കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതി ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന്റെയും ഒപ്പമുള്ള മറ്റു പ്രതികളുടെയും മൊബൈൽ ഫോണുകൾ പരിശോധനയ്ക്ക് അയക്കുന്നത് സംബന്ധിച്ചും ഹൈക്കോടതി ഇന്ന് തീരുമാനം പറയും. ഇന്ന് ഉച്ചയ്ക്ക് 1.45-നാണ് ഉപഹർജി പരിഗണിക്കുന്നത്. ഫോണുകൾ ഏത് ഫോറൻസിക് ലാബിലേക്ക് അയക്കണം എന്നതിനെക്കുറിച്ച് കോടതി നിർദ്ദേശം നൽകും.
ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഏഴ് മൊബൈൽ ഫോണുകളിൽ ആറെണ്ണമാണ് ഇന്നലെ ദീലീപ് അടക്കമുള്ള പ്രതികൾ ഹൈക്കോടതിക്ക് കൈമാറിയത്. ദിലീപിന്റെ മൂന്ന് മൊബൈൽ ഫോണും സഹോദരൻ അനൂപിന്റെ രണ്ട് ഫോണും സഹോദരീഭർത്താവ് സൂരജിന്റെ ഒരു ഫോണും തിങ്കളാഴ്ച 10.15-നുമുമ്പ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് മുൻപാകെ ഹാജരാക്കണമെന്നായിരുന്നു കോടതി നിർദേശം.
റെഗുലർ ജാമ്യത്തിനു പോലും അർഹതയില്ല
ഇനിയും പ്രതികൾക്ക് അറസ്റ്റിൽനിന്നു സംരക്ഷണം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മുൻകൂർ ജാമ്യത്തിനല്ല, റെഗുലർ ജാമ്യത്തിനു പോലും പ്രതികൾക്ക് അർഹതയില്ലെന്നാണ് പ്രോസിക്യൂഷൻ കോടതിയില‍്‍ പറഞ്ഞത്. പ്രതിയാണ് ഇവിടെ വ്യവസ്ഥകൾ നിർദേശിക്കുന്നത്. ഫോണുകൾ കൈവശമുണ്ട്, എന്നാൽ കൈമാറാനാവില്ലെന്നാണ് പ്രതി പറഞ്ഞത്. ഈ പ്രതിക്ക് എന്താണിത്ര പ്രത്യേകത? മുൻകൂർ ജാമ്യം അനുവദിച്ചാൽ അതു തെറ്റായ കീഴ്വഴക്കം ആവുമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. അന്വേഷണം ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പ്രതികൾ അന്വേഷണവുമായി സഹകരിക്കുമെന്ന പ്രതീക്ഷിയില്ലെന്നും മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടിഎ ഷാജി കോടതിയിൽ ആവശ്യപ്പെട്ടു.
വീട്ടിലെ സകല പുരുഷന്മാരേയും കേസിൽ പ്രതിചേർത്തു
അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും കേസന്വേഷണവുമായി പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും ദിലീപിന്റെ അഭിഭാഷകൻ ബി രാമൻപിള്ള കോടതിയെ അറിയിച്ചു. ദിലീപിന്റെ വീട്ടിലെ സകല പുരുഷന്മാരേയും കേസിൽ പ്രതിചേർത്തു. അദ്ദേഹത്തിന്റെ വീട്ടിൽ ഇനി 84 വയസ്സുള്ള അമ്മയും സ്ത്രീകളും മാത്രമാണ് കേസിലുൾപ്പെടുത്താനുള്ളത് തുടങ്ങിയ കാര്യങ്ങളാണ് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. ഏതു വിധേനയും തന്നെ കസ്റ്റഡിയിൽ കിട്ടുകയെന്നാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യമെന്ന് ദിലീപ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates