

കോഴിക്കോട്: സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തില്‍ പ്രതി അഭിലാഷിന്റെ മൊഴി പുറത്തായി. സത്യനാഥന്‍ തന്നെ മനഃപൂര്‍വം അവഗണിച്ചതായി പ്രതി അഭിലാഷ് (32) മൊഴി നല്‍കി. ഇന്നലെ രാത്രി വൈകി മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡിലാണ്.
പാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്നു തന്നെ മാറ്റിനിര്‍ത്തിയെന്നും പ്രതി ആരോപിച്ചു. അഭിലാഷിനെ പാര്‍ട്ടിയിലേക്കു കൊണ്ടുവന്നതു സത്യനാഥനാണ്. പിന്നീട് ഇരുവരും തമ്മില്‍ പല അഭിപ്രായ വ്യത്യാസങ്ങളുമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അഭിലാഷിനെ പാര്‍ട്ടിയില്‍നിന്നു മാറ്റിനിര്‍ത്തിയത്. ഇപ്രകാരം മാറ്റിനിര്‍ത്തിയതു വലിയ വിഷമമുണ്ടാക്കിയെന്നാണ് അഭിലാഷ് പൊലീസിനു നല്‍കിയ മൊഴിയിലുള്ളത്.
സത്യനാഥന്റെ കൊലപാതകത്തിനു കാരണം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന വ്യക്തിവൈരാഗ്യമാണെന്നാണു റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. തന്നെ ഒതുക്കിയതും പാര്‍ട്ടിയില്‍നിന്നു പുറത്താക്കാനുള്ള കാരണവും സത്യനാഥനാണെന്ന് അഭിലാഷ് വിശ്വസിച്ചു. നേതാക്കള്‍ക്കു സംരക്ഷകനായിനിന്ന തനിക്കു മറ്റു പാര്‍ട്ടിക്കാരില്‍നിന്നു മര്‍ദ്ദനമേറ്റപ്പോള്‍ സത്യനാഥന്‍ കുറ്റപ്പെടുത്തി. അവഗണന സഹിക്കാന്‍ പറ്റാതായതോടെയാണു കൊലപ്പെടുത്തിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ക്ഷേത്രത്തില്‍ സത്യനാഥന്‍ ഇരിക്കുന്നതു കണ്ടപ്പോള്‍ മദ്യപിച്ച് കത്തിയുമായി പിന്നിലൂടെ വന്നു വായ പൊത്തിപ്പിച്ച് കഴുത്തിന്റെ ഇരുവശത്തും കുത്തിയിറക്കുകയായിരുന്നു. കൊല്ലണം എന്ന ഉദ്ദേശ്യത്തോടു കൂടി തന്നെയാണു കൃത്യം നടത്തിയത്. കഴകപുരയുടെ പിന്നിലൂടെ നടന്നു ക്ഷേത്രത്തിന്റെ പിന്‍വശത്തെ മതില്‍ ചാടി റോഡിലിറങ്ങി. കത്തി അടുത്ത പറമ്പിലേക്കു വലിച്ചെറിഞ്ഞു. സ്റ്റീല്‍ ടെക് റോഡ് വഴി കൊയിലാണ്ടിയിലെത്തി. രാത്രി 11 മണിയോടെ പൊലീസ് സ്റ്റേഷനില്‍ എത്തി. വരുന്ന വഴിയില്‍ 4 പേര്‍ തന്നെ കണ്ടതായി അഭിലാഷ് പൊലീസിനോടു പറഞ്ഞു.
കോവിഡിനുശേഷം ഒന്നര വര്‍ഷം ഗള്‍ഫിലായിരുന്നു. അവിടെ നിന്ന് വരുമ്പോള്‍ വാങ്ങിച്ച കത്തിയാണു കൊലപാതകത്തിന് ഉപയോഗിച്ചതെന്നും അഭിലാഷ് മൊഴി നല്‍കി. കൊലപാതകം നടത്താന്‍ ക്ഷേത്രം തെരഞ്ഞെടുത്തത് എന്തിനാണെന്ന ചോദ്യത്തിന് പെട്ടെന്ന് അങ്ങനെ തോന്നി, ചെയ്തു എന്നായിരുന്നു മറുപടി. തന്റെ വീടിന്റെ മുന്നിലൂടെ നിരന്തരം പോകുന്ന സത്യനാഥനെ നേരത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും മൊഴിയിലുണ്ട്. കൊയിലാണ്ടി കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ ഉടന്‍ സമര്‍പ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി പത്തിന് പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെയാണ് സത്യനാഥന്‍ (66) കൊല്ലപ്പെട്ടത്. അല്‍പസമയത്തിനകം അഭിലാഷ് കൊയിലാണ്ടി സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവുകളാണു മരണകാരണമെന്നാണു പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates