അരനൂറ്റാണ്ടായി ചെങ്കൊടി പാറാത്ത ഒരേ ഒരു മണ്ഡലം; ഇത്തവണ ചരിത്രം മാറുമോ?

1977നു ശേഷം ലീഗ് സ്ഥാനാര്‍ഥികളല്ലാതെ ഇവിടെ നിന്ന് മറ്റാരും ലോക്സഭയിലേക്ക് പോയിട്ടില്ല
ponnani
അരനൂറ്റാണ്ടായി ചെങ്കൊടി പാറാത്ത മണ്ഡലംദി ന്യൂ ഇൻഡ്യൻ എക്സ്പ്രസ്
Updated on
3 min read

മൂസ്ലീംലീഗീന്റെ പൊന്നാപുരം കോട്ടയാണ് പൊന്നാനി. അരനൂറ്റാണ്ടായി ഹരിത പതാകയല്ലാതെ മറ്റൊരു കൊടിയും മണ്ഡലത്തില്‍ പാറിയിട്ടില്ല. 1971ല്‍ എംകെ കൃഷ്ണനാണ് മണ്ഡലത്തില്‍ അവസാനമായി ജയിച്ച ഇടതുസ്ഥാനാര്‍ഥി. അന്ന് ചിഹ്നം അരിവാള്‍ ചുറ്റിക നക്ഷത്രം. ഇത്തവണ 'സ്വതന്ത്ര' പരീക്ഷണം അവസാനിപ്പിച്ച് പാര്‍ട്ടി ചിഹ്നവുമായാണ് സിപിഎം കളത്തിലിറങ്ങുന്നത്. റെക്കോര്‍ഡ് ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ മണ്ഡലത്തില്‍ ലീഗ് നേടിയത്. ഇത്തവണ കളം മാറുമെന്ന് സിപിഎമ്മും കളിയേറെ കണ്ടതാണെന്നും ലീഗും ആണയിടുന്നു.

1977നു ശേഷം ലീഗ് സ്ഥാനാര്‍ഥികളല്ലാതെ ഇവിടെ നിന്ന് മറ്റാരും ലോക്സഭയിലേക്ക് പോയിട്ടില്ല. ലീഗിന്റെ കുത്തക തകര്‍ക്കാന്‍ സിപിഎം നടത്തിയ ശ്രമങ്ങളെല്ലാം പരാജയമായിരുന്നു. യുഡിഎഫ് കടപുഴകിയ 2004ലെ തെരഞ്ഞെടുപ്പിലും യുഡിഎഫിനെ ചേര്‍ത്തുപിടിച്ച ഒരേയൊരു മണ്ഡലമാണ് പൊന്നാനി. മലയാളിയല്ലാത്ത ഗുലാം മഹ്മൂദ് ബനാത്ത് വാലയെന്ന ജിഎം ബനാത്ത്‌വാലയില്‍ തുടങ്ങിയ വിജയക്കുതിപ്പ് ഇത്തവണയും തുടരുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടയ്ക്കല്‍, തവനൂര്‍, പൊന്നാനി നിയമസഭാ മണ്ഡലങ്ങള്‍ക്ക് പുറമെ പാലക്കാട് ജില്ലയിലെ തൃത്താല അടക്കം ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് പൊന്നാനി ലോക്സഭയിലുള്ളത്. നിലവില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാലും എല്‍ഡിഎഫിനൊപ്പമാണ്. ലീഗ് മൂന്നിടത്ത് മാത്രം. മണ്ഡലങ്ങളിലെ വികസനപ്രവര്‍ത്തനവും ജനകീയ ഇടപെടലുകളും കരുത്താകുമെന്നാണ് ഇരുപക്ഷത്തിന്റെയും വിലയിരുത്തല്‍.

ജിഎം ബനാത്ത്‌വാല
ജിഎം ബനാത്ത്‌വാലഫയല്‍

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2019ലൊഴികെ, പൊന്നാനിയില്‍ ഓരോ തെരഞ്ഞെടുപ്പിലും വോട്ട് വിഹിതത്തിലുണ്ടാവുന്ന കുറവാണ് ലീഗിന്റെ ആശങ്ക. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി മലപ്പുറം ജില്ലയിലെ രാഷ്ട്രീയ കാലാവസ്ഥ ഇടതുപക്ഷത്തിന് അനുകൂലമായതിനാല്‍ വിജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് കാത്തിരുന്ന് കാണണം. സുന്നി വിഭാഗത്തിനൊപ്പം സമസ്തയുടെ അനുകൂല നിലപാടും കരുത്താകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. ഇകെ വിഭാഗത്തിലെ വോട്ടുകള്‍ ഭിന്നിച്ചാല്‍ അത് പൊന്നാനിയിലെ ലീഗിന്റെ സാധ്യതകളെയാണ് ബാധിക്കുക.

2009ലാണ് ഇന്നത്തെ പൊന്നാനി ലോക്സഭാ മണ്ഡലം രൂപം കൊള്ളുന്നത്. ഇതിനുശേഷം നടന്ന മൂന്ന് പൊതുതെരഞ്ഞടുപ്പിലും കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലെ പരീക്ഷണശാലയായിട്ടാണ് പൊന്നാനി അടയാളപ്പെട്ടത്. മണ്ഡലപുനര്‍നിര്‍ണയത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞടുപ്പില്‍ ഇടി മുഹമ്മദ് ബഷീര്‍ 82,000ല്‍പ്പരം വോട്ടിനാണ് വിജയിച്ചത്. എല്‍ഡിഎഫ് സ്വതന്ത്രനായി ഹുസൈന്‍ രണ്ടത്താണിയെ ഇറക്കിയെങ്കിലും പരീക്ഷണം പാളി.

ഇടി മുഹമ്മദ് ബഷീര്‍
ഇടി മുഹമ്മദ് ബഷീര്‍ ഫെയ്‌സ്ബുക്ക്‌

2014ല്‍ ഇടിക്ക് തന്നെ പൊന്നാനിയില്‍ രണ്ടാമൂഴം നല്‍കി മുസ്ലീം ലീഗ് എതിരാളിയെ കാത്തിരുന്നു. വ്യവസായിയും മുന്‍ കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന വി അബ്ദുറഹ്മാനെയായിരുന്നു പൊന്നാനി പിടിക്കാന്‍ ഇടതുപക്ഷം നിയോഗിച്ചത്. തിരൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ തുടങ്ങി വിവിധ പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പ്രവൃത്തിപരിചയവും തുണയാകുമെന്ന് എല്‍ഡിഎഫ് കരുതി. എന്നാല്‍ വിജയം നേടിയില്ലെങ്കിലും ഇടിയുടെ ഭൂരിപക്ഷം കാല്‍ ലക്ഷത്തിലൊതുക്കി അബ്ദുറഹിമാന്‍.

ഹാട്രിക് വിജയം തേടി ഇറങ്ങിയ ഇടിയ്ക്കെതിരെ 2019ല്‍ ഇടതുപക്ഷം മറ്റൊരു പൊതുസ്വതന്ത്രനെ പരീക്ഷിച്ചു. നിലമ്പൂര്‍ എംഎല്‍എയും വ്യവസായിയുമായ പിവി അന്‍വറിനായിരുന്നു അവസരം. മൂന്ന് വര്‍ഷത്തെ എംഎല്‍എ പ്രവര്‍ത്തനപരിചയവുമായിട്ടായിരുന്നു അന്‍വര്‍ പൊന്നാനിയില്‍ ഇറങ്ങിയത്. നിലമ്പൂരിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ അന്‍വര്‍ പൊന്നാനിയില്‍ തോറ്റാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്നുപോലും പറഞ്ഞു. എന്നിട്ടും പൊന്നാനി ചുകന്നില്ല. വയനാട്ടില്‍ രാഹുലിന്റെ വരവ് ലീഗിനും ഗുണം ചെയ്‌തെന്ന് കണക്കുകള്‍ പറയുന്നു. ഇടിയുടെ ഭൂരിപക്ഷം രണ്ട് ലക്ഷത്തിനടുത്തെത്തി. ഹാട്രിക് നേട്ടത്തോടെ ലീഗ് കോട്ട ഭദ്രമാക്കി ഇടി.

പിവി അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം
പിവി അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഫെയ്‌സ്ബുക്ക്‌

അരനൂറ്റാണ്ടിന് ശേഷമാണ് മണ്ഡലത്തില്‍ സിപിഎമ്മിന് പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയുണ്ടാകുന്നത്. 1971ല്‍ എംകെ കൃഷ്ണനാണ് പൊന്നാനിയില്‍നിന്ന് അവസാനമായി അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിച്ചു ജയിച്ചത്. 1962 മുതല്‍ 1971 വരെ മൂന്ന് തവണ പൊന്നാനി ഇടതിനൊപ്പമായിരുന്നു. എംകെ കൃഷ്ണനെ കൂടാതെ ഇമ്പിച്ചി ബാവയും സികെ ചക്രപാണിയും വിജയിച്ചു.

ബിജെപിക്ക് സംസ്ഥാനത്ത് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലങ്ങളില്‍ ഒന്നാണ് പൊന്നാനി. മോദി പ്രഭാവത്തില്‍ കഴിഞ്ഞ തവണ നേടിയ 1,10, 603 വോട്ടാണ് ബിജിപിയുടെ ഉയര്‍ന്ന വേട്ട്. മണ്ഡലപുനര്‍നിര്‍ണയത്തിന് ശേഷം ബിജെപി വോട്ടുകളില്‍ ഗണ്യമായ വര്‍ധനവ് പ്രകടമാണ്. ഇത്തവണ മണ്ഡലത്തില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

സിപിഎമ്മും ലീഗും തമ്മിലാണ് ഇത്തവണത്തെ പോരാട്ടം. കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ നിലപാടുകളാണ് ഇരുകൂട്ടരും ഉയര്‍ത്തിപ്പിടിക്കുന്നത്. ഇത്തവണ പൊന്നാനി കാക്കാന്‍ പുതിയ ആളെയാണ് ലീഗ് കളത്തിലിറക്കിയിരിക്കുന്നത്. അതിജീവനത്തിന്റെ പോരാട്ടത്തില്‍ ജനം എങ്ങോട്ടുചായുമെന്ന് കാത്തിരുന്ന് കാണണം. എല്‍ഡിഎഫ് തുടരുന്ന പരീക്ഷണങ്ങളുടെ വിജയം ഇത്തവണയും ആവര്‍ത്തിക്കുമോ എന്ന് കണ്ടറിയണം. ഇടതുതരംഗത്തില്‍പ്പോലും ഒപ്പം നില്‍ക്കാത്ത മണ്ഡലത്തില്‍ ഹരിതപതാക തന്നെ ഉയര്‍ന്നുപാറുമെന്ന് ലീഗും അട്ടിമറി വിജയം ഉണ്ടാകുമെന്ന് സിപിഎമ്മും പ്രതീക്ഷിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com