

മലപ്പുറം: നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്റെ കൊലപാതകത്തില്‍ മുഖ്യ പ്രതി വ്യവസായി ഷൈബിന്‍ അഷ്‌റഫിനെ സഹായിച്ചത് മുന്‍ എസ്‌ഐയെന്ന് പൊലീസ്. മുന്‍ എസ്‌ഐ നിയമസഹായം നല്‍കിയെന്ന് ഷൈബിന്‍ അഷ്‌റഫ് മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.
അതിനിടെ കേസിലെ പ്രതികള്‍ മറ്റ് രണ്ടു കൊലപാതകങ്ങള്‍ കൂടി ആസൂത്രണം ചെയ്തതിന്റെ തെളിവുകള്‍ ലഭിച്ചതായി പൊലീസ് പറയുന്നു. പ്രതികളുടെ ലാപ്‌ടോപ്പില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ കിട്ടിയത്.
പദ്ധതി തയ്യാറാക്കി പകര്‍പ്പെടുത്തി പ്രതികള്‍ ഭിത്തിയില്‍ ഒട്ടിച്ചതായും പൊലീസ് പറയുന്നു.
ഷൈബിന്റെ ബിസിനസ് പങ്കാളിയായ കോഴിക്കോട് സ്വദേശിയെ കൈ ഞരമ്പ് മുറിച്ചും എറണാകുളം സ്വദേശിനിയെ ശ്വാസം മുട്ടിയും ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതാണ് സംഭവം. ഇത് ആത്മഹത്യ എന്നു തോന്നുന്ന തരത്തില്‍ നടന്ന കൊലപാതകളാണെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറയുന്നു.
ആത്മഹത്യയെന്ന് തോന്നുന്ന വിധത്തില്‍ രണ്ടുപേരെ കൊല്ലുന്നതിനെപ്പറ്റി പദ്ധതിയിട്ട് പ്രിന്റ് ചെയ്തു ഭിത്തിയില്‍ ഒട്ടിച്ചതിന്റെ ചില ഭാഗങ്ങള്‍ വീഡിയോയില്‍ നിന്ന്് പൊലീസിന് ലഭിച്ചു. ' ഷഫീക്ക് അജ്മല്‍ നൗഷാദ് എന്നിവര്‍ ഹാരീസിനെ കെട്ടുക. അധികം മുറുക്കി കെട്ടരുത്. രണ്ടു കാലിന്റെയും ഇടയില്‍ വെല്‍വെറ്റ് പീസ് വയ്ക്കാന്‍ മറക്കരുത്. ഷഹീം, ഹാരിസിന്റെ അടുത്ത് നില്‍ക്കുക. നൗഷാദ് പെണ്ണിന്റെ അടുത്തേക്കു വരിക. മൂക്ക് പൊത്തിപ്പിടിക്കല്‍ ടെക്‌നിക് ഉപയോഗിച്ച് വായയുടെ കെട്ടഴിക്കുക. എന്നാല്‍ പൂര്‍ണമായും അഴിക്കാതെ.. നൗഷാദ് ബാക്കില്‍ വലിച്ചു പിടിച്ച് ..അജ്മല്‍ പാഡുകള്‍ പൂര്‍ണമായും അഴിക്കുക. വായ വീണ്ടും കെട്ടുക. അവളുടെ കാലിലെ കെട്ടഴിച്ച് പാഡ് മാറ്റുക...ഇനി കെട്ടണ്ട...' -ഭിത്തിയില്‍ ഒട്ടിച്ച പേപ്പറില്‍ എഴുതിയിരിക്കുന്ന ചില ഭാഗങ്ങള്‍ ഇങ്ങനെയാണ്.
'കയ്യിലെ കെട്ടഴിച്ച് പാഡുകള്‍ മാറ്റുക. അജ്മല്‍ പോക്കറ്റിലുള്ള പ്ലാസ്റ്റിക് വിരിച്ച് വയറില്‍ കയറിയിരിക്കുക...കാല്‍ പിടിക്കണ്ട. വായില്‍ കെട്ടഴിച്ച് മൂക്ക് പൊത്തിപ്പിടിക്കുക.. അഴിക്കുമ്പോള്‍ തന്നെ അജ്മല്‍ വായ പൊത്തിപ്പിടിക്കുക.. ഷബീബ് അവളുടെ മൂക്ക് അടച്ച് ശ്വാസം മുട്ടിക്കുക. ഈ ഗ്യാപ്പില്‍ അജ്മല്‍ കഴുത്തില്‍ അമര്‍ത്തുക..ഷബീബ് വായ പൊത്തിപ്പിടിക്കുക... തീര്‍ന്നുവെന്ന് ഉറപ്പായാല്‍ അജ്മല്‍ കുറച്ചു നേരം മൂക്കും വായും പൊത്തിപ്പിടിക്കുക. തീര്‍ന്നിട്ടില്ല എന്ന് തോന്നുകയാണെങ്കില്‍ വീണ്ടും കഴുത്ത് അമര്‍ത്തുക. അവളെ കെട്ടാനുള്ളതൊക്കെ കെട്ടി അവളെ തീര്‍ത്ത ബെഡ്ഡില്‍ കിടത്തി ഷമീം കാവല്‍ നില്‍ക്കുക. '
'സ്റ്റീല്‍ ടൂള്‍ ഉപയോഗിച്ച് അവളുടെ വായില്‍ തുണിക്കഷ്ണമോ നൂലോ ഉണ്ടോയെന്ന് നോക്കുക..ഉണ്ടെങ്കില്‍ എടുത്ത് ട്രിപ്പിള്‍ പാക്കിങ് ചെയ്യുക. അവനെ ചുമന്നു കൊണ്ടുവന്ന് അവളുടെ ഒരു സൈഡില്‍ കിടത്തുക. അവള്‍ അടുത്തു കിടക്കുന്നത് അവന് ആദ്യം മനസ്സിലാവരുത്.'- പേപ്പറില്‍ എഴുതിയിരിക്കുന്ന മറ്റു ഭാഗങ്ങള്‍ ഇങ്ങനെയാണ്.
2020ല്‍ അബുദാബിയിലാണ് കൊലപാതകങ്ങള്‍ നടന്നതെന്ന് സൂചന. സംഘത്തലവന്‍ ഷൈബിന്‍ അഷറഫിന്റെ കൂട്ടാളിയായ മുക്കം സ്വദേശി ഹാരിസിനെയും മറ്റൊരു സ്ത്രീയെയും കൊലപ്പെടുത്താനിട്ട പദ്ധതിയെന്നാണ് വിവരം. ഇവര്‍ പദ്ധതിയുടെ ബ്ലൂപ്രിന്റ് ഭിത്തിയില്‍ പതിപ്പിച്ചതിന്റെ വിഡിയോ പ്രതികളില്‍ ഒരാളായ നൗഷാദ് തന്നെയാണ് വിഡിയോയില്‍ ചിത്രീകരിച്ചത്.
'എന്റെ സേഫ്റ്റിക്കു വേണ്ടിയാണ് ഇത്. ആവശ്യം വന്നുകഴിഞ്ഞാല്‍ മാത്രമേ ഇത് ഉപയോഗിക്കുള്ളൂ' എന്നും പറഞ്ഞാണ് ബ്ലൂപ്രിന്റുകള്‍ ഒട്ടിച്ച ഭിത്തി വിഡിയോയില്‍ കാണിക്കുന്നത്. വൈദ്യനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും നൗഷാദ് തന്നെയാണ് പകര്‍ത്തിയിരുന്നത്. കേസിലെ പ്രതികള്‍ ഗള്‍ഫിലെ 2 കൊലപാതകങ്ങളില്‍ ഷൈബിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.
അതിനിടെ ഷൈബിന്‍ അഷ്‌റഫിന്റെ സ്വത്തുക്കളെ കുറിച്ചുള്ള വിവരങ്ങളും പൊലീസ് തേടുന്നുണ്ട്. 300 കോടിയോളം രൂപയുടെ സ്വത്ത് ഇയാള്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക് . ഈ സാമ്പത്തിക വളര്‍ച്ച പത്തു വര്‍ഷത്തിനിടെയാണ്. നിലമ്പൂരിലെ വീട് വാങ്ങിയത് 2 കോടിയിലേറെ രൂപയ്ക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. നിരവധി ആഡംബരവാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates