

പൊതു രംഗത്തു പ്രവര്‍ത്തിക്കുന്ന ഏതൊരാളെയും പോലെ നിലപാടുകളില്‍ തെറ്റുകള്‍ പറ്റിയിട്ടുള്ള ആള്‍ തന്നെയായിരുന്നു, വിഎസ് അച്യുതാനന്ദനും. അങ്ങനെയൊരു തെറ്റിന്റെ അനുഭവം വിവരിക്കുകയാണ്, ശാസ്ത്രജ്ഞനും ശാസ്ത്ര ലേഖകനുമായ രാജീവ് പട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ ഈ കുറിപ്പില്‍. ഇന്ത്യന്‍ ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി പദ്ധതിയെ വിഎസ് എതിര്‍ത്ത അനുഭവം ഓര്‍ത്തെടുത്തുകൊണ്ടാണ് കുറിപ്പ്. തെറ്റു പറ്റിയെങ്കില്‍ പോലും അത്തരമൊരു നിലപാടിലേക്ക് എത്തുന്നതിനു അടിസ്ഥാനമാക്കിയ ഉദ്ദേശ്യ ലക്ഷ്യത്തില്‍ വിഎസിന് ഒരിക്കലും തെറ്റു പറ്റിയില്ലെന്നും ഡോ. രാജീവ് പട്ടത്തില്‍ എഴുതുന്നു.
കുറിപ്പു വായിക്കാം:
'രാജീവ്, വാട്ട് ഈസ് ദ ഡീല്‍ വിത്ത് ദിസ് മിസ്റ്റര്‍ അച്യുതാനന്ദന്‍? വൈ ഈസ് ഹി ക്രിയേറ്റിങ് സോ മെനി പ്രോബ്ലംസ് ഫോര്‍ ദിസ് പ്രോജക്റ്റ്? ഹു ഈസ് അഡ്വൈസിങ് ഹിം?'
രാജാജി എന്ന് എല്ലാവരും സ്‌നേഹബഹുമാനങ്ങളോടെ വിളിച്ചിരുന്ന പ്രൊഫസര്‍ രാജശേഖരനായിരുന്നു. ഇന്ത്യയിലെ തിയററ്റിക്കല്‍ പാര്‍ട്ടിക്കിള്‍ ഫിസിക്‌സിന്റെ കുലഗുരു. ഏതാണ്ട് പത്തു വര്‍ഷം മുമ്പ് ബാംഗ്ലൂരിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സില്‍ ഞങ്ങള്‍ സംഘടിപ്പിച്ച ഒരു ഇന്തോ-യുകെ വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കവേ ഡോ. കസ്തൂരി രംഗനും ടിഐഎഫ് ആറിലെ ചില ശാസ്ത്രജ്ഞരും ഒക്കെക്കൂടി ഇന്ത്യയിലെ മെഗാ സയന്‍സ് പ്രോജക്ടുകളെക്കുറിച്ച് നടത്തിയ ഒരു ഇന്‍ഫോര്‍മല്‍ ഡിസ്‌കഷനായിരുന്നു അത്.
ഇന്ത്യന്‍ ന്യൂട്രിനോ ഒബ്സര്‍വേറ്ററി എന്ന, ഇന്ത്യയെ ലോകസയന്‍സ് ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ പോന്ന പ്രൊജക്റ്റിന്റെ ജീവാത്മാവും പരമാത്മാവുമായിരുന്നു രാജാജി. അബദ്ധജടിലമായ പ്രചാരണങ്ങളില്‍പ്പെട്ട് ഇതിന്റെ നിര്‍മ്മാണം വൈകുന്നതില്‍ വളരെ അസ്വസ്ഥനായിരുന്നു അദ്ദേഹം.
ഒന്നിനോടും കാര്യമായി റിയാക്റ്റ് ചെയ്യാത്ത, അതുകൊണ്ടുതന്നെ ഡിറ്റക്റ്റ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള കണങ്ങളാണ് ന്യൂട്രിനോകള്‍. ഒരു സെക്കന്റില്‍ നൂറു ട്രില്യണ്‍ ന്യൂട്രിനോകളാണ് നമ്മുടെ ശരീരത്തില്‍ക്കൂടി കടന്നു പോവുന്നത്. അവയെ ഡിറ്റക്റ്റ് ചെയ്യാനുള്ള ഉപകരണങ്ങള്‍ ഭൂമിക്കടിയിലാണ് സാധാരണ സ്ഥാപിക്കുക. മലകളുടെ അടിയിലായാല്‍ കൂടുതല്‍ എളുപ്പം. ഭൂമദ്ധ്യരേഖയോട് അടുത്തുകിടക്കുന്ന പ്രദേശമായാല്‍ വളരെ നന്നായി. എല്ലാം കൊണ്ടും ഉചിതമായ സ്ഥലം പശ്ചിമഘട്ടനിരകള്‍ക്കടുത്ത് തേനിയിലായിരുന്നു. നിര്‍മ്മിച്ചിരുന്നെങ്കില്‍ ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച മെഗാ സയന്‍സ് ലാബുകളില്‍ ഒന്നായിരുന്നേനെ അത്.
പക്ഷേ നാട്ടിലെ പരിസ്ഥിതി തീവ്രവാദത്തിന്റെ ഇരയാവാനായിരുന്നു അതിന്റെ വിധി. ന്യൂട്രിനോകളേയും ന്യൂട്രോണുകളേയും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത 'ശാസ്ത്രലേഖക'രെഴുതിയ വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നു. പൊടിപ്പും തൊങ്ങലും പിടിപ്പിച്ച പല പല കഥകളും വന്നു. ന്യൂട്രിനോകളെ നിരീക്ഷിക്കാനുള്ള ഇത്തരമൊരു ലാബുണ്ടാക്കിയാല്‍ ചെര്‍ണോബില്‍ ദുരന്തം പോലൊന്ന് ഉണ്ടായേക്കാമെന്നു വരെ ന്യൂസ് ബൈറ്റുകള്‍ വന്നു. ഒരൊറ്റ ന്യൂട്രിനോയെപ്പോലും തമിഴ്നാടിന്റെ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിപ്പിക്കില്ലെന്ന് വൈക്കോ ശപഥം ചെയ്തു.
കേരളത്തില്‍ ഇതിനെതിരെ നിലകൊണ്ടത് വി.എസ്. ആയിരുന്നു.
അതായിരുന്നു രാജാജിയുടെ ചോദ്യത്തിന്റെ കണ്ടക്സ്റ്റ്.
'രാജാജി, ഹു എവര്‍ ഈസ് അഡൈ്വസിങ് ഹിം ഈസ് ഐദര്‍ ഇഗ്‌നോറന്റ് ഓര്‍ എ ഫ്രോഡ്. വെരി ലൈക്ലി ബോത്ത്'. ഞാന്‍ മറുപടി പറഞ്ഞു. അതെ, ഇതില്‍ വിഎസ്സിനെയല്ല, അദ്ദേഹത്തെ പ്രേരിപ്പിച്ചവരേയും അതിവൈകാരികത സൃഷ്ടിച്ച് ജനങ്ങളെ ഇളക്കി വിട്ടവരേയുമാണ് പ്രതിസ്ഥാനത്ത് നിര്‍ത്തേണ്ടത്.
കൂട്ടത്തില്‍ ഇതുകൂടി പറഞ്ഞു:
'വിഎസ് ഈസ് എ ബോണ്‍ സോള്‍ജ്യര്‍. ഹി ഹാസ് ആള്‍വേയ്‌സ് ഫോട്ട് ഫോര്‍ ദ ബെറ്റെര്‍മെന്റ് ഓഫ് കോമണ്‍ പീപ്പിള്‍. ഹി മൈറ്റ് ബി റോങ്; ബട്ട്, ലൈക് പേരന്റ്‌സ്, ഹിസ് ഇന്റന്‍ഷന്‍സ് ആര്‍ നെവര്‍ റോങ്'.
കസ്തൂരിരംഗന്‍ തലയാട്ടി.
അതെ, തെറ്റുകള്‍ പറ്റിയിട്ടുണ്ടാകാം - ഉണ്ടാകാമെന്നല്ല; ഉണ്ട്. പക്ഷേ അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനങ്ങളുടെ ഉദ്ദേശശുദ്ധി കുറ്റമറ്റതായിരുന്നു എന്നുതന്നെയാണ് എനിക്ക് തോന്നുന്നത്.
ഇങ്ങനെ ഉറപ്പിച്ചു പറയാന്‍ സാധിക്കുന്ന ജനനായകര്‍ ഇല്ലാതായി വരുന്നതാണ് ശരിക്കുമുള്ള ദുര്യോഗം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates