Sashi Tharoor
ശശി തരൂര്‍Center-Center-Kochi

മയപ്പെടുത്തി തരൂര്‍, ചൂണ്ടിക്കാട്ടിയത് സിപിഎമ്മിന്റെ നയംമാറ്റം, മുന്‍ യുഡിഎഫ് സര്‍ക്കാരുകള്‍ക്കും പ്രശംസ

സംസ്ഥാനം ഭരിച്ച മുന്‍ യുഡിഎഫ് സര്‍ക്കാരുകളുടെ നേട്ടം കൂടി പരാമര്‍ശിക്കുന്നതാണ് പുതിയ പ്രതികരണം
Published on

വ്യവസായ രംഗത്ത് കേരളം നേടിയ മുന്നേറ്റത്തിന് സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച നിലപാട് മയപ്പെടുത്തി ശശി തരൂര്‍ എംപി. താന്‍ ചൂണ്ടിക്കാട്ടിയത് വ്യവസായങ്ങളോടുള്ള പൊതുനയത്തില്‍ സിപിഎം സ്വീകരിച്ച മാറ്റങ്ങളെ കുറിച്ചുള്ള വ്യവസായ മന്ത്രി പി രാജീവിന്റെ കണക്കുകള്‍ മാത്രമാണെന്നാണ് പുതിയ നിലപാട്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ ചൊല്ലി സംസ്ഥാന രാഷ്ട്രീയത്തില്‍ ചൂടുപിടിച്ച വാക്‌പോര് തുടരുന്നതിനിടെയാണ് ഫേസ്ബുക്കില്‍ പോസ്റ്റില്‍ ശശി തരൂര്‍ വിഷയം മയപ്പെടുത്തുന്നത്. സംസ്ഥാനം ഭരിച്ച മുന്‍ യുഡിഎഫ് സര്‍ക്കാരുകളുടെ നേട്ടം കൂടി പരാമര്‍ശിക്കുന്നതാണ് പുതിയ പ്രതികരണം.

''സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കഴിഞ്ഞ കാലങ്ങളില്‍ സാങ്കേതികവിദ്യക്കും വ്യവസായ വളര്‍ച്ചയ്ക്കും പിന്തിരിഞ്ഞ് നിന്ന സമീപനങ്ങളില്‍ ഒരു മാറ്റം വരുത്തിയിരിക്കുന്നു എന്നു പറയുന്നത് കേരളത്തിന് ഗുണം ചെയ്യുന്നുണ്ടോ എന്ന വിഷയത്തെ കുറിച്ചായിരുന്നു ലേഖനം. സിപിഎമ്മിന്റെ ഇതുവരെയുള്ള പൊതു നയം വ്യവസായ നിക്ഷേപ അനുകൂലമല്ലാതിരുന്നതില്‍ മാറ്റങ്ങള്‍ വരുത്തിയെന്ന് നിലവിലെ വ്യവസായ മന്ത്രി പറയുകയും അവതരിപ്പിക്കുകയും ചെയ്ത കണക്കുകള്‍ ആയിരുന്നു എന്റെ ലേഖനത്തിന്റെ പ്രധാന ഉള്ളടക്കം'' തരൂര്‍ വിശദീകരിക്കുന്നു.

ലേഖനത്തില്‍ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നേടിയ വ്യവസായ സാങ്കേതികവിദ്യ പുരോഗതി പരാമര്‍ശിക്കാത്തത് മനപ്പൂര്‍വമല്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ വ്യവസായ വിവരസാങ്കേതികവിദ്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുകയും കേരളത്തിന് കാതലായ വളര്‍ച്ച നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി ഒരു ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍ മീറ്റ് എ കെ ആന്റണി സര്‍ക്കാറിന്റെ കാലത്ത് നടത്തിയതും പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ആയിരുന്നു എന്നും തരൂര്‍ ഓര്‍മ്മിപ്പിക്കുന്നു.

പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തെയും വ്യവസായ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളെയും പരാമര്‍ശിച്ച് തരൂര്‍ എഴുതിയ ലേഖനം വലിയ ചര്‍ച്ചകള്‍ക്കാണ് കേരള രാഷ്ട്രീയത്തില്‍ തുടക്കമിട്ടത്. വികസന മുരടിപ്പ് എന്ന പ്രതിപക്ഷ ആക്ഷേപങ്ങള്‍ക്ക് മറുപടിയായി ഇടത് ക്യാപുകള്‍ തരൂരിന്റെ ലേഖനം ഉയര്‍ത്തിക്കാട്ടിയതോടെയാണ് വാക് പോരിന് തുടക്കമായത്. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎം സ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും തരൂരിന്റെ നിലപാടിനെ പരോക്ഷമായും പ്രത്യക്ഷമായും പരാമര്‍ശിച്ചും രംഗത്തെത്തി. പിന്നാലെ തരൂരിന്റെ നിലപാടിനെ പരസ്യമായി തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു.

എന്നാല്‍, ലേഖനത്തില്‍ പറഞ്ഞ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന പ്രതികരണമായിരുന്ന തരൂരില്‍ നിന്നുണ്ടായത്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്ന മോശം കാര്യത്തെ വിമര്‍ശിക്കുകയും നല്ല കാര്യങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നതാണ് തന്റെ രീതി എന്നായിരുന്നു തരൂര്‍ ശനിഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com