സ്മാര്‍ത്ത വിചാരത്തിന്റെ കഥ പറഞ്ഞ് തുടക്കം; 'ഒരു പുരുഷനും സ്ത്രീയും തമ്മില്‍ കണ്ടാല്‍ അവിടെ അവിഹിതം മാത്രമേ നടക്കൂ എന്നാണോ പ്രതിപക്ഷ അംഗങ്ങള്‍ ധരിച്ചിരിക്കുന്നത്?'

വാഹനത്തില്‍ ചാക്കോയുടെ കൂടെയുണ്ടായിരുന്നത് നെറ്റിയില്‍ പൊട്ടു തൊട്ടൊരു സ്ത്രീയായിരുന്നുവെന്നും, അത് അദ്ദേഹത്തിന്റെ ഭാര്യയല്ലെന്നുമുള്ള വാര്‍ത്ത സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചു.
pt chacko
pt chacko
Updated on
3 min read

തിരുവന്തപുരം: 'ഒരു സ്ത്രീയും പുരുഷനും തമ്മില്‍ കണ്ടാല്‍ അത് അവിഹിതത്തിന് വേണ്ടി മാത്രമാണെന്നാണോ നിങ്ങള്‍ കരുതുന്നത്? ഇത് സ്മാര്‍ത്തവിചാരമാണ്'. കേരള നിയമസഭയില്‍ 'മോറല്‍ പൊലീസിങ്ങിന്' വിധേയനാകേണ്ടി വന്നൊരു സാമാജികന്‍ ഉറക്കെ ചോദിച്ചതാണിത്. തന്റെ നേര്‍ക്കുയര്‍ന്ന ചോദ്യശരങ്ങള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടികള്‍ നല്‍കി സ്ത്രീ-പുരുഷ ബന്ധമെന്നാല്‍ അവിഹിതം മാത്രമല്ലെന്ന് വാദിച്ചത് മുന്‍ ആഭ്യന്തര മന്ത്രി പിടി ചാക്കോയാണ്. നിയമസഭാരേഖകളിലുണ്ട് മണിക്കൂറുകള്‍ നീണ്ട ആ വിചാരണയുടെ ചരിത്രം. ചാക്കോയുടെ അറുപത്തിയൊന്നാം ചരമവാര്‍ഷികമാണിന്ന്.

മനോഹരമായ ഇംഗ്‌ളീഷില്‍ തന്റെ ഭാഗം ന്യായീകരിച്ച ആഭ്യന്തര മന്ത്രി ചാക്കോയുടെ അന്നത്തെ പെര്‍ഫോമന്‍സ് വായിക്കുമ്പോള്‍ ഒരു സിനിമാറ്റിക് ഫീലാണ്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ചയിലാണ് പ്രതിപക്ഷ അംഗങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ചാക്കോയെ വിമര്‍ശിച്ചത്. 1963 ഡിസംബര്‍ എട്ടിന് പീച്ചിക്ക് പോവുകയായിരുന്ന ചാക്കോയുടെ ഔദ്യോഗിക കാര്‍ തൃശൂര്‍-വാണിയമ്പാറ റോഡില്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നുണ്ടായ വിവാദമാണ് നിയമസഭയിലും ചര്‍ച്ചയായത്. മന്ത്രിയോടിച്ച കാര്‍ ഒരു ഉന്തുവണ്ടിയില്‍ തട്ടി മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചാക്കോ കാര്‍ നിര്‍ത്താതെ ഓടിച്ച് പോയി. വാഹനത്തില്‍ ചാക്കോയുടെ കൂടെയുണ്ടായിരുന്നത് നെറ്റിയില്‍ പൊട്ടു തൊട്ടൊരു സ്ത്രീയായിരുന്നുവെന്നും, അത് അദ്ദേഹത്തിന്റെ ഭാര്യയല്ലെന്നുമുള്ള വാര്‍ത്ത സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചു.

pt chacko
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് യുവ ഡോക്ടര്‍; വേടനെതിരെ കേസ്

കുട്ടിക്കാലത്ത് തന്റെ നാട്ടിലെ ഒരു നമ്പൂതിരിയില്ലത്തില്‍ നടന്ന സ്മാര്‍ത്തവിചാരത്തിന്റെ കഥ പറഞ്ഞാണ് ചാക്കോ പ്രസംഗം ആരംഭിച്ചത്. ബന്ധുവല്ലാത്ത ഒരു യുവാവിനോട് സംസാരിച്ചു എന്നതായിരുന്നു കുറ്റം. പെണ്‍കുട്ടിയുടെ വിശദീകരണം കേള്‍ക്കാന്‍ ക്ഷമ കാട്ടാതെ അവളെ ചവിട്ടിപ്പുറത്താക്കിയ അപ്ഫനോടാണ് പ്രതിപക്ഷ നേതാവ് ഇഎം എസ് നമ്പൂതിരിപ്പാടിനെ ചാക്കോ ഉപമിച്ചത്. നമ്പൂതിരിപ്പാടിന്റെ പടയാളികള്‍ തന്നെയും സ്മാര്‍ത്തവിചാരം നടത്തി സഭയില്‍ നിന്നും നാട്ടില്‍ നിന്ന് തന്നെയും പുറത്താക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

pt chacko
എന്നെ വേട്ടയാടുന്നു, ബലാത്സംഗക്കേസ് ആസൂത്രിതം; തെളിവ് പുറത്തുവിടും; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് വേടന്‍

തന്റെ പ്രസംഗത്തില്‍ ചാക്കോയെ നിശിതമായ വിമര്‍ശിച്ച ഇഎംഎസ് രാജി ആവശ്യപ്പെടുകയും ചെയ്തു. അപകടശേഷം മന്ത്രി ആശൂപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചില്ല, വിവരം ഡിവൈഎസ്പിയെ അറിയിച്ചില്ല എന്നതൊക്കെയായിരുന്നു പ്രധാന ആരോപണങ്ങള്‍. കൂട്ടത്തില്‍ ഒരൊളിയമ്പും: 'മന്ത്രി ക്രിമിനല്‍ നിയമവും മനുഷ്യത്വ നിയമവും ലംഘിച്ചു. അങ്ങനെ സംശയിക്കുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സംശയത്തിനുള്ള സാഹചര്യമുണ്ട്'.

'അദ്ദേഹത്തിന്റെ നടപടിയിലടങ്ങിയ സാന്മാര്‍ഗിക പ്രശ്നത്തിന്റെ കാര്യം മാറ്റിവച്ച്, ഒരു 'സഹപ്രവര്‍ത്തക' കാറിലുണ്ടായിരുന്ന് എന്ന് തന്നെ കണക്കാക്കിയാലും, കാറു വിട്ട്..., മൂന്നു പേരെ ആശൂപത്രിയില്‍ അയച്ച കേസ് ചാര്‍ജ് ചെയ്യാതെ ഇത്രയും കാലം ഇരുന്നിരുന്നുവെന്നുണ്ടെങ്കില്‍ അത് മാത്രം മതി ഈ മന്ത്രിയുടെ ഇന്റഗ്രിറ്റിയെ ചോദ്യം ചെയ്യാന്‍' ഇഎംഎസ് പറഞ്ഞു.

ചാക്കോ എല്ലാ ആരോപണങ്ങള്‍ക്കും അക്കമിട്ട് മറുപടി പറഞ്ഞു. അപകടം നടന്നിട്ട് വണ്ടി നിര്‍ത്താഞ്ഞതില്‍ താന്‍ പശ്ചാത്തപിക്കുന്നു. കാറിന്റെ ഇടതു മഡ്ഗാര്‍ഡ് ഉന്തുവണ്ടിയുടെ തണ്ടില്‍ തട്ടിയതായി മനസിലാക്കിയതാണ്, പക്ഷെ വണ്ടി മറിഞ്ഞെന്നോ ആര്‍ക്കെങ്കിലും പരിക്ക് പറ്റിയെന്നോ അറിഞ്ഞിരുന്നില്ല. പള്ളിപ്പെരുന്നാള്‍ കാരണം വഴിയില്‍ നിറയെ ആളായിരുന്നു. 'തെറ്റോ ശരിയോ, ആ തിരക്കില്‍ വണ്ടി നിര്‍ത്താന്‍ എനിക്ക് തോന്നിയില്ല. ഉള്ളത് പറയട്ടെ, ഞാന്‍ ആ റിസ്‌ക് എടുക്കാന്‍ തയ്യാറായിരുന്നെങ്കിലും എന്റെ കൂടെയുണ്ടായിരുന്ന സ്ത്രീയെ അങ്ങനെയൊരു സാഹചര്യത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ എന്റെ മനസ്സനുവദിച്ചില്ല. അല്‍പ്പദൂരം മുമ്പോട്ടെത്തിയപ്പോള്‍ വഴിയില്‍ കണ്ട കോണ്‍സ്റ്റബിളിനോട് അവിടേക്ക് പോകാന്‍ നിര്‍ദേശിച്ചു. കുറച്ചു കൂടി മുന്‍പോട്ട് പോയി ടെലഫോണ്‍ ഉള്ള സ്ഥലം കണ്ടെത്തി അവിടന്ന് പൊലീസിനെ വിളിച്ച് അറിയിക്കുകയും ചെയ്തു.

സംഭവസമയം കാര്‍ താനല്ല ഓടിച്ചിരുന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. അന്ന് തന്നെ അന്വേഷണ ഉദ്യോഗസ്ഥനോട് ഇക്കാര്യം അറിയിച്ചു. തന്റെ ലൈസന്‍സിന്റെ കാലാവധി അപകടത്തിന്റെ തലേന്ന് അവസാനിച്ചതാണെങ്കിലും മോട്ടോര്‍ വാഹന നിയമപ്രകാരം ഒരു മാസത്തെ ഗ്രേസ് പീരിയഡ് സമയത്തും വാഹനം ഓടിക്കാവുന്നതാണ്. വണ്‍വേ ട്രാഫിക് നിയമം ലംഘിച്ചു എന്നതും തെറ്റാണ്. തൃശൂര്‍-വാണിയമ്പാറ റോഡില്‍ വണ്‍വെ ട്രാഫിക്കല്ല.

ചര്‍ച്ചയില്‍ മന്ത്രിയുടെ നിയമലംഘനങ്ങളില്‍ ഊന്നി മാത്രം ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ പ്രതിപക്ഷത്ത് ഉണ്ടായിരുന്നു. പക്ഷേ, ഇ.പി. ഗോപാലനെ പോലെ ചിലര്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളും, അനാശാസ്യ ആരോപണങ്ങളും മസാലയായി ചേര്‍ത്ത് സംഗതി കൊഴുപ്പിക്കാന്‍ നോക്കി. പെരിന്തല്‍മണ്ണയില്‍ നിന്നുള്ള കമ്മ്യൂണിസ്‌റ് പാര്‍ട്ടി പ്രതിനിധിയായിരുന്നു ഗോപാലന്‍. മന്ത്രിയെ വിമര്‍ശിക്കാന്‍ തുനിഞ്ഞ കെആര്‍ ഗൗരിക്കെതിരെയും ചിലര്‍ ആക്ഷേപ പരാമര്‍ശങ്ങള്‍ നടത്തി.

ചാക്കോയുടെ പ്രസംഗത്തിനിടയില്‍ ഇടപെടാന്‍ ശ്രമിച്ച ഗൗരിയെയും മറ്റു ചിലരെയും സ്പീക്കര്‍ അനുവദിച്ചില്ല. സഹികെട്ട് ഗൗരിയമ്മ സ്പീക്കറോട് ഇങ്ങനെ ചോദിച്ചു: 'എനിക്കെങ്കിലും ചോദിക്കാമോ; ഞാന്‍ വേറൊന്നും ചോദിക്കുകയില്ല.'

ഉടന്‍ വന്നു ബാലുശേരിയില്‍ നിന്നുള്ള സ്വതന്ത്ര അംഗം എം നാരായണ കുറുപ്പിന്റെ കമന്റ്: 'എനിക്കെങ്കിലും ചോദിക്കാമോ എന്നുള്ളതില്‍ അന്തര്‍ലീനമായിട്ടുള്ള സ്വരം എന്താണ്?' കൊയിലാണ്ടിയില്‍ നിന്നുള്ള പിഎസ്പി അംഗം പി.എം. കുഞ്ഞിരാമന്‍ നമ്പ്യാരും കൂട്ടിനെത്തി: 'ശ്രീ നാരായണക്കുറുപ്പ് അന്തര്‍ഭവിച്ചിട്ടുള്ള കാര്യമാണ് ചോദിച്ചത്; അതൊന്നു പറഞ്ഞു കൊടുക്കാമോ'

തന്റെമേല്‍ അസാന്മാര്‍ഗികത ആരോപിച്ച ഗോപാലനും കൂട്ടര്‍ക്കും ചാക്കോയുടെ മറുപടി ഇങ്ങനെയായിരുന്നു: 'സര്‍ അസാന്മാര്‍ഗികതയാണ് എന്റെ പേരിലുള്ള മറ്റൊരാരോപണം. ഞാന്‍ പറഞ്ഞല്ലോ കോണ്‍ഗ്രസിലെ എന്റെയൊരു സഹപ്രവര്‍ത്തകയുമായാണ് ഞാന്‍ യാത്ര ചെയ്തത്. എന്താണതിലിത്രയും പറയാനുള്ളത്? ഞാനവരുടെ പേരും പറഞ്ഞു. എട്ടാം തീയതി തന്നെ എന്നെ സന്ദര്‍ശിച്ചവരോട് ഞാനവരുടെ പേര് വെളിപ്പെടുത്തിയിരുന്നു.'

'ഒരു പുരുഷനും സ്ത്രീയും തമ്മില്‍ കണ്ടാല്‍ അവിടെ അവിഹിതം മാത്രമേ നടക്കൂ എന്നാണോ പ്രതിപക്ഷ അംഗങ്ങള്‍ ധരിച്ചിരിക്കുന്നത്? ഇവിടെ ഇ പി ഗോപാലന്‍ ഇമ്മോറല്‍ ട്രാഫിക് ആക്ടിനെ കുറിച്ച് പരാമര്‍ശിച്ച് കേട്ടു. എന്നേക്കാള്‍ അതിനെപ്പറ്റി കൂടുതല്‍ അറിയാവുന്നത് അദ്ദേഹത്തിനാവും. പക്ഷെ ഒന്ന് ഞാന്‍ പറയാം ആ നിയമത്തിന്റെ പരിധിയില്‍ പെടുന്ന ഒന്നും അദ്ദേഹത്തിനിതില്‍ കണ്ടെത്താനാവില്ല'.

വാല്‍ക്കഷ്ണം: കൊച്ചിയിലുള്ളൊരു കോണ്‍ഗ്രസ് പ്രവര്‍ത്തക പദ്മം എസ്. മേനോനാണ് തന്റെ കാറില്‍ ഉണ്ടായിരുന്നതെന്നാണ് ചാക്കോ അവകാശപ്പെട്ടത്. പദ്മവും പത്രക്കാരോട് അങ്ങനെ തന്നെയാണ് അന്ന് പറഞ്ഞത്. പില്‍കാലത്ത് താനല്ല ആ വണ്ടിയില്‍ ഉണ്ടായിരുന്നതെന്നും മറ്റൊരു സ്ത്രീയായിരുന്നുവെന്നും പദ്മം വെളിപ്പെടുത്തി.എന്തായാലും സംഭവം കാരണം ചാക്കോയ്ക്ക് മന്ത്രി സ്ഥാനം നഷ്ടമായി. മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ നിര്‍ദേശ പ്രകാരം 1964 ഫെബ്രുവരി 20 ന് ചാക്കോ രാജി വച്ചു. ശേഷം അഭിഭാഷക വൃത്തിയിലേക്ക് മടങ്ങിയ ചാക്കോ കോഴിക്കോട് വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് 1964 ജൂലൈ 31 ന് 49ാം വയസില്‍ അന്തരിച്ചു.

Summary

Pt Chacko's 61st death anniversary.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com