

കൊച്ചി; വേമ്പനാട്, അഷ്ടമുടി കായലുകളിലെ മലിനീകരണം തടയുന്നതിൽ നടപടിയെടുക്കാത്തതിന് സംസ്ഥാന സർക്കാരിനു പത്തുകോടി രൂപ പിഴ. ദേശീയ ഹരിത ട്രിബ്യൂണൽ ആണ് നടപടിയെടുത്തത്. തുക ഒരുമാസത്തിനുള്ളിൽ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടിൽ ഉറപ്പുവരുത്തുകയും ശുചീകരണത്തിനുള്ള കർമപദ്ധതി തയ്യാറാക്കണമെന്നും നിർദേശമുണ്ട്. പരിസ്ഥിതിപ്രവർത്തകനായ കെ.വി. കൃഷ്ണദാസ് സർക്കാരിനെതിരേ നൽകിയ കേസിൽ ഹരിത ട്രിബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
തണ്ണീർത്തടങ്ങൾ കൂടിയായ രണ്ടു കായലുകൾക്കും ചുറ്റുമുള്ള സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും മാലിന്യസംസ്കരണത്തിനു നടപടിയെടുക്കുന്നതിൽ വീഴ്ചവരുത്തിയതായി ട്രിബ്യൂണൽ വിലയിരുത്തി. 100 മില്ലിലിറ്റർ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ എണ്ണം അഞ്ഞൂറിൽ താഴെയായിരിക്കണം. എന്നാൽ, ഇരുകായലുകളിലെയും വെള്ളം പരിശോധിച്ചപ്പോൾ 100 മില്ലിലിറ്ററിൽ രണ്ടായിരത്തി അഞ്ഞൂറിലധികമാണ് ഇതിന്റെ എണ്ണമെന്നു കണ്ടെത്തി.
കായൽമലിനീകരണത്തിനെതിരേയുള്ള കേസ് 2022 ഫെബ്രുവരി 28-ന് സുപ്രീംകോടതി പരിഗണിച്ചപ്പോൾ മാലിന്യപ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഹരിത ട്രിബ്യൂണലിന്റെ മാർഗരേഖപ്രകാരം നടപടിയെടുക്കണമെന്നും സർക്കാരിനോടു നിർദേശിച്ചിരുന്നു. അതനുസരിച്ച് ബോധവത്കരണം നടത്തിയെന്നും മാലിന്യനിയന്ത്രണ സംവിധാനമൊരുക്കാത്തതിന് ഹൗസ് ബോട്ടുകൾ, ഫ്ലാറ്റുകൾ, ഹോട്ടലുകൾ, വ്യവസായസ്ഥാപനങ്ങൾ എന്നിവയ്ക്ക് 1,176 നോട്ടീസ് നൽകിയെന്നും സർക്കാർ അറിയിച്ചു. എന്നാൽ നടപടികളിൽ തൃപ്തിയാകാതെയാണ് നടപടി.
വേമ്പനാട്, അഷ്ടമുടി കായലുകളുടെ പ്രത്യക്ഷ ഗുണഭോക്താക്കളായ കോർപ്പറേഷനുകൾ, നഗരസഭകൾ, പഞ്ചായത്തുകൾ എന്നിവയെല്ലാം മലിനീകരണത്തിന് ഉത്തരവാദികളാകും. ആറുമാസത്തിനുള്ളിൽ കർമപദ്ധതി നടപ്പാക്കുകയും അതിനുള്ളിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർ, സ്ഥാപനങ്ങൾ എന്നിവരിൽനിന്ന് പിഴത്തുക ഈടാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ചെയർമാൻ ജസ്റ്റിസ് ആദർശ്കുമാർ ഗോയൽ, ജുഡീഷ്യൽ അംഗം ജസ്റ്റിസ് സുധീർ അഗർവാൾ, വിഷയവിദഗ്ധൻ ഡോ. എ. സെന്തിൽവേൽ എന്നിവരുൾപ്പെട്ടതാണ് ബെഞ്ച്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates