തിരുവനന്തപുരം; 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പതാക ഉയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കോവിഡ് മാനദണ്ഡ പ്രകാരമായിരുന്നു ചടങ്ങുകള്‍. ഭണഘടന മൂല്യങ്ങള്‍ ഫലവത്താക്കാന്‍ കഴിഞ്ഞ ഏഴര പതിറ്റാണ്ടില്‍ നമുക്ക് കഴിഞ്ഞോ എന്ന് ആത്മപരിശോധിക്കുമ്പോഴാണ് സ്വാതന്ത്ര്യദിനാഘോഷം അര്‍ത്ഥപൂര്‍ണമാകുന്നതെന്ന് മുഖ്യമന്ത്രി .
തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങള്‍ പൗരനെ സംബന്ധിച്ചിടത്തോളം മൗലികമാണെന്ന് ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മത നിരപേക്ഷതയും സോഷ്യലിസ്റ്റ് കാഴ്ചപ്പാടും നാനാത്വമെന്ന ബഹുസ്വരതയുടെ സമീപനങ്ങളും ഏകത്വവും അതിന്റെ കരുത്തായി നിലകൊള്ളുകയാണ്. പാര്‍ലമെന്ററി ജനാധിപത്യവും ഭരണഘടനാ സ്ഥാപനങ്ങളുമെല്ലാം ഭരണഘടന വിഭാവനം ചെയ്ത രീതിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് നമ്മുടെ കാഴ്ചപ്പാടുകള്‍ പ്രാവര്‍ത്തികമാകുക. ഭരണഘടന മൂല്യങ്ങള്‍ പ്രാവര്‍ത്തികമാകുന്നതിലുള്ള പ്രതിജ്ഞ സ്വാതന്ത്ര്യ ദിനത്തിലെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ മേഖലകളിലും നമ്മള്‍ മുന്നോട്ടുപോയി. എന്നാല്‍ ഈ മാറ്റങ്ങളെ ഉപയോഗപ്പെടുത്തി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും അവര്‍ക്കിടയിലുള്ള അന്തരം ഇല്ലാതാക്കുന്നതിനും നമുക്കിനിയും മുന്നോട്ടു പോകാനുണ്ട്. ഭരണഘടനാ പരമായ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സാമൂഹികവും സാമ്പത്തികവുമായ സമത്വം ഉറപ്പുവരുത്തുന്നതിനുമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും അത് നീതിയുക്തമായി വിതരണം ചെയ്യുന്നതിനുമുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനും ഉന്നതവിദ്യാഭ്യാസത്തെ കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനും ഊന്നല്‍കൊടുക്കേണ്ടതുണ്ട്. പ്രകൃതിയേയും ചേര്‍ത്തു പിടിച്ചുകൊണ്ടുള്ള വികസനമാണ് നടത്തേണ്ടത്. പരിസ്ഥിതി സൗഹൃദ വികസനനയം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates