

തിരുവനന്തപുരം: പുതിയ വീട്ടുജോലിക്കാരെയോ, ഡ്രൈവറെയോ ജോലിക്കെടുക്കുമ്പോഴും വീട് വാടകയ്ക്ക് നല്‍കുമ്പോഴോ നിങ്ങള്‍ക്ക് ആശങ്കയുണ്ടോ? എന്നാല്‍ ഇനി ഭയം വേണ്ട, നിങ്ങളെ സഹായിക്കാന്‍ കേരള പൊലീസുണ്ട്.
ഒരു നിശ്ചിതതുക ഓണ്‍ലൈനായി അടച്ചാല്‍ നിങ്ങള്‍ ജോലിക്കെടുക്കുന്നവരുടേതടക്കം പശ്ചാത്തലം പരിശോധിച്ച് പൊലീസ് വിവരം അറിയിക്കും. പൊലീസിന്റെ ടെലികമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്നോളജി വിഭാഗം വികസിപ്പിച്ചെടുത്ത ഈ ഓണ്‍ലൈന്‍ സംവിധാനത്തിന് സംസ്ഥാന പൊലീസ് മേധാവി റവാദ എ ചന്ദ്രശേഖര്‍ തുടക്കം കുറിച്ചു.
പൊലീസിന്റെ സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടലായ തുണയിലൂടെയും മൊബൈല്‍ ആപ്പായ PoL-APP വഴിയും പൊതുജനങ്ങള്‍ക്ക് സേവനം ഉപയോഗിക്കാന്‍ കഴിയും. ഡിജിറ്റല്‍ സേവനത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ച ഐജി പി പ്രകാശ് പറഞ്ഞു.ജനങ്ങള്‍ ആവശ്യപ്പെടുന്ന ജോലിക്കാരുടെ വിശദാംശങ്ങള്‍ നല്‍കിയാല്‍ അയാള്‍ ഏതെങ്കിലും ക്രിമിനല്‍ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ വകുപ്പിന്റെ ക്രൈം ഡാറ്റാബേസിന്റെ സഹായത്തോടെ പരിശോധിക്കും. ആദ്യമായാണ് പൊലീസ് ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ഇത്തരമൊരു സേവനം നല്‍കുന്നത്. നടപടിക്രമത്തിലെ ഓരോ ഘട്ടവും അതാത് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നതിനാല്‍, സേവനം വേഗത്തിലും ഫലപ്രദവുമായിരിക്കും. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പൊതുജനങ്ങളെ സഹായിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് വീട്ടുജോലിക്കാരുടെയും വാടകക്കാരുടെയും വിവരങ്ങള്‍ തുണ, പോല്‍-ആപ്പ് എന്നിവ വഴി നല്‍കാം. കമ്പനികള്‍ക്ക് തുണ വഴി വിവരങ്ങള്‍ നല്‍കാം. വ്യക്തിയുടെ വിശദാംശങ്ങള്‍, ആധാര്‍, ജോലിയെക്കുറിച്ചുള്ള വിവരങ്ങള്‍, 1500 രൂപ ഫീസ് എന്നിവയും നല്‍കണം. വ്യക്തികളുടെ ഐഡന്റിറ്റി, വിലാസം, ക്രിമിനല്‍ പശ്ചാത്തലം എന്നിവ ലോക്കല്‍ പൊലീസ് അന്വേഷിക്കും. പരിശോധന പൂര്‍ത്തിയാകുന്നതനുസരിച്ച് യൂണിറ്റ് മേധാവി വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.
ജീവനക്കാരുടെ വെരിഫിക്കേഷനായി അപേക്ഷ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സംഘടനകള്‍ക്കും തുണ വഴി കൈമാറാം. സ്വകാര്യ സ്ഥാപനങ്ങള്‍ 1500 രൂപ നല്‍കേണ്ടതുണ്ട്. അപേക്ഷ ജില്ലാ പൊലീസ് ഓഫീസ് പ്രോസസ്സ് ചെയ്യുകയും ലോക്കല്‍ പൊലീസ് സ്റ്റേഷനുകളിലേക്ക് കൂടുതല്‍ പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്യും. വിജയകരമായ പരിശോധനയ്ക്ക് ശേഷം, ജില്ലാ പൊലീസ് മേധാവിയോ അംഗീകൃത ഉദ്യോഗസ്ഥനോ സര്‍ട്ടിഫിക്കറ്റ് നല്‍കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates