

തിരുവനന്തപുരം: ശബരിമല ദര്‍ശനം ഉള്‍പ്പെടെ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതി രാജ്ഭവനിലാണ് താമസിക്കുന്നത്. മുഖ്യമന്ത്രിയും ഗവര്‍ണറും ഉള്‍പ്പെടെയുള്ളവര്‍ വിമാനത്താവളത്തിലെത്തിയാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. നാളെയാണ് ദ്രൗപതി മുര്‍മുവിന്റെ ശബരിമല ദര്‍ശനം.
കനത്ത സുരക്ഷാ സംവിധാനങ്ങളാണ് തലസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുള്ളത്. നാളെ രാവിലെ 9.20 ഓടുകൂടി തിരുവനന്തപുരത്തുനിന്ന് ശബരിമലയയിലേക്ക് രാഷ്ട്രപതി യാത്ര തിരിക്കുമെന്നാണ് വിവരം. ഹെലിക്കോപ്റ്ററില്‍ നിലയ്ക്കലില്‍ ഇറങ്ങും എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ കലാവസ്ഥയുള്‍പ്പെടെ പരിഗണിച്ച് ഹെലികോപ്റ്റര്‍ ഇറങ്ങുന്ന സ്ഥലത്തില്‍ മാറ്റം വന്നേക്കും. കോന്നി പൂങ്കാവ് ഇന്‍ഡോര്‍ സ്റ്റേഡിയവും ഇതിനായി പരിഗണിക്കുന്നുണ്ട്. ജില്ലാ ഭരണകൂടങ്ങള്‍ എല്ലാവിധ ഒരുക്കങ്ങളും നടത്തുന്നുണ്ട്. നിലയ്ക്കലില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി പമ്പയിലേക്ക് പോകും എന്നായിരുന്നു ഇതുവരെയുള്ള തീരുമാനം.
നേരത്തെ വ്യക്തമാക്കിയത് പ്രകാരം 10.20ന് നിലയ്ക്കലെത്തുന്ന രാഷ്ട്രപതി റോഡ് മാര്‍ഗം പമ്പയിലെത്തും. പമ്പ ഗണപതി ക്ഷേത്രത്തില്‍ കെട്ട് നിറച്ച ശേഷം, പ്രത്യേക ഗൂര്‍ഖാ ജീപ്പിലാണ് അകമ്പടി വാഹനവ്യൂഹം ഒഴിവാക്കി മലകയറുക. സ്വാമി അയ്യപ്പന്‍ റോഡിലൂടെയാണ് മലകയറ്റം. ഗവര്‍ണറും ഭാര്യയും രാഷ്ട്രപതിക്ക് ഒപ്പമുണ്ടാകും. പന്ത്രണ്ട് മണിയോടെ സന്നിധാനത്തെത്തുന്ന രാഷ്ട്രപതി ദര്‍ശനത്തിന് ശേഷം ദേവസ്വം ഗസ്റ്റ് ഹൗസില്‍ തങ്ങും. ഉച്ചഭക്ഷണത്തിന് ശേഷം മൂന്ന് മണിക്ക് പമ്പയിലേക്ക് തിരിക്കും. രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് നാളെ നിയന്ത്രണം ഉണ്ടാകും. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ട്രയല്‍ റണ്‍ ഇന്ന് നടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
