

പൊലീസുകാർ തന്നെ സല്യൂട്ട് അടിക്കുന്നില്ലെന്ന് പരാതി പറഞ്ഞ തൃശൂർ മേയർ എംകെ വർഗീസിന് മറുപടിയുമായി പൊലീസ് അസോസിയേഷൻ. റോഡിൽ പൊലീസിനെ നിർത്തിയിരിക്കുന്നത് അതുവഴി പോകുന്നവരെ സല്യൂട്ട് അടിക്കാനല്ല എന്നായിരുന്നു പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ. ബിജുവിന്റെ പ്രതികരണം. സേനാംഗങ്ങൾ പരസ്പരം കൈമാറുന്ന ആദരവാണ് സല്യൂട്ടെന്നും ഫേയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. സർക്കാർ പരിപാടികളിൽ ഓരോരുത്തർക്കും നൽകേണ്ട സ്ഥാനം എവിടെയാണെന്ന് സംസ്ഥാന പ്രോട്ടോക്കോൾ വ്യവസ്ഥകൾ നിലവിലുണ്ടാകും. എന്നാൽ അത്തരം കാര്യങ്ങൾ സർക്കാർ പരിപാടികൾക്ക് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പൊലീസുകാർ തന്നെ ബഹുമാനിക്കുന്നില്ലെന്ന് പറഞ്ഞ് മേയർ ഡിജിപിക്ക് പരാതി നൽകിയത്. ഇക്കാര്യം പലതവണ ഡിജിപിയുൾപ്പെടെ ഓഫിസർമാരെ ധരിപ്പിച്ചിട്ടും ഫലമുണ്ടായില്ലെന്നും ഇക്കാര്യത്തിൽ ഉടനെ നടപടിയെടുക്കണമെന്നുമാണ് മേയർ പറയുന്നത്. കൂടാതെ ഗവർണർക്കും മുഖ്യമന്ത്രിക്കും തൊട്ടുതാഴെയാണ് മേയറുടെ സ്ഥാനമെന്നും അദ്ദേഹം ഓർമിപ്പിച്ചു. അതിന് പിന്നാലെയാണ് മറുപടിയുമായി ബിജു ഉൾപ്പടെയുള്ള പൊലീസുകാർ രംഗത്തെത്തിയത്.
ബിജുവിന്റെ ഫേയ്സ്ബുക്ക് കുറിപ്പ് വായിക്കാം
സേനാവിഭാഗങ്ങൾ ആദരസൂചകമായി ചെയ്തുവരുന്ന ആചാരമാണ് സല്യൂട്ട്.
സല്യൂട്ട് എന്നത് പരസ്പര ബഹുമാനത്തിൻ്റെ കൂടി രൂപമാണ്.
" ആന്തരിക ബഹുമാനത്തിന്റെ ബഹിർസ്ഫുരണം" എന്നാണ് മലയാളത്തിൽ സല്യൂട്ട് എന്ന വാക്കിന് നൽകിയിട്ടുള്ള നിർവ്വചനം.
ചിലരെങ്കിലും ധരിക്കുന്നത് പോലെ താഴ്ന്ന റാങ്കിൽ ഉള്ളവർ ഉയർന്ന റാങ്കിൽ ഉള്ളവരെ 'ONE WAY' ആയി ചെയ്യുന്ന ആചാരമല്ല. താഴ്ന്ന റാങ്കിൽ ഉള്ളവർ ഉയർന്ന റാങ്കിൽ ഉള്ളവരെ സല്യൂട്ട് ചെയ്യുമ്പോൾ, ഉയർന്ന റാങ്കിൽ ഉള്ളവർ തിരിച്ചും അവരെ ആചാരം ചെയ്യും. ഇങ്ങനെ സേനാംഗങ്ങൾ പരസ്പരം കൈമാറുന്ന ആദരവാണ് സല്യൂട്ട്.
കൂടാതെ രാജ്യത്തെ ഭരണകർത്താക്കൾ, ജുഡീഷ്യൽ ഓഫീസർമാർ ഉൾപ്പെടെയുള്ളവരേയും സല്യൂട്ട് ചെയ്യാറുണ്ട്. അവരും ഇപ്രകാരം തിരിച്ചും ചെയ്യേണ്ടതാണ്.
ദേശീയ പതാകയേയും, അതാത് സേനാവിഭാഗങ്ങൾ അതാത് വിഭാഗങ്ങളുടെ പതാകകളേയും സല്യൂട്ട് നൽകി ആദരിക്കാറുണ്ട്.
ജനാധിപത്യ സമൂഹത്തിൽ ജനപ്രതിനിധികളെ ആദരവോടെ കാണുന്ന വിഭാഗമാണ് കേരളത്തിലെ പോലീസ് സേനാ വിഭാഗം. അതിന്റെ ആദരവ് PSO യിൽ എന്താണ് പറയുന്നത് എന്ന് പോലും നോക്കാതെ നമ്മുടെ സേനാംഗങ്ങൾ നൽകി വരുന്നുണ്ട്.
ഇത്രയും എഴുതാൻ കാരണം, എനിക്കും പോലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്യണം എന്ന് കാണിച്ച് പലരും സംസ്ഥാന പോലീസ് മേധാവി ഉൾപ്പെടെയുള്ളവർക്ക് അയക്കുന്ന പരാതികൾ കണ്ടതുകൊണ്ടാണ്. യൂണിഫോമിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ കണ്ടാൽ എനിക്കും ഒരു സല്യൂട്ട് കിട്ടണം എന്ന ആഗ്രഹം ഉള്ള ചിലർ സ്വാഭാവികമാണ്. എന്നാൽ അതിന് നിർദ്ദേശം നൽകണം എന്ന പരാതി അയച്ചതിനെ ആശ്ചര്യത്തോടെ കാണുന്നു എന്ന് സൂചിപ്പിക്കട്ടെ.
റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുമ്പോൾ റോഡിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്യുന്നില്ല എന്നാണ് ഇപ്പോൾ കണ്ട പരാതി. ഇത്തരത്തിൽ കേരളത്തിൻ്റെ തെരുവോരങ്ങളിൽ യൂണിഫോം ഇട്ട് കാണുന്ന പോലീസ് ഉദ്യോഗസ്ഥർ ആരെയെങ്കിലും സല്യൂട്ട് ചെയ്യാൻ വേണ്ടി നിൽക്കുന്നവരല്ല. അവർ ട്രാഫിക് നിയന്ത്രണം ഉൾപ്പെടെയുള്ള ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി നിൽക്കുന്നവരാണ്. ഇത്തരം സന്ദർഭങ്ങളിൽ സല്യൂട്ട് ഉൾപ്പെടെയുള്ള ആചാരമല്ല ചെയ്യേണ്ടത്, ഔദ്യോഗികകൃത്യം ഭംഗിയായി നിറവേറ്റുകയാണ് വേണ്ടത് എന്ന വ്യക്തമായ നിർദ്ദേശം ഉൾപ്പെടെ സർക്കുലറായി ജീവനക്കാർക്ക് നൽകിയിട്ടുള്ള പുരോഗമനപരവും സാമൂഹ്യ വീക്ഷണവും ഉള്ള മേലുദ്യോഗസ്ഥന്മാരാൽ നയിക്കുന്ന സേനയാണ് കേരള പോലീസ് എന്ന് അഭിമാനത്തോടെ പറയാനും ആഗ്രഹിക്കുന്നു.
സർക്കാർ പരിപാടികളിൽ ഓരോരുത്തർക്കും നൽകേണ്ട സ്ഥാനം എവിടെയാണെന്ന് സംസ്ഥാന പ്രോട്ടോക്കോൾ വ്യവസ്ഥകൾ നിലവിലുണ്ടാകും. എന്നാൽ അത്തരം കാര്യങ്ങൾ സർക്കാർ പരിപാടികൾക്ക് മാത്രമാണ്. അല്ലാതെ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥന്മാരെ കൊണ്ട് സല്യൂട്ട് ചെയ്യിക്കാനുള്ളതല്ല എന്ന് കൂടി സൂചിപ്പിക്കട്ടെ.
സേനാംഗങ്ങൾ വലിയ മൂല്യം
നൽകുന്ന ആചാരമാണ് സല്യൂട്ട്. അത് നിയമാനുസരണം അർഹതപ്പെട്ടവർക്ക് മാത്രമേ നൽകാൻ കഴിയൂ. അല്ലാതെ ആഗ്രഹിക്കുന്ന എല്ലാവർക്കും നൽകേണ്ട ഒന്നല്ല എന്ന് കൂടി വിനയപൂർവ്വം അറിയിക്കട്ടെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates