

തിരുവനന്തപുരം: ശബരിമലയിലെ ഈ വര്‍ഷത്തെ മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ നവംബര്‍ പത്തിനകം പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. ഈ വര്‍ഷം കൂടുതല്‍ തീര്‍ഥാടകര്‍ എത്താനുള്ള സാധ്യത മുന്‍നിര്‍ത്തി വിപുലമായ സൗകര്യങ്ങളാണു സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും മണ്ഡല, മകരവിളക്കു കാലം മുഴുവന്‍ പൊലീസിന്റെ സേവനം സജ്ജമാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. വിര്‍ച്വല്‍ ക്യൂ സംവിധാനം ഇത്തവണയും തുടരും. 12 കേന്ദ്രങ്ങളില്‍ ബുക്കിങ്ങിനു സൗകര്യമുണ്ടാകും.
തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. സുരക്ഷിത തീര്‍ഥാടനം ഉറപ്പാക്കാന്‍ വിവിധ ഭാഷകളില്‍ അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. അനധികൃത കച്ചവടം തടയാന്‍ നടപടിയെടുക്കും.
കാനനപാതകളടക്കം തീര്‍ഥാടനപാതയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളും തുറന്നുകൊടുക്കുന്നതു മുന്‍നിര്‍ത്തി ഇവിടങ്ങളില്‍ ആവശ്യമായ താത്കാലിക ടോയ്‌ലെറ്റുകളും വിരി ഷെഡ്ഡുകളും സ്ഥാപിക്കുന്നതിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയ്ക്കുള്ള സാഹചര്യമുള്ളതിനാല്‍ തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി പ്രത്യേക ഹസാര്‍ഡ് മെഷര്‍മെന്റ് സ്റ്റഡി നടത്തി അപകട സാധ്യതാ മേഖലകളില്‍ പ്രത്യേക മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.
ശബരിമല സീസണ്‍ പ്രമാണിച്ചു സംസ്ഥാനത്തെ പ്രധാന ഡിപ്പോകളില്‍നിന്നു കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തും. 500 ബസുകളാകും ശബരിമല സ്‌പെഷ്യല്‍ സര്‍വീസിന് ഉപയോഗിക്കുക. 350 ബസുകള്‍ ഇതിനോടകം തയാറായി. 200 ബസുകള്‍ ചെയിന്‍ സര്‍വീസിനും 277 ബസുകള്‍ ദീര്‍ഘദൂര സര്‍വീസിനും ഉപയോഗിക്കും. മകരവിളക്ക് ദിവസം 1000 ബസുകള്‍ സര്‍വീസ് നടത്തും. തീര്‍ഥാടകര്‍ക്കായി സന്നിധാനം, അപ്പാച്ചിമേട്, നീലിമല, പമ്പ, നിലയ്ക്കല്‍ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം ആരോഗ്യ വകുപ്പിന്റെ 24 മണിക്കൂര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കും. 15 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ തുറക്കും. ഇവിടേയ്ക്ക് ആവശ്യമായ മെഡിക്കല്‍ സംഘത്തെ വിന്യസിക്കുന്ന നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഇവരുടെ പരിശീലനവും ഉടന്‍ ആരംഭിക്കും.
പമ്പയിലേക്കുള്ള മുഴുവന്‍ റോഡുകളും സഞ്ചാരയോഗ്യമാക്കുന്നതിനു പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. 16 റോഡുകളില്‍ നിലവില്‍ ജോലികള്‍ പുരോഗമിക്കുന്നുണ്ട്. അഗ്‌നിശമന സേനയുടെ പ്രത്യേക സംഘം മണ്ഡല മകരവിളക്കു കാലത്ത് 24 മണിക്കൂറും സേവനത്തിലുണ്ടാകും. സ്‌കൂബ ഡൈവേഴ്‌സിന്റെ സേവനവും ലഭ്യമാക്കും. ലഹരി പദാര്‍ഥങ്ങള്‍ കര്‍ശനമായി തടയുന്നതിന് വനമേഖലയിലും മറ്റിടങ്ങളിലും എക്‌സൈസ്, പൊലീസ്, ഫോറസ്റ്റ് എന്നിവരുടെ സംയുക്ത പരിശോധനയുണ്ടാകും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates