കൊച്ചി : ലവ് ജിഹാദിന് പുറമെ നര്‍ക്കോട്ടിക് ജിഹാദും സംസ്ഥാനത്തുണ്ടെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് എംഎല്‍എ. പാലാ ബിഷപ്പിന്റേതായി പുറത്തുവന്ന വാര്‍ത്ത സമുദായ സൗഹാര്‍ദം വളര്‍ത്താന്‍ ഉപകരിക്കുന്നതല്ല എന്നാണ് പി ടി തോമസിന്റെ നിലപാട്. അതേസമയം പാലാ ബിഷപ്പിനെ പിന്തുണച്ച് കെസിബിസി മുന്‍ വക്താവ് വര്‍ഗീസ് വള്ളിക്കാട്ട് രംഗത്തെത്തി.
സാമ്പത്തിക ലാഭവും വ്യക്തികളുടെ സ്വര്‍ത്ഥതയുമാണ് കുറ്റകൃത്യങ്ങളുടെ കാതലെന്നാണ് പി ടി തോമസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്. ജാതി മതാടിസ്ഥാനത്തില്‍ കുറ്റവാളികള്‍ പ്രവര്‍ത്തിക്കുന്നതു ആധുനിക കാലഘട്ടത്തില്‍ വിരളമാണ്. ഇത്തരം നിരീക്ഷണങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന വിള്ളല്‍ അപകടരമാണ്.എന്നും മത സൗഹാര്‍ദ്ധം പുലര്‍ത്തിപോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ആരും ഇന്ധനം നല്‍കരുത്. പി ടി തോമസ് ആവശ്യപ്പെട്ടു.
എന്നാല്‍ പാലാ ബിഷപ്പ് പറഞ്ഞതില്‍ യാതൊരു തെറ്റുമില്ലെന്നാണ് കെസിബിസി മുന്‍ വക്താവ് സൂചിപ്പിക്കുന്നത്. ബിഷപ്പ് പറഞ്ഞതിനെതിരെ രംഗത്തു വരുന്നവര്‍, മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞ കാര്യം കൂടി പരിശോധിക്കണമെന്നും വര്‍ഗീസ് വള്ളിക്കാട്ട് പറയുന്നു. ക്രൈസ്തവ സഭയ്ക്ക് അകത്ത് നിരവധി പേര്‍ ബിഷപ്പിനെ അനുകൂലിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
സംസ്ഥാനത്തെ ക്രൈസ്തവ, ഹിന്ദു പെണ്‍കുട്ടികളെ പ്രണയത്തില്‍ കുടുക്കിയോ വശീകരിച്ചോ തീവ്രവാദ പ്രസ്ഥാനങ്ങളിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ ശ്രമമുണ്ട്. മറ്റു മതങ്ങളെ തകര്‍ക്കാന്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നതായും ബിഷപ്പ് ജോസഫ് കല്ലറങ്ങാട് പറഞ്ഞിരുന്നു.
നമ്മുടെ ജനാധിപത്യ രാജ്യത്ത് ആയുധമെടുത്ത് മറ്റു മതസ്ഥരെ നശിപ്പിക്കുക എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞ ജിഹാദികള്‍, ആരും എളുപ്പത്തില്‍ തിരിച്ചറിയാത്ത മറ്റു മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. ജിഹാദികളുടെ കാഴ്ചപ്പാടില്‍ അമുസ്ലിങ്ങള്‍ ( മുസ്ലിങ്ങളല്ലാത്തവര്‍) നശിപ്പിക്കപ്പെടേണ്ടവരാണ്. എങ്ങനെ ഒരു പെണ്‍കുട്ടിയെ വശത്താക്കാന്‍ സാധിക്കുന്നതെന്ന് വിദഗ്ധ പരിശീലനം നേടിയവരാണ് ജിഹാദികളെന്നും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട് പറഞ്ഞു
കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് സെന്ററുകളാകുന്നു എന്ന് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞിട്ടുണ്ട്.തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകളുണ്ടെന്നും ബെഹ്‌റ പറഞ്ഞിരുന്നു എന്നും ബിഷപ്പ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates