

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട സ്ത്രീയെ എന്തുകൊണ്ട് പ്രോസിക്യൂഷന്‍ സാക്ഷിയാക്കിയില്ലെന്ന് വിചാരണക്കോടതി. നടിക്കെതിരായ ആക്രമണത്തിന് തൊട്ടുമുമ്പ് പള്‍സര്‍ സുനി, ശ്രീലക്ഷ്മി എന്ന് പേരുളള യുവതിയുമായി ഫോണില്‍ സംസാരിച്ചു. ഈ സ്ത്രീക്ക് ഈ കൃത്യത്തെപ്പറ്റി അറിയാമായിരുന്നോ എന്നതിന് പോലും പ്രൊസിക്യൂഷന് കൃത്യമായ വിശദീകരണമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ഈ സ്ത്രീയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്നും കോടതി ചോദിച്ചു. ശ്രീലക്ഷ്മി എന്ന സ്ത്രീ സംഭവ ദിവസം സുനിയുമായി എന്തിന് നിരന്തരം ബന്ധപ്പെട്ടു. ഇരുവരും തമ്മിലെ ആശയവിനിമയം എന്തിനെക്കുറിച്ചായിരുന്നെന്നും കോടതി ചോദിച്ചു. ഗൂഢാലോചനക്കേസില്‍ നിര്‍ണായകമാകേണ്ടിയിരുന്ന തെളിവ് ഹാജരാക്കിയില്ല. പള്‍സര്‍ സുനി പറഞ്ഞ മാഡം ആര് എന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ത്രീ നല്‍കിയ ക്വട്ടേഷനാണെന്നാണ് ആക്രമിക്കുന്നതിനിടെ പള്‍സര്‍ സുനി നടിയോട് പറഞ്ഞത്.
അങ്ങനെയൊരു സ്ത്രീയുണ്ടോ, ഇല്ലെങ്കില്‍ എന്തുകൊണ്ട് അത്തരത്തില്‍ പറഞ്ഞു തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ മറുപടി നല്‍കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി പറയുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വാസയോഗ്യമല്ല. ദിലീപുമായുള്ള എല്ലാ കൂടിക്കാഴ്ചകളും പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഡിസംബര്‍ 26ന് നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് പള്‍സര്‍ സുനി ഒരിടത്തും പറഞ്ഞിട്ടില്ല. ബാലചന്ദ്ര കുമാര്‍ മാത്രമാണ് അത്തരമൊരു കാര്യം പറഞ്ഞതെന്നും കോടതി വിധിന്യായത്തില്‍ പറയുന്നു.
ദിലീപും പൾസർ സുനിയും വളരെ രഹസ്യമായിട്ടാണ് ക്വട്ടേഷൻ ഗൂഡാലോചന നടത്തിയതെന്നാണ് പ്രോസിക്യൂഷൻ വാദം. തങ്ങൾ തമ്മിലുളള ബന്ധം പുറത്തറിയാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നുവെന്നാണ് പറയുന്നത്. എന്നാൽ പൾസർ സുനിയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന ദിലീപിനെ ആലുവയിലെ വീട്ടിൽ വെച്ച് കണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞത്. ദിലീപിന്റെ കയ്യിൽ നിന്നും പണം വാങ്ങിപ്പോയെന്നും പറയുന്നു. ഈ രണ്ടു കാര്യവും എങ്ങനെ ഒത്തുപോകുമെന്നും കോടതി വിധിന്യായത്തിൽ ചോദിക്കുന്നു.
നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്റെ വീഴ്ചകള്‍ എണ്ണിപ്പറയുന്നതിനിടെയാണ് ഈ ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചത്. ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ക്കപ്പുറത്ത് വിശ്യാസ യോഗ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി അടക്കം ആറുപ്രതികളെ ശിക്ഷിക്കുകയും നടന്‍ ദിലീപ് ഉല്‍പ്പെടെ നാലുപേരെ വെറുതെ വിടുകയും ചെയ്ത വിധിന്യായത്തിലാണ് കോടതി പ്രോസിക്യൂഷന്‍ വീഴ്ചകള്‍ വിശദീകരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates