

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടാനുള്ള സംസ്‌ഥാന സർക്കാർ ശുപാർശ പിഎസ്‌സി അംഗീകരിച്ചു. 2021 ഫെബ്രുവരി അഞ്ചിനും ആഗസ്‌ത് മൂന്നിനും ഇടയ്ക്ക് കാലാവധി അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്‌റ്റുകളുടെയും കാലാവധി 2021 ആഗസ്‌ത് നാലുവരെ നീട്ടാനാണ് വെള്ളിയാഴ്‌ച ചേർന്ന കമ്മീഷൻയോഗം തീരുമാനിച്ചത്.
ദീർഘിപ്പിക്കുന്ന എല്ലാ റാങ്ക്പട്ടികകൾക്കും ആഗസ്‌ത് നാലുവരെയോ ഈ തസ്തികകൾക്ക് പുതിയ റാങ്ക് ലിസ്റ്റ് വരുന്നത് വരെയോ ഏതാണോ ആദ്യം അന്നുവരെ കാലാവധി ലഭിക്കും. 493 റാങ്ക് ലിസ്റ്റുകളാണ് ദീർഘിപ്പിക്കുന്നവയിൽ ഉൾപ്പെടുന്നത്.ഫെബ്രുവരി രണ്ടുമുതൽ ആഗസ്‌ത് രണ്ടുവരെ കാലാവധി കഴിയുന്ന ലിസ്റ്റുകൾ നീട്ടാനാണ് സർക്കാർ ശുപാർശ ചെയ്‌തിരുന്നത്. എന്നാൽ അഞ്ചുമുതലുള്ള ലിസ്‌റ്റുകളാണ് നീട്ടുന്നത്. രണ്ടിനും അഞ്ചിനുമിടയിൽ കാലാവധി തീരുന്ന ലിസ്‌റ്റുകൾ ഇല്ല.
ഉദ്യോഗാർഥികളുടെ ആവശ്യം പരിഗണിച്ചാണ് കാലാവധി നീട്ടാനുള്ള നിർദേശം സർക്കാർ സമർപ്പിച്ചത്. എല്ലാ ജില്ലയിലെയും എൽഡിസി, എൽജിഎസ്, ഡ്രൈവർ, സ്‌റ്റാഫ് നേഴ്‌സ് ഉൾപ്പെടെ 493 തസ്തികയിൽ റാങ്ക് പട്ടികയിലുള്ളവർക്ക് തീരുമാനം പ്രയോജനപ്പെടും. ഏപ്രിൽ, മെയ് മാസങ്ങളിൽ സർക്കാർ സർവീസിൽനിന്ന് വൻതോതിൽ ജീവനക്കാർ വിരമിക്കുന്നുണ്ട്. ഈ ഒഴിവുകളിലേക്ക് നിലവിലുള്ള റാങ്ക് പട്ടികയിൽ നിന്ന് നിയമനം ലഭിക്കാനുള്ള സാധ്യതയാണ് വർധിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates