

ന്യൂഡല്‍ഹി: നീറ്റ്-യുജി പുനഃപരീക്ഷയ്ക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഡല്‍ഹി വിമാനത്താവളത്തില്‍ കാത്തിരുന്നു. ഉച്ചയ്ക്ക് 1:15 ഓടെയാണ് പ്രധാനമന്ത്രി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്. 45 മിനിറ്റ് കഴിഞ്ഞ ശേഷമാണ് പ്രധാനമന്ത്രി വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയത്
ഉടന്‍ തന്നെ തന്റെ ഔദ്യോഗിക വസതിയിലേക്ക് തിരിക്കുന്നതിന് പകരം, നീറ്റ് പരീക്ഷ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്നതിനാല്‍ അദ്ദേഹം വിമാനത്താവളത്തില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയെയും മറ്റ് ക്രമക്കേടുകളെയും തുടര്‍ന്ന് റദ്ദാക്കിയ നീറ്റ് യുജി പുനഃപരീക്ഷ കനത്ത സുരക്ഷാ സംവിധാനങ്ങളോടെ ആരംഭിച്ചു. മെഡിക്കല്‍ പ്രവേശനത്തിനായുള്ള ഈ സുപ്രധാന പരീക്ഷ രാജ്യത്തുടനീളമുള്ള 22 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് വീണ്ടും എഴുതുന്നത്. മുന്‍ പരീക്ഷയിലുണ്ടായ വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കുറ്റമറ്റ സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.
രാജ്യത്താകമാനം 551 നഗരങ്ങളിലായി 5440 പരീക്ഷാ കേന്ദ്രങ്ങളാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി സജീകരിച്ചിട്ടുള്ളത്. ഇന്ത്യക്ക് പുറമെ വിദേശത്ത് 14 കേന്ദ്രങ്ങളിലും പരീക്ഷ നടക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന സ്ഥാനത്ത്, ഇത്തവണ കേന്ദ്രസേനയും പൊലീസും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഏതാണ്ട് രണ്ടര ലക്ഷത്തോളം ഉദ്യോഗസ്ഥര്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. പരീക്ഷാമുറികളിലെ നിരീക്ഷണത്തിനായി രാജ്യവ്യാപകമായി 95,000 ക്ലാസ് മുറികളിലായി 1,38,000 നിര്‍മിത ബുദ്ധി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates