില്‍ പങ്കെടുക്കുന്ന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി
Updated on
2 min read

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു പ്രവേശന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്രവേശന കവാടത്തില്‍ തന്നെ സാനിറ്റൈസര്‍ നല്‍കാനും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കാനും സംവിധാനമുണ്ടാകും. അനധ്യാപക ജീവനക്കാര്‍, പിടിഎ അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എസ്എസ്‌കെ ജീവനക്കാര്‍ തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്തും. വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമല്ലെന്നും ്അദ്ദേഹം പറഞ്ഞു. 

പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പുമായി  പൊതു വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് തയ്യാറെടുപ്പുകള്‍ വിലയിരുത്തി പരീക്ഷയ്ക്ക് വേണ്ട തയ്യാറെടുപ്പുകള്‍ യോഗം വിലയിരുത്തി. വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐഎഎസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു ഐ എ എസ്, ഹയര്‍സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ ഡോ. എസ് എസ് വിവേകാനന്ദന്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ ടി വി അനില്‍കുമാര്‍, വിവിധ മേഖലകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ആര്‍ഡിഡിമാരും എ ഡിമാരും ഒരോ ജില്ലയിലെയും തയ്യാറെടുപ്പുകള്‍ വിവരിച്ചു. പരീക്ഷ സംബന്ധിച്ച വിവരങ്ങള്‍ ഡിഎംഒ, ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ക്ക് നല്‍കാനും വേണ്ട സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കാനും തീരുമാനിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരീക്ഷ നടത്താനാണ് തീരുമാനം. പരീക്ഷാ ഹാള്‍, ഫര്‍ണിച്ചര്‍, സ്‌കൂള്‍ പരിസരം തുടങ്ങിയവ ശുചിയാക്കാനും 22ന് മുമ്പ് അണുവിമുക്തമാക്കാനുള്ള നടപടിയെടുക്കാനും തീരുമാനമായി. ഇതിനായി ആരോഗ്യവകുപ്പ്,പിടിഎ, സന്നദ്ധസംഘടനകള്‍, ഫയര്‍ഫോഴ്‌സ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹായം പ്രയോജനപ്പെടുത്തും.

പരീക്ഷാ ദിവസങ്ങളില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ കുട്ടികള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും മാസ്‌ക് ധരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും. കുട്ടികള്‍ക്ക് പരസഹായം കൂടാതെ പരീക്ഷാഹാളില്‍ എത്തിച്ചേരാനായി പ്രവേശന കവാടത്തില്‍ തന്നെ എക്‌സാം ഹാള്‍ ലേ ഔട്ട് പ്രദര്‍ശിപ്പിക്കും. പരീക്ഷയ്ക്ക് മുമ്പും ശേഷവും വിദ്യാര്‍ഥികള്‍ കൂട്ടം കൂടില്ലെന്നു ഉറപ്പാക്കും.

കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകുന്നുവെങ്കില്‍ വിവരം മുന്‍കൂട്ടി ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും വിദ്യാര്‍ത്ഥികള്‍ക്കും ബന്ധപ്പെട്ട ഇന്‍വിജിലേറ്റര്‍മാര്‍ക്കും പി പി ഇ കിറ്റ് ലഭ്യമാക്കാനുള്ള നടപടി ചീഫ് സൂപ്രണ്ടുമാര്‍ സ്വീകരിക്കണം. ഈ കുട്ടികള്‍ പ്രത്യേക ക്ലാസ് മുറിയില്‍ ആയിരിക്കും പരീക്ഷ എഴുതേണ്ടത്.

ശരീരോഷ്മാവ് കൂടുതലുള്ള വിദ്യാര്‍ഥികളും ക്വാറന്റൈനില്‍ ഉള്ള വിദ്യാര്‍ഥികളും പ്രത്യേകം പ്രത്യേകം ക്ലാസ് മുറികളില്‍ പരീക്ഷ എഴുതണം. ക്ലാസ്മുറികളില്‍ പേന, കാല്‍ക്കുലേറ്റര്‍ മുതലായവയുടെ കൈമാറ്റം അനുവദിക്കുന്നതല്ല. പരീക്ഷാ കേന്ദ്രത്തിന് അകത്തും പുറത്തും വിദ്യാര്‍ത്ഥികള്‍ അനുവര്‍ത്തിക്കേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും ആയ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന നോട്ടീസ് പ്രവേശനകവാടത്തില്‍ പ്രദര്‍ശിപ്പിക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലേക്കായി എല്ലാ വിദ്യാലയങ്ങളിലും മേഖലാ ഉപമേധാവിമാരുടെ നേതൃത്വത്തില്‍ മൈക്രോ പ്ലാന്‍ തയ്യാറാക്കേണ്ടതാണ്.

ശീതീകരിച്ച ക്ലാസ് മുറികള്‍ പരീക്ഷയ്ക്ക് ഉപയോഗിക്കുന്നതല്ല. വായുസഞ്ചാരം ഉള്ളതും വെളിച്ചം ഉള്ളതുമായ ക്ലാസ് മുറികളാണ് പരീക്ഷയ്ക്ക് ഉപയോഗിക്കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com