

കൊല്ലം: ഡോക്ടര്‍ വന്ദന ദാസ് കൊലപാതകക്കേസില്‍ പ്രതി സന്ദീപിന് മാനസിക വൈകല്യമുണ്ടെന്ന വാദം കോടതിയില്‍ അതിസമര്‍ത്ഥമായി പൊളിച്ച് പ്രോസിക്യൂഷന്‍. പ്രതിക്ക് മാനസിക വൈകല്യം ഇല്ല എന്ന് തെളിയിച്ചു. മാത്രമല്ല, പ്രതി സന്ദീപിന് കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള വാസനയുണ്ടെന്ന് കൂടി കോടതിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ട്.സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കലാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായിരുന്നത്.
പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ച കുറ്റകൃത്യങ്ങളെല്ലാം കോടതിയില്‍ തെളിഞ്ഞതായി പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി പടിക്കല്‍ പറഞ്ഞു. പ്രതിക്ക് മാനസിക വൈകല്യം ഉണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം നിലനില്‍ക്കുന്നതല്ലെന്ന് കോടതി കണ്ടെത്തി. കുറ്റകൃത്യത്തിന് ശേഷം, തനിക്ക് അനുകൂലമായ തെളിവ് ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വളരെ ബ്രില്യന്റ് ആയി ഒരു പ്ലോട്ട് ഉണ്ടാക്കിയെടുക്കുകയാണ് പ്രതിയായ സന്ദീപ് ചെയ്തത്.
ഇത്തരമൊരു കുറ്റകൃത്യം നടന്നു കഴിഞ്ഞപ്പോള്‍, സ്വാഭാവികമായും പരിക്കുപറ്റിയ ദൃക്‌സാക്ഷികള്‍ ഉണ്ടെന്ന് മനസ്സിലാക്കിയ, വിദ്യാസമ്പന്നനായ പ്രതി രക്ഷപ്പെടാനായി, മാനസിക വൈകല്യം ഉണ്ടെന്ന് വരുത്തിതീര്‍ക്കുവാനാണ് ശ്രമിച്ചത്. ഇതിനായി ജയിലിലെ ലൈബ്രറിയില്‍ നിന്നും മനശ്ശാസ്ത്ര പുസ്തകങ്ങള്‍ എടുത്തു വായിച്ചു പഠിച്ചു. തന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വരുന്ന മെഡിക്കല്‍ കോളജിലെ വിദഗ്ധരായ സൈക്യാട്രി ഡോക്ടര്‍മാരെ കബളിപ്പിക്കാനും, മിസ് ലീഡു ചെയ്യാനും ഉതകുന്ന തരത്തില്‍ മറുപടികള്‍ നല്‍കി.
കൂടാതെ സ്‌കീസോഫ്രേനിയ പ്രതിക്ക് ഉണ്ട് എന്നുള്ള തരത്തിലേക്ക് വരുത്തുവാന്‍ വേണ്ടിയുള്ള പരമാവധി ശ്രമമാണ് പ്രതിഭാഗം നടത്തിയത്. എന്നാല്‍ പ്രതി നടത്തിയ എല്ലാ ശ്രമങ്ങളും, തെളിവുണ്ടാക്കാന്‍ വേണ്ടി നടത്തിയ കപടമായ ശ്രമങ്ങള്‍ മാത്രമാണെന്ന് കോടതിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. അതിന്റെ ഫലമാണ് പ്രതി കുറ്റക്കാരനാണെന്നും, മാനസിക വൈകല്യമില്ലെന്നുമുള്ള കോടതി വിധി വ്യക്തമാക്കുന്നത്.
പ്രതിയെ കസ്റ്റഡിയിലെടുത്ത ഉടന്‍ തന്നെ, സന്ദീപിന് മാനസിക വൈകല്യം ഉണ്ടെന്ന തര്‍ക്കം ഉന്നയിക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് മൂന്നാം ദിവസം തന്നെ തിരുവനന്തപുരത്തെ ഡോക്ടര്‍ അരുണ്‍ എന്ന സൈക്യാട്രിസ്റ്റിനെക്കൊണ്ട് പരിശോധിപ്പിച്ചിരുന്നു. ഡോക്ടറുടെ റിപ്പോര്‍ട്ടും മൊഴിയും പൊലീസ് ശേഖരിക്കുകയും ചെയ്തിരുന്നു. പ്രതിക്ക് യാതൊരു തരത്തിലുള്ള മാനസിക വിഭ്രാന്തിയും ഇല്ലെന്ന് കണ്ടെത്താനും സാധിച്ചിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.
കുറ്റകൃത്യം നടന്ന് ഒമ്പതാം ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് വീണ്ടും സന്ദീപിനെ പരിശോധിച്ചു. പ്രതിക്ക് ഒരു മാനസിക വൈകല്യവും ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം വീണ്ടും പിറ്റേമാസം പ്രതിയെ വീണ്ടും ഇന്റര്‍വ്യൂ നടത്തി. അപ്പോഴാണ് ജയിലിലെ ലൈബ്രറിയില്‍ നിന്നും മനശ്ശാസ്ത്ര പുസ്തകങ്ങള്‍ വായിച്ചു പഠിച്ച് ഡോക്ടര്‍മാരെ മിസ് ലീഡ് ചെയ്യാന്‍ ശ്രമിച്ചത്.
തനിക്ക് മൂന്നാമതൊരു ശബ്ദം കേള്‍ക്കാന്‍ കഴിയുന്നുണ്ടെന്നും, തനിക്ക് സ്‌കീസോഫ്രീനിയയുടെ പ്രശ്‌നങ്ങളുണ്ടെന്നുമായിരുന്നു സമര്‍ത്ഥിച്ചത്. കോടതിയില്‍ വിചാരണ വേളയില്‍ പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് സന്ദീപിന്റെ സഹപ്രവര്‍ത്തകരായ അഭിഭാഷകര്‍ കോടതിയില്‍ വെളിപ്പെടുത്തി. കുറ്റകൃത്യത്തിന്റെ തലേദിവസം വരെ പ്രതിക്ക് അത്തരം ഭാവവ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞെന്നും കോടതി കണ്ടെത്തി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രതിക്കുള്ള ശിക്ഷ മറ്റന്നാള്‍ പ്രസ്താവിക്കും. 2023 മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ വന്ദനാദാസിനെ പ്രതി സന്ദീപ് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates